ADVERTISEMENT

പാലപ്പവും മട്ടൻ സ്റ്റൂവും പോലെയായിരുന്നു പാലായും മാണി സാറും! ഒഴിച്ചുകൂട്ടാൻ വേറെന്തു മുന്നി‍ൽ വച്ചാലും വേണ്ടെന്നു പറയിക്കുന്ന ഇഷ്ടം. പാലായുടെ രുചിയറിഞ്ഞ ആത്മബന്ധം. രാവിലെ മാണി സി. കാപ്പന്റെ പ്ലേറ്റിൽ പാലപ്പവും മുട്ടക്കറിയുമാണ്. മുണ്ടാങ്കലിലെ വീട്ടിൽനിന്നു പ്രചാരണത്തിനിറങ്ങും മുൻപ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഒരുങ്ങുമ്പോഴാണ് കാപ്പനെ കാണാൻ ഒരാളെത്തിയത്. പുത്തൻപള്ളിക്കുന്നിൽ താമസിക്കുന്ന രാജൻ. കാപ്പന്റെ മാതാപിതാക്കളുടെ ഓർമയ്ക്കായി സഹോദരൻ ചെറിയാൻ സി. കാപ്പൻ നൽകിയ സ്ഥലത്തു വീടുവയ്ക്കുകയാണ് രാജൻ. നിർധനർക്കു നൽകാൻ വാങ്ങിയ 53 സെന്റ് സ്ഥലത്ത് ഒരു പ്ലോട്ട് കിട്ടിയതു രാജനാണ്. അവിടെ വീടിനു തറകെട്ടിയ വിവരം പറയാനാണു രാജന്റെ വരവ്. ഭക്ഷണം കഴിച്ചോയെന്നു ചോദിച്ചപ്പോൾ ഇല്ല, വീട്ടിൽച്ചെന്നു കഴിച്ചോളാമെന്നു മറുപടി. വേണ്ട, തനിക്കൊപ്പം കഴിക്കാമെന്നായി കാപ്പൻ. ഇരുവരുമൊന്നിച്ച് അകത്തേക്ക്. മക്കളായ ടീനയും ദീപയും ചേർന്നു ഭക്ഷണം വിളമ്പി.

രാഷ്ട്രീയക്കുപ്പായമിടും മുൻപു വോളിബോൾ കോർട്ടിൽ അറ്റാക്കറായി നിറഞ്ഞുകളിച്ച കാലത്തെക്കുറിച്ചാണ് ഭക്ഷണം കഴിക്കുന്നതിനിടെ കാപ്പൻ പറഞ്ഞത്.

‘എന്നും രാവിലെ 5 കിലോമീറ്റർ ഓട്ടം. പിന്നെ 5 സെറ്റ് വോളിബോൾ കളി. അതുകഴിഞ്ഞ് വയറുനിറച്ച് ഭക്ഷണം. വിരിഞ്ഞ മാറും ഒട്ടിയ വയറുമായിരുന്നു അന്ന്. ഇന്നിപ്പോൾ ഒട്ടിയ മാറും വിരിഞ്ഞ വയറുമായി’ – ഇതു പറഞ്ഞുള്ള ചിരി കാപ്പന്റെ കൂടെപ്പിറപ്പാണ്. മണ്ഡലത്തിൽ എവിടെച്ചെന്നാലും ചുണ്ടിന്റെ ബാക്ക്കോർട്ടിലൊരു മന്ദഹാസം തങ്ങിനിൽപ്പുണ്ടാകും. ‘മേലേപ്പറമ്പിൽ ആൺവീട്’ മുതൽ നിർമിച്ച സിനിമകളിലെല്ലാം ഹാസ്യസീനുകളിൽ തന്റെ സംഭാവനയുമുണ്ടെന്നു കാപ്പൻ പറയുന്നു. എവിടെ തമാശ കേട്ടാലും എഴുതിയെടുക്കാൻ കയ്യിലൊരു ബുക്ക് കരുതിയിരുന്നു. ഷർട്ടിന്റെ വലിയ രണ്ടു പോക്കറ്റുകളിലൊന്നിൽ ആ ബുക്കുണ്ടാകും. അടുത്ത പോക്കറ്റിൽ ഒരു ചീപ്പ് ഉറപ്പാണ്; തലയിൽ മുടിയില്ലെങ്കിലും ഇടയ്ക്കിടെ ചീകിക്കൊണ്ടിരിക്കുമെന്നു കാപ്പൻ!

പാലാ നഗരസഭയുടെ ആദ്യകാല ചെയർമാനും മുൻ എംപിയുമായിരുന്ന ചെറിയാൻ ജെ. കാപ്പന്റെ 11 മക്കളിൽ ഏഴാമനാണ് മാണി സി. കാപ്പൻ. പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യമാണു മാണി സി. കാപ്പന്റെയും രാഷ്ട്രീയബലം. ‘ആർ.വി. തോമസും എന്റെ പിതാവുമൊക്കെയായിരുന്നു പാലായിലെ ആദ്യകാല രാഷ്ട്രീയനേതാക്കൾ. ഇന്ത്യൻ പാർലമെന്റിന്റെ മാതൃകയിൽ ടൗൺ ബസ് സ്റ്റാൻഡ് നിർമിച്ചതും ആർ. വി. തോമസിന്റെ പേരിൽ മുനിസിപ്പൽ പാർക്ക് എന്ന ആശയം നടപ്പാക്കിയതുമെല്ലാം ചെറിയാൻ ജെ. കാപ്പൻ നഗരസഭാധ്യക്ഷനായിരുന്ന കാലത്താണ്. ആ വികസനമാണ് ഞാൻ പിന്തുടരുന്നത്. പാലാ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പുതിയ പദ്ധതികൾ നടപ്പാക്കാൻ എനിക്കും സാധിച്ചിട്ടുണ്ട്’ – കാപ്പൻ പറഞ്ഞു.

എംഎൽഎയായിക്കഴിഞ്ഞ് എന്നും രാവിലെ 7 മണി മുതൽ 10 മണി വരെയാണ് കാപ്പന്റെ വീട്ടിലെ ‘ഒപി’. ആവശ്യക്കാർക്കു നേരിട്ടു വന്നു കാര്യങ്ങളറിയിക്കാം.

‘കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന് വോട്ടു ചോദിച്ചുചെന്നപ്പോൾ പലരും പറഞ്ഞൊരു മറുപടിയുണ്ട്: ഇത്തവണ ഞങ്ങൾ വോട്ടു ചെയ്യും! അതിനർഥം അതിനു മുൻപത്തെ തിരഞ്ഞെടുപ്പുകളിൽ അവർ എനിക്കു വോട്ട് ചെയ്തിരുന്നില്ല എന്നാണ്. അവരുടെ വോട്ടുകൾ കൊണ്ടാണു ‍ഞാൻ ജയിച്ചത്. ഇത്തവണ എന്നോടു മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതും അതേ ആളുകൾ തന്നെയാണ്. ഞാൻ മുന്നണി മാറിയാലും പാലായിലെ ജനങ്ങൾക്ക് എന്നോടുള്ള അടുപ്പത്തിൽ മാറ്റമില്ല.’

കാപ്പൻ കാറിൽ കയറി. ആദ്യം നീലൂരിൽ ഒരു കട ഉദ്ഘാടനം. മറ്റത്തിപ്പാറ, എലിക്കുളം, തലപ്പലം എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പു യോഗങ്ങൾ. രാമപുരത്ത് വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം. വൈകിട്ട് അരുണാപുരത്ത് വീണ്ടുമൊരു കട ഉദ്ഘാടനം. പാലാ നഗരസഭാംഗം ജിമ്മി ജോസഫും ഭരണങ്ങാനം പഞ്ചായത്തംഗം വിനോദ് വേരനാനിയും പ്രസ് സെക്രട്ടറി എബി ജെ. ജോസും സഹോദരപുത്രൻ ഉണ്ണി കാപ്പനും ഒപ്പമുണ്ട്.

jose-k-mani-pala
എന്നുമീ സ്നേഹത്തണലിൽ: ജോസ് കെ. മാണി പ്രചാരണത്തിനിടെ കലയത്താങ്കൽ ഭാസ്കരനും ഭാര്യ സരസമ്മയ്ക്കുമൊപ്പം. ചിത്രം: റിജോ ജോസഫ്∙ മനോരമ

പാലായെ തിരികെക്കൂട്ടാൻ ജോസ്

പാലാ മണ്ഡലത്തിൽ പലയിടത്തും ഇപ്പോഴും കെ.എം. മാണിയുടെ പേരിലുള്ള ചുവരെഴുത്തുകളുണ്ട്. കാലത്തിനു മായ്ക്കാൻ കഴിയാത്ത പേര്!പാലാക്കാരുടെ ബ്രാൻഡ് അംബാസിഡറായിരുന്ന മാണി സാറിന്റെ ഓർമകൾക്കു നടുവിലേക്കാണ് ജോസ് കെ. മാണി വരുന്നത്. 54 വർഷം തുടർച്ചയായി ജനപ്രതിനിധിയെന്ന റെക്കോർഡിനുടമയായ മാണിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് പാലാ മണ്ഡലം കേരള കോൺഗ്രസിനു നഷ്ടമായത്. ആ പാരമ്പര്യം തിരികെപ്പിടിക്കാൻ എംപി. സ്ഥാനം രാജിവച്ച് മുന്നണി മാറി ജോസ് കെ. മാണി അരയും തലയും മുറുക്കുമ്പോൾ പാലാ മണ്ഡലത്തിൽ വേനൽച്ചൂടിനൊപ്പം തിരഞ്ഞെടുപ്പു ചൂടും വർധിപ്പിക്കുന്നു.

മൂന്നിലവ് – തലനാട് റോഡരികിലെ പൈകട കുറുവച്ചന്റെ വീട്ടിലേക്കുള്ള വഴിയിൽവച്ചാണ് ജോസ് കെ. മാണിയെ കണ്ടുമുട്ടിയത്. വേനലിന്റെ നിറമുള്ള റബർതോട്ടത്തിനു നടുവിലെ വീട്ടിലേക്കു കയറിവന്ന അതിഥിയെ കണ്ടപ്പോൾതന്നെ കുറുവച്ചൻ പറഞ്ഞു: ഞങ്ങളുടെ വോട്ട് ഉറപ്പിച്ചോളൂ. കെ.എം. മാണിയുടെ കാലത്തെ ഓർമകൾ പങ്കുവച്ച് കുറുവച്ചൻ വാചാലനായി. യാത്ര പറഞ്ഞു തിരികെ വാഹനത്തിൽ കയറിക്കഴിഞ്ഞ് ജോസ് കെ. മാണി പറഞ്ഞു: ‘അച്ചാച്ചനുമായി ഒട്ടേറെപ്പേർക്കു വ്യക്തിബന്ധമുണ്ടായിരുന്നു. അവരിലേറെപ്പേരും സജീവ രാഷ്ട്രീയ പ്രവർത്തകരൊന്നുമല്ല. പക്ഷേ, പാർട്ടിക്ക് ആവശ്യം വന്നപ്പോഴെല്ലാം മനസ്സുകൊണ്ട് അവർ ഒരുമിച്ചുനിന്നു. ഞാനും ആ പാരമ്പര്യം തുടരുകയാണ്’കെ.എം. മാണിയുടെ അടുപ്പക്കാരായിരുന്ന പഴയകാല നേതാക്കളെയും പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും നേരിൽ കാണുകയാണ് ജോസ് കെ. മാണി.

രാവിലെ എഫ്സിസി കന്യാസ്ത്രീകളുടെ പ്രൊവിൻഷ്യാൾ ഹൗസിലും എസ്എച്ച് കോൺവെന്റിലും ഹ്രസ്വസന്ദർശനം കഴിഞ്ഞു. മൂന്നിലവിലെ ലാറ്റക്സ് ഫാക്ടറി ജീവനക്കാരോടും സംസാരിച്ചു. ഓരോരുത്തരെയായി നേരിൽ കണ്ട് സാവകാശമാണു യാത്ര. തിരഞ്ഞെടുപ്പു ചൂടിനു നടുവിലും ശാന്തനാണ് ജോസ്. എത്ര വലിയ ചൂടിൽനിന്നു വരുന്നവരെയും തണുപ്പിക്കുന്ന ചിരി, തോളിലൊരു തട്ട്, കുശലാന്വേഷണം. ദീർഘകാലം യോഗ പരിശീലിച്ചിരുന്നെങ്കിലും 15 വർഷമായി ഒന്നിനും നേരം കിട്ടുന്നില്ലെന്നു ജോസ് കെ. മാണി പറയുന്നു. യോഗ ചെയ്യാതെ തന്നെ മനസ്സു ശാന്തമാക്കാൻ സാധിക്കും. അതിനു മനസ്സു നന്നായാൽ മതി. ആരോഗ്യമുള്ള മനസ്സാണെങ്കിൽ ആരോഗ്യമുള്ള ശരീരവും ഒപ്പമുണ്ടാകും. അതിനിടെ, ഫോണിലെ വാട്സാപ് ചിലച്ചു. യേർക്കാട് മോണ്ട്ഫോർട് സ്കൂളിലെ സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പാണ്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിക്രം ഉൾപ്പെടെയുള്ളവർ ജോസ് കെ. മാണിയുടെ സതീർഥ്യരാണ്. പോസ്റ്റർ ഡിസൈൻ ചെയ്യാനും പ്രിന്റ് ചെയ്യാനുമൊക്കെ തമിഴ്നാട്ടിലെ സുഹൃത്തുക്കളാണു മുൻകയ്യെടുക്കുക. ആറുമാസത്തിലൊരിക്കൽ ഞങ്ങളെല്ലാവരും കൂടാറുണ്ട്. – ജോസ് കെ. മാണി പറഞ്ഞു.

കോവിഡ് വാക്സീൻ കുത്തിവയ്പെടുത്തതിന്റെ പനി മാറുന്നില്ലെന്നു പരാതി പറഞ്ഞത് കലയത്താങ്കൽ ഭാസ്കരനും ഭാര്യ സരസമ്മയുമാണ്. റോഡരികിലെ ചെറിയ വീട്ടിലേക്കു കയറിച്ചെന്നപ്പോൾതന്നെ എതിരേറ്റ പരാതിയുടെ ആദ്യഡോസിന് ജോസിന്റെ റിയാക്‌ഷൻ ഒരു പു‍ഞ്ചിരി, എല്ലാ പരിഭവങ്ങളെയും മായിക്കുന്ന പുഞ്ചിരി.  ജയിച്ചുവരികയെന്ന് അനുഗ്രഹിച്ച് അവർ കൈകളുയർത്തി.

‘ഈ വ്യക്തിബന്ധങ്ങളാണ് എന്റെ ബലം. ജോസ് കെ. മാണിയെ പുറത്താക്കാൻ യുഡിഎഫ് തീരുമാനമെടുത്തപ്പോൾ പി.ജെ. ജോസഫ് അതിനൊരു ഉപകരണമായി നിന്നുകൊടുത്തു. അതിൽ ഈ ജനങ്ങൾക്കും പ്രതിഷേധമുണ്ട്. എൽഡിഎഫിലെത്തി ചുരുങ്ങിയ കാലം കൊണ്ട് താങ്ങുവില, സംവരണം, ക്ഷേമനിധി, അധ്യാപകർക്കുള്ള അംഗീകാരം തുടങ്ങി കുറെക്കാര്യങ്ങൾ നേടിയെടുക്കാനായി. നാട്ടുകാർക്കു വേണ്ടതെന്താണെന്നു മനസ്സിലാക്കിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്’. ‌– ജോസ് കെ. മാണി പറഞ്ഞു.

വൈകിട്ട് സിഎസ്ഡിഎസ്, കെപിഎംഎസ്, വിശ്വകർമ സഭ തുടങ്ങിയ സംഘടനകളിലെ അംഗങ്ങളെ കാണുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ ഡോക്ടർമാരെയും പാലായിലെ കായികതാരങ്ങളെയുമെല്ലാം നേരിൽകണ്ട് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു. – ചെന്നൈ ലയോള കോളജിൽനിന്ന് ബികോമും കോയമ്പത്തൂരിലെ പിഎസ്ജി ഇൻസ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റിൽനിന്ന് എംബിഎ ബിരുദവും നേടിയ ജോസിനു വികസനത്തിന്റെ മർമമറിയാം; പരിചയക്കാരുടെ വീട്ടിലേക്കു മാത്രമല്ല, ജനങ്ങളുടെ മനസ്സിലേക്കും കയറിച്ചെല്ലാൻ ഇതു ധാരാളം!

j-prameela-devi
പുതിയ കരുനീക്കം: ശിവരാമനും പ്രസന്നനും ചെസ് കളിയിൽ മുഴുകുന്നതിനിടെയാണ് സ്ഥാനാർഥി ജെ.പ്രമീളാ ദേവി വോട്ട് അഭ്യർഥിച്ചെത്തിയത്. കരു നീക്കി അങ്കം കുറിച്ച് സ്ഥാനാർഥിയും. ചിത്രം: റിജോ ജോസഫ്∙ മനോരമ

കരുത്തറിയിക്കാൻ പ്രമീളാദേവി

പ്രവിത്താനം ജംക്‌ഷനിലെ കടകളിൽ വോട്ട് ചോദിക്കുമ്പോഴാണ്, കെട്ടിടത്തിന്റെ രണ്ടാംനിലയിൽ തന്നെ നോക്കി നിൽക്കുന്ന ഒരുപറ്റം സ്ത്രീകളെ പ്രമീളാദേവി കണ്ടത്. ‘പാലായിൽ ഒരു സ്ത്രീ മത്സരിക്കുകയാണ്. വോട്ട് മാത്രമല്ല, പ്രാർഥനയും വേണം.’ കെട്ടിടത്തിനു മുകളിൽനിന്ന് ഐക്യദാർഢ്യത്തിന്റെ അകമ്പടിയോടെ പുഞ്ചിരി. 34 വർഷം ഇംഗ്ലിഷ് അധ്യാപികയായിരുന്ന ഡോ. ജെ. പ്രമീളാദേവിക്കൊപ്പം സ്ത്രീകളുടെ ഒരുപട തന്നെയുണ്ട്. മറ്റു രണ്ടു മുന്നണികളുടെ പ്രചാരണത്തിൽനിന്നുള്ള പ്രധാന വ്യത്യാസവും ഇതാണ്. ഇംഗ്ലിഷിലും മലയാളത്തിലും കവിതകളെഴുതുന്ന, 55 പുസ്തകങ്ങളുടെ പരിഭാഷകയായ പ്രമീളാദേവിക്ക് സംസ്ഥാന വനിതാ കമ്മിഷനിലെയും കേരള സാഹിത്യ അക്കാദമിയിലെയും പ്രവർത്തന പരിചയം ഗ്രേസ്മാർക്കാണ്.

‘പുതിയ പാലാ എന്നതാണ് എൻഡിഎയുടെ വാഗ്ദാനം. അർഹിക്കുന്ന വികസനത്തിന്റെ അരികത്തുപോലും എത്തിയിട്ടില്ല പാലാ. എനിക്കു നേരിട്ടറിയാവുന്നവരാണ് ഇവിടേയറെയും. ശിഷ്യരായും പരിചയക്കാരായുമെല്ലാം ഒട്ടേറെപ്പേർ’ – പ്രമീളാദേവിയുടെ വാക്കുകൾക്ക് കരുത്തുപകരാൻ ബിജെപിയുടെ നേതൃനിര ഒപ്പമുണ്ട്. അഞ്ചുമിനിറ്റു മുൻപു തീരുമാനിച്ചാൽ നാടുണർത്തുന്ന ഒരു പ്രകടനം നടത്താൻ ഇപ്പോൾ പാലായിൽ ബിജെപിക്കു സാധിക്കും – സംസ്ഥാന കൗൺസിൽ അംഗമായ സോമൻ തച്ചേട്ട് കൂട്ടിച്ചേർത്തു.

കവലയിലെ ഒരു കടത്തിണ്ണയിൽ ചെസ് കളി മുറുകുകയാണ്. നാട്ടുകാരായ ശിവരാമനും പ്രസന്നനും സ്ഥാനാർഥിയെ കണ്ടു ചെസ് കളി നിർത്തി എഴുന്നേറ്റു. ചുറ്റുമുണ്ടായിരുന്നവരും അതോടെ ഒപ്പം കൂടി. ‘കോട്ടയം ജില്ലയിൽ ബിജെപിക്ക് ഏറ്റവുമധികം പഞ്ചായത്ത് അംഗങ്ങളുള്ള ണ്ഡലമാണ് പാലാ; 22 പേർ. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയിലേക്ക് എത്തുന്നവരുടെ എണ്ണം ദിവസവും കൂടുന്നു. ആ മാറ്റം തിരഞ്ഞെടുപ്പിന്റെ വിധിയെഴുതും’. – പ്രമീളാദേവിക്ക് ആത്മവിശ്വാസം.

തൊട്ടുപിന്നാലെ, ശിവരാമന്റെ കളത്തിലെ രാജാവിനു മുന്നിലേക്കു പ്രസന്നന്റെ കളത്തിലെ മന്ത്രിയെ നീക്കിവച്ച് പ്രമീളാദേവി ഉച്ചത്തിൽ പറഞ്ഞു: ചെക്ക്!

Content Highlights: Pala Constituency, Kerala Assembly Elections, Jose K Mani, Mani C Kappan, J Prameela Devi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com