ADVERTISEMENT

ന്യൂഡല്‍ഹി∙ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന പേരില്‍ രാജ്യത്ത് മൂന്ന് കോടിയോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അതീവഗുരുതരമായ വിഷയമാണെന്ന് സുപ്രീംകോടതി. വിഷയത്തില്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി. റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മകള്‍ പട്ടിണി കിടന്നു മരിച്ചെന്നു ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് സ്വദേശി കൊയ്‌ലി ദേവി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടിസ് അയച്ചത്. കേസ് അന്തിമവിചാരണയ്ക്കായി മാറ്റിവച്ചു. 

കേന്ദ്രസര്‍ക്കാര്‍ മൂന്നുകോടിയോളം റേഷന്‍ കാര്‍ഡുകര്‍ റദ്ദാക്കിയതായി കൊയ്‌ലി ദേവിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് കോടതിയെ അറിയിച്ചു. എന്നാല്‍ ഇതു തെറ്റാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി പറഞ്ഞു. അതേസമയം ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്രം നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയം റേഷന്‍ കാര്‍ഡ് റദ്ദാക്കിയതിന്റെയും പട്ടിണി മരണത്തിന്റെയും ആണെന്ന് കോളിന്‍ ഗൊണ്‍സാല്‍വസ് പറഞ്ഞു. 

എന്നാല്‍ പട്ടിണി മൂലമല്ല മരണങ്ങള്‍ സംഭവിക്കുന്നതെന്നും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ഭക്ഷണം നിഷേധിച്ചിട്ടില്ലെന്നും കേന്ദ്രം കോടതിയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. 2018 ഡിസംബറില്‍ ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയില്‍ തന്റെ 11 വയസുകാരിയായ മകള്‍ സന്തോഷി പട്ടിണി മൂലം മരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് കൊയ്‌ലി ദേവി പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ അധികൃതര്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതോടെ 2017 മാര്‍ച്ച് മുതല്‍ റേഷന്‍ ലഭിച്ചില്ലെന്നും പട്ടിണി കിടന്ന് തന്റെ മകള്‍ മരിക്കുകയായിരുന്നുവെന്നും കൊയ്‌ലി ദേവിയുടെ ഹര്‍ജിയില്‍ പറയുന്നു. മരണ ദിവസം പോലും ഉപ്പിട്ട ചായ മാത്രമാണ് മകള്‍ക്കു നല്‍കാന്‍ കഴിഞ്ഞതെന്നും അതു മാത്രമാണ് അടുക്കളയില്‍ ഉണ്ടായിരുന്നതെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. രാത്രി മകള്‍ പട്ടിണി മൂലം മരിച്ചുവെന്നാണ് കൊയ്‌ലി ദേവി ആരോപിക്കുന്നത്.

English Summary: Cancelling 3 Crore Ration Cards for Not Linking With Aadhaar 'Too Serious', Says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com