ADVERTISEMENT

ജോർഹട്ട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിൽ പ്രളയത്തിൽ അകപ്പെട്ട ജനങ്ങളേക്കാൾ മോദിക്ക് ആശങ്ക 22 വയസ്സുള്ള പെൺകുട്ടി ചെയ്തൊരു ട്വീറ്റിലാണെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. അസമിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന. 

‘ഞാൻ ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രദ്ധിക്കുകയായിരുന്നു. അദ്ദേഹം ഒരു വികസനത്തെ കുറിച്ചോർ‌ത്ത് വളരെയധികം ദുഃഖിതനാണെന്നു പറഞ്ഞു. ഞാൻ കരുതി അദ്ദേഹം അസമിന്റെ വികസത്തെ കുറിച്ചോ ബിജെപി അസമിൽ പ്രവർത്തിച്ചതിനെ കുറിച്ചോ ആണ് പറയുന്നതെന്ന്. 

എന്നാൽ പ്രധാനമന്ത്രി പറയുന്നത് 22 വയസ്സുള്ള ഒരു പെൺകുട്ടി(ദിശ രവി)യുടെ ട്വീറ്റിനെ കുറിച്ചാണെന്ന് കേട്ട് ഞാൻ ഞെട്ടി. അസമിലെ തേയില വ്യവസായം ഇല്ലാതാക്കാൻ കേൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് തെറ്റായ ചിത്രങ്ങൾ കോണ്‍ഗ്രസ് സമൂഹമാധ്യമത്തിൽ ഇട്ടതിനെ കുറിച്ചും അദ്ദേഹം വ്യാകുലവാനായിരുന്നു. ’– പ്രിയങ്ക ഗാന്ധി പറഞ്ഞു. 

അസമിലെ ചൗബയിൽ ഇന്നലെ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂൾകിറ്റ് വിഷയത്തെ കുറിച്ചും കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു പ്രിയങ്ക ഗാന്ധി. എന്തുകൊണ്ടാണ് മോദി പ്രളയത്തിൽ അകപ്പെട്ട ജനങ്ങളെകുറിച്ചും അഞ്ച് ചെറുപ്പക്കാർക്ക് ജീവൻ നഷ്ടമായ പൗരത്വ പ്രതിഷേധത്തെ കുറിച്ചും വ്യാകുലപ്പെടാത്തതെന്നും പ്രിയങ്ക ചോദിച്ചു.

‘ജനങ്ങൾ മുങ്ങിച്ചാവാൻ പോയ സമയത്ത് നിങ്ങൾ എന്തുകൊണ്ട് അസമിലേക്ക് വന്നില്ല? ബിജെപി നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെടാത്തതിൽ നിങ്ങൾ‌ എന്തുകൊണ്ട് ആശങ്കപ്പെടുന്നില്ല? നിങ്ങൾ‌ തേയില തോട്ടങ്ങളിൽ പോയി അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ടോ? ’–പ്രിയങ്ക ചോദിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി ബിജെപി വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെ എല്ലാ മേഖലയിലുമുള്ള ആളുകളെ വഞ്ചിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

English Summary :PM Sad About 22-Year-Old's Tweet But Not By Assam Floods: Priyanka Gandhi Vadra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com