ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ കോലീബി (കോൺഗ്രസ്–ലീഗ്–ബിജെപി) ധാരണ ഉണ്ടായിരുന്നത് സത്യമായതിനാലാണ് ഒ.രാജഗോപാൽ അത് തുറന്നു പറഞ്ഞതെന്നു ബിജെപിയുടെ മുതിർന്ന നേതാവ് പി.പി.മുകുന്ദന്‍. അതൊരു തിരഞ്ഞെടുപ്പ് സഖ്യമായിരുന്നില്ല, പരസ്യമായ ധാരണയായിരുന്നു. ബിജെപിയുടെ നിരവധി പ്രവർത്തകർ മാർക്സിസ്റ്റ് അക്രമത്തിൽ മരിക്കുന്ന സമയമായിരുന്നു. അസംബ്ലിയിൽ ബിജെപിക്കായി പറയാൻ ആരുമില്ല. അങ്ങനെയാണ് കോലീബി എന്നു മാധ്യമങ്ങളെഴുതിയ ധാരണ ഉണ്ടാകുന്നത്. 

ചില മണ്ഡലങ്ങളിൽ ബിജെപിയെ സഹായിക്കുന്നതിനു പകരം മറ്റിടങ്ങളിൽ കോണ്‍ഗ്രസിനെയും ലീഗിനെയും സഹായിക്കാം എന്നായിരുന്നു ധാരണ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു ധാരണ. ബിജെപിക്കു വിജയിക്കാനായില്ലെങ്കിലും വോട്ട് ഷെയർ കൂടി. പിന്നീട് അത്തരമൊരു ധാരണയിലേക്കു പാർട്ടി പോയിട്ടില്ല. സിപിഎമ്മുമായി ഒരു ഘട്ടത്തിലും ബിജെപി ധാരണയിലെത്തിയിട്ടില്ല. സിപിഎം–ബിജെപി ഡീൽ ഉണ്ടെന്ന് ആർഎസ്എസ് മുഖപത്രത്തിന്റെ മുന്‍പത്രാധിപർ ആർ.ബാലശങ്കർ പറഞ്ഞത് അദ്ദേഹത്തിനു സാഹചര്യത്തെളിവുകൾ ലഭിച്ചതിനാലാകാമെന്നു മുകുന്ദന്‍ പറഞ്ഞു. ബാലശങ്കർ ആർഎസ്എസ് അല്ലെന്ന വാദത്തെ മുകുന്ദന്‍ തള്ളിക്കളഞ്ഞു.

കോലീബി സഖ്യമെന്ന ആരോപണം ഉയർന്ന 1991ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ഒ.രാജഗോപാലിനായിരുന്നു കേരളത്തിന്റെ  ചുമതല. കോലീബി സംഖ്യത്തെക്കുറിച്ച് പി.പി. മുകുന്ദൻ പ്രതികരിക്കുന്നു.

∙കോലീബി സഖ്യം ഉണ്ടായിരുന്നു എന്നാണ് ഒ.രാജഗോപാൽ പറയുന്നത് അതിൽ വാസ്തവമുണ്ടോ?

ഒ.രാജഗോപാൽ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും. അദ്ദേഹത്തിനായിരുന്നു അന്ന് കേരളത്തിന്‍റെ ചുമതല. കോലീബി സഖ്യമല്ലായിരുന്നു മറിച്ച് തിരഞ്ഞെടുപ്പ് കാലത്തെ ധാരണയായിരുന്നു. മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ കൺവീനറായിരുന്നു ഞാൻ. എൽഡിഎഫ് ഭരണത്തിലും യുഡിഎഫ് ഭരണത്തിലുമുണ്ടാകുന്ന അക്രമങ്ങളിൽ വ്യത്യാസമുണ്ട്. അതാണ് യുഡിഎഫുമായുള്ള ധാരണയിലേക്കു നയിച്ചത്. അതൊരു സ്ഥായിയായ ധാരണയായിരുന്നില്ല. കോൺഗ്രസും ലീഗും ഉൾപ്പെടുന്ന മുന്നണിയുമായിട്ടായിരുന്നു ധാരണ. പക്ഷേ ആരോ കോലീബി എന്നെഴുതി. സംഘർഷം കുറയും മരണം കുറയും എന്ന ചിന്തയിലായിരുന്നു അത്തരമൊരു ധാരണ. അത് എല്ലാപേർക്കും അറിയാമായിരുന്നു. അല്ലാതെ അറിയാതെ പറ്റിയതല്ല.

∙ എവിടെയൊക്കെയായിരുന്നു ധാരണ?

ബേപ്പൂരിലും വടകരയിലും മഞ്ചേശ്വരത്തും തിരുവനന്തപുരം ഈസ്റ്റിലുമെല്ലാം ധാരണയുണ്ടായിരുന്നു. എന്നാൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെതുടർന്ന് കോൺഗ്രസ് തരംഗമുണ്ടായി. ബിജെപി സ്ഥാനാർഥികൾ വിജയിച്ചില്ല.

∙ ധാരണ പൂർണമായി പരാജയപ്പെടുകയായിരുന്നോ?

ഇന്നത്തെ പോലെയല്ലല്ലോ അന്നത്തെ കാലത്ത്. ഒരാൾ പറഞ്ഞാലൊന്നും വോട്ടു ചെയ്യില്ല. വളന്റിയേഴ്സല്ല വോട്ടേഴ്സല്ലേ? മഞ്ചേശ്വരത്ത് ഒരു പഞ്ചായത്തിലെ ബിജെപി വോട്ടർമാർ എന്തോ വിശേഷ ദിവസമായതിനാൽ വോട്ടു ചെയ്യാൻ പോയില്ല. 1071 വോട്ടുകൾക്കാണ് മാരാർജി പരാജയപ്പെട്ടത്. അല്ലെങ്കിൽ ബിജെപി സ്ഥാനാർഥി ജയിക്കുമായിരുന്നു. എത്ര വർഷങ്ങൾക്കു മുൻപാണെന്ന് ഓർക്കണം. ബിജെപിയുടെ വോട്ട് ആ തിരഞ്ഞെടുപ്പിൽ കാര്യമായി വർധിച്ചു. കോൺഗ്രസും ലീഗും ബിജെപിക്കു വോട്ടു ചെയ്തില്ല എന്ന് ആരോപണത്തിനായി വേണമെങ്കിൽ പറയാം. 

∙ പിന്നീട് അങ്ങനെ ഒരു ധാരണ രഹസ്യമായോ പരസ്യമായോ ഉണ്ടായിട്ടുണ്ടോ?

ഉണ്ടായിട്ടില്ല. പിന്നീട് ബിജെപിക്കു സ്വാഭാവിക വളർച്ചയുണ്ടായി. ഇപ്പോൾ കോൺഗ്രസുകാർ പറയുന്നത് സിപിഎം–ബിജെപി സഖ്യമെന്നാണ്. സിപിഎമ്മുകാർ കോൺഗ്രസ്–ബിജെപി സഖ്യമുണ്ടെന്നു പറയുന്നു. രണ്ടു മുന്നണികളുടെയും നടുവിൽ ബിജെപിയുണ്ട്. മഞ്ചേശ്വരത്തും തിരുവനന്തപുരത്തും പാലക്കാടും തദ്ദേശ സ്ഥാപനങ്ങൾ ബിജെപിക്കു ലഭിച്ചു. അങ്ങനെ സ്വാഭാവിക വളർച്ച പാർട്ടിക്കുണ്ടായി. അപ്പോൾ പിന്നെ മറ്റൊരു ധാരണയെക്കുറിച്ച് ആലോചിച്ചില്ല. 

∙ ആരായിരുന്നു കോലീബി ധാരണയ്ക്കു നേതൃത്വം നൽകിയത്? 

ചർച്ചയിൽ പങ്കെടുത്തവരിൽ ഞാൻ മാത്രമല്ല നേതാക്കളെല്ലാം ഉണ്ടായിരുന്നു. നേതൃത്വം നൽകിയത് ഇന്ന വ്യക്തി എന്നു പറയാൻ കഴിയില്ല. നേതൃത്വം കൂട്ടായി ആലോചിക്കുകയായിരുന്നു. സിപിഎം സംഘർഷത്തിൽനിന്നു രക്ഷനേടാനായിരുന്നു ആലോചനകൾ. അങ്ങനെ രൂപം കൊണ്ട ധാരണയായിരുന്നു. ഇപ്പോൾ കോൺഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ ബംഗാളിൽ സഖ്യമുണ്ടാക്കുന്നില്ലേ. അതുപോലെയൊരു ധാരണ. ബിജെപിയുടെ ആദ്യ സംഘടനാ സെക്രട്ടറിയായത് ഞാനാണ്. ആർഎസ്എസിൽനിന്നാണ് ഞാനെത്തിയത്. ഞാൻ വന്നപ്പോഴാണ് ഈ സംഭവം നടന്നതെന്നതിനാൽ എന്റെ തലയിൽ കെട്ടിവച്ചു.

∙ കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയായിരുന്നോ ധാരണ?

അറിവുണ്ടായിരുന്നു. അന്ന് ഗോവിന്ദാചാര്യക്കായിരുന്നു കേന്ദ്ര ചുമതല. ആളുകൾ മരിക്കുന്നതിൽനിന്നു രക്ഷപ്പെടണം എന്നതായിരുന്നു ലക്ഷ്യം.

∙ പിന്നീട് ബിജെപി വോട്ടു കച്ചവടം നടത്തിയിട്ടുണ്ടോ? അങ്ങനെ ആരോപണം ഉണ്ട്?

അത് തോൽക്കുന്ന സമയത്തുണ്ടാകുന്ന ആരോപണമാണ്. 1991ൽ ജില്ലാ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. എന്നാൽ, നിയമസഭയിൽ പരാജയപ്പെട്ടു. അപ്പോൾ എൽഡിഎഫ് വോട്ടുകൾ എവിടെപോയി? മൂന്നുതരം വോട്ടുകളുണ്ട്. പാർട്ടി വോട്ടുകൾ, അനുഭാവികളുടെ വോട്ടുകൾ, നിക്ഷ്പക്ഷമായി ചിന്തിക്കുന്നവരുടെ വോട്ട്. ഉറച്ച വോട്ടല്ലാതെയുള്ള നിഷ്പക്ഷവോട്ടുകൾ സാഹചര്യത്തിനനുസരിച്ചു മാറും.

∙ എൽഡിഎഫുമായി എപ്പോഴെങ്കിലും ധാരണയുണ്ടാക്കിയിട്ടുണ്ടോ?

ഒരിക്കലുമില്ല

∙ ആർഎസ്എസ് മുഖപത്രത്തിന്‍റെ മുൻ പത്രാധിപർ പറയുന്നത് സിപിഎം – ബിജെപി ഡീൽ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടെന്നാണ്?

അയാൾ പറഞ്ഞത് പഠനത്തിന്റെയും സാഹചര്യത്തെളിവിന്റെയും അടിസ്ഥാനത്തിലായിരിക്കും. അതിനെക്കുറിച്ചു തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടെങ്കിലും അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തണം. ഇപ്പോൾ ആളുകൾ തെറ്റിദ്ധാരണയിലാണ്. ആറൻമുളയിൽ കുമ്മനം നിന്നപ്പോൾ നല്ല വോട്ടുകിട്ടിയതാണ്. അവിടെ ദുർബലനെ നിർത്തുന്നതെന്തിനെന്നാണ് അയാളുടെ പ്രസക്തമായ ചോദ്യം. അതിനു സാഹചര്യ തെളിവുമുണ്ട്. നല്ല സ്ഥാനാർഥികൾ ബിജെപിക്കു പലയിടത്തും ഉണ്ടായില്ല. അതത് സ്ഥലത്ത് മെച്ചപ്പെട്ട സ്ഥാനാർഥികൾ ഉണ്ടാകുന്നില്ല എന്നത് പോരായ്മയാണ്. പിന്നെ, ആർ.ബാലശങ്കർ ആർഎസ്എസുകാരനല്ലെന്ന ആരോപണം ശരിയല്ല.

English Summary: PP Mukundan on Congress, League, BJP Alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com