ADVERTISEMENT

ന്യൂഡൽഹി∙ റഷ്യയിൽനിന്ന് എസ്–400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിർത്ത് യുഎസ്. ജോ ബൈഡൻ ഭരണകൂടത്തിന് ഇക്കാര്യത്തിലുള്ള എതിർപ്പ് ഇന്ത്യയെ അറിയിക്കാൻ യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റ് ചെയർമാൻ ബോബ് മെനൻഡസ്, യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന് നിർദേശം നൽകി. മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ലോയിഡ് ഓസ്റ്റിൻ വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ഓസ്റ്റിൻ വെള്ളിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ തന്റെ ആശംസകൾ അറിയിക്കാൻ മോദി ഓസ്റ്റിനോട് പറഞ്ഞു. ആഗോളതലത്തിലെ നന്മയ്ക്കായി നയതന്ത്ര ബന്ധം തുടരുന്നതിന് ഇന്ത്യയും യുഎസും പ്രതിജ്ഞാബന്ധമാണെന്നും മോദി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ എന്നിവരുമായും ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തും. 

ജോ ബൈഡൻ അധികാരമേറ്റെടുത്തതിനുശേഷം യുഎസിൽനിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ് ഓസ്റ്റിൻ. വ്യോമ, നാവിക സേനകൾക്കായി യുഎസിൽനിന്ന് ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന സന്നദ്ധ‍ഡ്രോണുകൾ, 150ലധികം കോംബാറ്റ് ജെറ്റുകൾ എന്നിവയെക്കുറിച്ചു ഓസ്റ്റിനുമായി ചർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ചൈനയുമായുള്ള സംഘർഷം മൂർധന്യാവസ്ഥായിലായിരുന്നപ്പോഴാണ് യുഎസിൽനിന്ന് പ്രതിരോധ സാമഗ്രികൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.

എന്നാൽ റഷ്യയുമായുള്ള കരാറു നീക്കത്തെ യുഎസ് എതിർക്കും. സമാന പ്രതിരോധ സാമഗ്രികൾ വാങ്ങിയതിന് തുർക്കിക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.‌ ‘എസ്– 400 വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാൻ ഇന്ത്യ തീരുമാനിക്കുകയാണെങ്കിൽ, കാറ്റ്സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാങ്ഷൻസ് ആക്ട്) നിയമത്തിന്റെ 231 വകുപ്പുപ്രകാരം ഉപരോധം ഏർപ്പെടുത്തേണ്ട നീക്കമാകും അത്.’– ബോബ് മെനൻഡെസ് ലോയിഡ് ഓസ്റ്റിനു നൽകിയ കത്തിൽ പറയുന്നു.

തന്ത്രപ്രധാനമായ സൈനിക സാങ്കേതികവിദ്യയുടെ വികസനത്തിനും സംഭരണത്തിനുമായി യുഎസുമായി ചേർന്നുപ്രവർത്തിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് ഇതിന് തടസമാകുമെന്നും ഇന്ത്യയിലെ പ്രതിനിധികളുമായുള്ള ചർച്ചയിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓസ്റ്റിനുള്ള കത്തിൽ പറയുന്നു.

ലോയിഡ് സന്ദർശനവേളയിൽ ഒരുതരത്തിലുള്ള ഇടപാടുകളും സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്നും പ്രാദേശിക, രാജ്യാന്തര സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചായിരിക്കും ചർച്ചയെന്നും ഇന്ത്യയിലെ പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. യുഎസ്, ഇന്ത്യ, ഓസ്ട്രേലിയൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മായ ‘ക്വാഡ്’ കഴിഞ്ഞ ആഴ്ച ആദ്യ ഉച്ചകോടി ചേർന്നിരുന്നു. ഇന്തോ– പസിഫിക് മേഖലയിൽ ചൈനയ്ക്കെ‍‌തിരെ ഒരുമിച്ചു പ്രവർത്തിക്കാൻ ഉച്ചകോടിയിൽ തീരുമാനമായിരുന്നു.

English Summary: Tell India S-400 Deal Sanctionable: Senator To US Secretary Of Defense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com