ADVERTISEMENT

കൊച്ചി ∙ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കൊച്ചിയിൽ പ്രഥമ പരിഗണന കാക്കനാടു വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിനായിരിക്കുമെന്നു തൃക്കാക്കര എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ പി.ടി.തോമസ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാലാരിവട്ടത്തുനിന്ന് കടവന്ത്രയിലേയ്ക്കു മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.

മെട്ര‌ോ നിർമാണം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വേഗത്തിലായിരുന്നെങ്കിൽ കാക്കനാട്ടേയ്ക്കുള്ള മെട്രോ ഓടി തുടങ്ങുമായിരുന്നു. രണ്ടാംഘട്ടം കൂടി യാഥാർഥ്യമാകുന്നതോടെ നഗരത്തിന്റെ മുഖഛായ മാറും. കാക്കനാട് ഇൻഫോ പാർക്കിൽ മെട്രോ എത്തുന്നതോടെ ഐടി വികസനത്തിൽ വലിയ കുതിച്ചു ചാട്ടമുണ്ടാവും.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ മെട്രോ പൂർണമായും കമ്മിഷൻ ചെയ്യുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. കാക്കനാട്ടേയ്ക്കു മെട്രോ നീട്ടുന്നതിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി എങ്ങുമെത്തിയിട്ടില്ല. പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്ന രീതി മാറണം. അതിനായി വ്യക്തമായ മാസ്റ്റർ പ്ലാൻ യുഡിഎഫ് തയാറാക്കിയിട്ടുണ്ട്. മെട്രോയുടെ രണ്ടാംഘട്ടം പൂർണമാവുന്നതോടെ തൃക്കാക്കര മണ്ഡലത്തിന്റെ മുഖം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ജേക്കബിനോട് പരാതികളുമായി വോട്ടർമാർ

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജെ.ജേക്കബിന്റെ തിര‍ഞ്ഞെടുപ്പു പ്രചാരണത്തിനിടെ പരാതി പ്രവാഹമാണ് നേരിടേണ്ടി വന്നത്. മണ്ഡലത്തിലെ കടവന്ത്ര, എളംകുളം മേഖലകളിലായിരുന്നു ആദ്യ പര്യടനം. ഓരുവെള്ളം കയറി ജലസ്രോതസ്സുകളില്‍ ഉപ്പുവെള്ളം കലരുന്നെന്ന പരാതിയുമായെത്തിയത് പൊട്ടനങ്കേരി പ്രദേശത്തെ ജനങ്ങളായിരുന്നു.

j-jacob-cpm
ജെ.ജേക്കബ് പ്രചാരണത്തിനിടെ

പൊട്ടനങ്കേരി പങ്കം പാലം വലിയ വാഹനങ്ങള്‍ക്കും കടന്നുപോകുംവിധം  സഞ്ചാരയോഗ്യമാക്കണമെന്ന അഭ്യർഥനയും ഉണ്ടായി. ചെലവന്നൂര്‍ എത്തിയപ്പോള്‍, പേരണ്ടൂര്‍ കനാല്‍ മാലിന്യമുക്തമാക്കണമെന്നും പൊന്നേത്ത് ചാല്‍ ആഴം കൂട്ടി വൃത്തിയാക്കണമെന്നും കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടലുണ്ടാവണമെന്നും ആവശ്യപ്പെട്ടു. വിജയിപ്പിച്ചാൽ അടിയന്തരമായ ശ്രദ്ധ ഈ വിഷയങ്ങളിൽ ഉണ്ടാകുമെന്നായിരുന്നു ജേക്കബിന്റെ മറുപടി.

English Summary: PT Thomas MLA on Metro Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com