ADVERTISEMENT

കോഴിക്കോട്∙ കൊടുവള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന എല്‍ഡിഎഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച് യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളി നഗരസഭ രംഗത്തുവന്നതോടെ റിട്ടേര്‍ണിങ് ഓഫീസറുടെ അനുമതിയോടെ യോഗം സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗത്തിന് അനുമതി നല്‍കാനാകില്ലെന്ന് നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചതോടെയാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച യോഗത്തിന് അനുമതി കുരുക്കില്‍പ്പെട്ടത്.

കൊടുവള്ളി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡില്‍ പൊതുപരിപാടികള്‍ നടത്തുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ച നിർദേശങ്ങൾ നിലവില്‍ ഇല്ലാത്തതിനാലും വാഹന ഗതാഗതം തടസ്സപ്പെടുന്നതിനാലും സ്ഥലം അനുവദിക്കുന്നതിന് അനുമതി നല്‍കാന്‍ നിര്‍വാഹമില്ലെന്ന മറുപടിയാണ് നഗരസഭാ സെക്രട്ടറി എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി കണ്‍വീനര്‍ കെ. ബാബു നല്‍കിയ അപേക്ഷയ്ക്ക് മറുപടി നല്‍കിയത്.

നഗരസഭ അനുമതി നിഷേധിച്ചതോടെ, ജില്ലാ വരണാധികാരിയെ ബന്ധപ്പെടുകയും ഉച്ചയോടെ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് റിട്ടേണിങ് ഓഫിസര്‍ പൊതുയോഗത്തിന് അനുമതി നല്‍കിയെന്നും കെ. ബാബു അറിയിച്ചു. പൊതുയോഗത്തിന് അനുമതി തേടാന്‍ ഓണ്‍ൈലനില്‍ പ്രത്യേക ഫോമില്‍ അപേക്ഷ നല്‍കാനുള്ള സംവിധാനമുണ്ടെന്നും ഇതിലൂടെ ലഭിച്ച അപേക്ഷ സ്വീകരിച്ചാണ് അനുമതി നല്‍കിയതെന്നും കൊടുവള്ളി നിയോജക മണ്ഡലം റിട്ടേണിങ് ഓഫിസറായ ജി.എസ് രജത്ത് പറഞ്ഞു. പൊലീസിന്റെ മൈക്ക് പെര്‍മിഷന്‍ അനുമതികൂടി ലഭ്യമായതിനെത്തുടര്‍ന്നാണ് പരിപാടിക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.

ബസ് സ്റ്റാന്‍ഡ് കയ്യേറിയാണ് യോഗത്തിനുള്ള സ്റ്റേജ് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ കൗണ്‍സിലറായ എ.പി. മജീദ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയിരുന്നു. നഗരസഭ അനുമതി നിഷേധിച്ച പൊതുയോഗത്തിന് എങ്ങനെയാണ് അനുമതി നല്‍കിയതെന്നും ഇക്കാര്യത്തില്‍ പൊലീസിന്റെ തുടര്‍നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്നും എ.പി. മജീദ് അറിയിച്ചു. സംഭവങ്ങളെത്തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പൊതുയോഗം വൈകീട്ട് സംഘടിപ്പിക്കപ്പെട്ടത്.

Content Highlights: CM Pinarayi Vijayan's election campaigning at Koduvally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com