ADVERTISEMENT

തിരുവനന്തപുരം∙ അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്കു തൊഴിൽ നൽകുന്നത് മുഖ്യനിർദേശമായി അവതരിപ്പിക്കുന്ന എൽഡിഎഫിന്റെ പ്രകടന പത്രികയിൽ ദാരിദ്ര്യനിർമാർജനത്തിനും ക്ഷേമപദ്ധതികൾക്കും ഊന്നൽ നൽകുന്നു. 15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കുമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. കാർഷിക മേഖലയിൽ 5 ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും ഉപജീവന തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. 

വായ്പയുടെ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന സ്വയം തൊഴിൽ സ്ഥാപനങ്ങളിലായിരിക്കും ഭൂരിപക്ഷം പേരും ജോലി ചെയ്യുക. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും വർഷത്തിൽ 1000 പേർക്ക് അഞ്ചുവീതം തൊഴിവസരങ്ങൾ സൃഷ്ടിക്കും. പുതുതായി കമ്പനികളിൽ നിയമിക്കപ്പെടുന്ന യുവജനങ്ങൾക്കു 2000 രൂപ അലവൻസായി നൽകും. 15,000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. പരമദരിദ്രരായ കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയാറാക്കി ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാൻ ഉണ്ടാക്കും.

ആഴക്കടൽ മത്സ്യബന്ധന വിവാദത്തെത്തുടർന്ന് ആ വിഷയത്തിലുള്ള നിലപാടും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നുണ്ട്. കടൽ കടലിന്റെ മക്കൾക്കുള്ളതാണെന്നും കോർപറേറ്റ് ട്രോളറുകൾക്കു കേരളത്തിലെ ഹാര്‍ബറുകളിൽനിന്ന് ഓപ്പറേറ്റു ചെയ്യാനുള്ള അനുവാദം നിയമപരമായി നിഷേധിക്കുമെന്നും പത്രികയിൽ പറയുന്നു. മുഴുവന്‍ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ചുവർഷത്തിനകം പാർപ്പിടം ലഭ്യമാക്കും. അങ്കണവാടി, ആശാവർക്കർ‌, റിസോഴ്സ് അധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീ–പ്രൈമറി അധ്യാപകർ, എൻഎച്ച്എം ജീവനക്കാർ, സ്കൂൾ കൗൺസിലർമാർ തുടങ്ങിയവരുടെ ആനുകൂല്യങ്ങൾ ഉയർത്തും. മിനിമം വേതനം 700 രൂപയാക്കും.

സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തിൽ സ്പെഷൽ റൂളുകൾക്കു രൂപം നൽകി ഒഴിവുകൾ പിഎസ്‌സിക്കു വിടുമെന്നു പത്രികയിൽ പറയുന്നു. ഒഴിവുകൾ പൂർണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യും. പിഎസ്‌സി പരീക്ഷ, മൂല്യനിർണയം, നിയമനം എന്നിവ നടത്തുവാൻ ഓട്ടോമേറ്റഡ് സംവിധാനം സൃഷ്ടിക്കും. ഏറ്റവും കുറഞ്ഞ മനുഷ്യ ഇടപെടലോടെ ചോദ്യപേപ്പറുകൾ തയാറാക്കും. പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കും.

English Summary: LDF releases election manifesto for Kerala Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com