ADVERTISEMENT

കോട്ടയം ∙ കോൺഗ്രസിന്റെ ‘നേമം ചാലഞ്ച്’ വിഷയത്തിൽ അടുത്തിടെ ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞുനിന്ന മണ്ഡലമാണ് പുതുപ്പള്ളി. പുതുപ്പള്ളി കൈവിടാൻ പ്രയാസമുള്ളപ്പോൾത്തന്നെ, സംസ്ഥാനതലത്തിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിജയ സാധ്യത വർധിപ്പിക്കാൻ ഉതകുന്ന വെല്ലുവിളിയെന്ന നിലയിൽ ‘നേമം ചാലഞ്ച്’ ഏറ്റെടുക്കാമെന്ന തീരുമാനം പുതുപ്പള്ളിയിലെ അണികളെയും കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളെയും നേരിട്ടുകണ്ട് ബോധ്യപ്പെടുത്തിയ ശേഷം പ്രഖ്യാപിക്കാനാണ് ഉമ്മൻചാണ്ടി ഡൽഹിയിൽനിന്നു പുതുപ്പള്ളിയിലെത്തിയത്. എന്നാൽ അവരുടെ കനത്ത എതിർപ്പിനെ തുടർന്ന്, പുതുപ്പള്ളിയിൽത്തന്നെയാണ് താൻ മത്സരിക്കുകയെന്ന് ഒടുവിൽ അദ്ദേഹത്തിനു പ്രഖ്യാപിക്കേണ്ടിവന്നു. ഇതോടെയാണ് സസ്പൻസ് അവസാനിച്ച് പുതുപ്പള്ളി മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞത്.

യുഡിഎഫിനായി ഉമ്മൻ ചാണ്ടി വീണ്ടും ജനവിധി തേടുമ്പോൾ സിപിഎമ്മിലെ ജെയ്ക് സി.തോമസാണ് എൽഡിഎഫിനായി രംഗത്തുള്ളത്. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എൻ. ഹരിയാണ് എൻഡിഎ സ്ഥാനാർഥി.

1970 ൽ പുതുപ്പള്ളിയുടെ രാഷ്ട്രീയ പരിശീലനക്കളരിലെ കന്നി പോരാട്ടത്തിൽ, മുമ്പ് രണ്ടു തവണ ജയിച്ചിട്ടുള്ള സിപിഎമ്മിലെ സിറ്റിങ് എംഎൽഎ ഇ.എം. ജോർജിനെ 7,288 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ഉമ്മൻ ചാണ്ടി ആരംഭിച്ച വിജയ ജൈത്രയാത്ര 12 ാം പോരാട്ടത്തിൽ എത്തിനിൽക്കുകയാണ്. പിന്നീട് 1987 ൽ സിപിഎമ്മിലെ വി.എൻ. വാസവനെതിരെ മാത്രമാണ് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയായത്. ആ തിരഞ്ഞെടുപ്പിൽ 9,164 വോട്ടായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി ജയിച്ചത്.

എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് രണ്ടാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ 2016 ൽ ഉമ്മൻ ചാണ്ടിക്ക് എതിരെ മത്സരിച്ചു പരാജയപ്പെട്ടു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 33,255 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന ഉമ്മൻ ചാണ്ടിയുമായുള്ള വോട്ടുവ്യത്യാസം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 27,092 ആയി കുറയ്ക്കാൻ സാധിച്ചുവെന്നതാണ് എൽഡിഎഫിനു പ്രതീക്ഷ നൽകുന്ന ഒരു ഘടകം. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പുതുപ്പള്ളി, പാമ്പാടി, മണർകാട്, കൂരോപ്പട, അകലക്കുന്നം, വാകത്താനം പഞ്ചായത്തുകളിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനാണു ഭരണം ലഭിച്ചത് എന്നതും എൽഡിഎഫ് അനുകൂല ഘടകമായി വിലയിരുത്തുന്നു.

മണ്ഡലത്തിലെ പ്രകടനം മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ 15,993 വോട്ടുകളാണ് നേടിയത്. 2 തവണ പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായിരുന്ന എൻഡിഎ സ്ഥാനാർഥി എൻ. ഹരി, 2006 ൽ വാഴൂരിലും 2016, 2019 വർഷങ്ങളിൽ പാലായിലും നിയമസഭയിലേക്കു മത്സരിച്ചു.

പുതുപ്പള്ളിയി‍ൽനിന്ന് 1970 മുതൽ തുടർച്ചയായി 11 തവണ എംഎൽഎയായ ഉമ്മൻ ചാണ്ടി നിയമസഭയിൽ 50 വർഷം പിന്നിട്ടു കഴിഞ്ഞു. കെ.എം.മാണി കഴിഞ്ഞാൽ ഒരു മണ്ഡലത്തെ ഏറ്റവും അധികം പ്രതിനിധീകരിച്ചയാളും ഉമ്മൻ ചാണ്ടിയാണ്. കെ.എം.മാണിയുടെ റെക്കോർഡ് ഉമ്മൻ ചാണ്ടി മറികടക്കുമോ എന്നു ചോദ്യത്തിനു കൂടിയാണ് ഇത്തവണ പുതുപ്പള്ളിയുടെ വിധിയെഴുത്ത് ഉത്തരം നൽകുക.

English Summary: Kerala Assembly Election 2021 - Puthuppally Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com