ADVERTISEMENT

നിസ്സംഗതയൊക്കെ വിട്ട് കൊൽക്കത്ത തിരഞ്ഞെടുപ്പു ചർച്ചകളിൽ സജീവമായിരിക്കുന്നു. ടാക്സിയിൽ, കടകൾക്കു മുന്നിൽ, കോഫി ഹൗസിൽ ഒക്കെ രാഷ്ട്രീയം കയറിയിറങ്ങുന്നു. പക്ഷേ, എന്താവും ഫലം എന്നൊരു തീർപ്പ് ആരും പ്രവചിക്കുന്നില്ല.

നഗരത്തിലെ കോളജ് സ്ട്രീറ്റിലെ ഇന്ത്യൻ കോഫി ഹൗസ് ഇപ്പോൾ തിരഞ്ഞെടുപ്പു ചർച്ചകളുടെയും ചില്ലറ വാദപ്രതിവാദങ്ങളുടെയും കേന്ദ്രമാണ്. അവിടേക്കു പോകാൻ പിടിച്ച ടാക്സിയുടെ ഡ്രൈവർ ആശിഷ് റായ് നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നയാളാണ്.

എങ്ങനെയുണ്ട് തിരഞ്ഞെടുപ്പ് രംഗം?

ഞങ്ങൾക്ക് ആകെ ആശയക്കുഴപ്പമാണ്. തൃണമൂൽ കോൺഗ്രസിനെ വലിയ താൽപര്യമൊന്നുമില്ല. പക്ഷേ, വേറെ വഴിയില്ല.

അപ്പോൾ പിന്നെ ബിജെപിക്കു സാധ്യതയുണ്ടോ?

അവർ ഒരു പരുക്കൻ പാർട്ടിയാണ്. ബംഗാളിന്റെ രീതിക്കു പറ്റില്ല.

ഇടത്, കോൺഗ്രസ് സഖ്യമോ?

നെഹ്റു, ഗാന്ധി കുടുംബ പാരമ്പര്യത്തെ ആരാധിക്കുന്ന കോൺഗ്രസ് രീതിയോടും ബംഗാളിനു പൊതുവെ താൽപര്യമില്ല. ഇടതുപക്ഷം നല്ലതു തന്നെ. പക്ഷേ,  കോൺഗ്രസുമായി ചേരാനുള്ള തീരുമാനം തെറ്റായിപ്പോയി.

ആശിഷിന്റെ സംസാരത്തിൽനിന്നു മനസ്സിലാകും ആരെ തിരഞ്ഞെടുക്കണമെന്ന സാധാരണ കൊൽക്കത്തക്കാരുടെ കൺഫ്യൂഷൻ.

ചോദിക്കാതെ തന്നെ ആശിഷ് തന്റെ പശ്ചാത്തലം പറഞ്ഞു.

ശരിക്കും ഇതല്ല എന്റെ ജോലി. കുടുംബം 50 വർഷമായി നടത്തിയിരുന്ന ഓട്ടമൊബീൽ‍ വർക്ക്ഷോപ്പുണ്ടായിരുന്നു. സർക്കാർ റജിസ്ട്രേഷൻ ഉള്ളതിനാൽ ഒരുപാട് സർക്കാർ വണ്ടികളുടെ പണി ചെയ്തിരുന്നു. പക്ഷേ, ജ്യോതി ബസു മുഖ്യമന്ത്രിയായിരുന്ന കാലത്ത് സർക്കാരിൽനിന്ന് 35 ലക്ഷം രൂപ കുടിശികയായി. പിടിച്ചു നിൽക്കാനാകാതെ വർക്‌ഷോപ് പൂട്ടേണ്ടി വന്നു. അങ്ങനെയാണ് ടാക്സിപ്പണി തുടങ്ങിയത്. കോഫി ഹൗസ് കാട്ടിത്തന്ന് കോളജ് സ്ട്രീറ്റിന്റെ പെരുമയും വർണിച്ചാണ് ആശിഷ് പോയത്.

Top-students12
കൊല്‍ക്കത്ത കോളജ് സ്ട്രീറ്റിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ മേല്‍ത്തട്ടില്‍ നിന്ന് ചിത്രം പകര്‍ത്തുന്ന വിദ്യാര്‍ഥികള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

കോഫി ഹൗസിൽ ഒരു കാപ്പിക്കു മേൽ രാഷ്ട്രീയം ചർച്ച ചെയ്യാനെത്തുന്നവരിൽ ഏറെയും നഗരത്തിലെ കോളജ് അധ്യാപകരും ഡോക്ടർമാരും ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരും മറ്റുമാണ്. വലിയൊരു ഹാളാണ് കോഫി ഹൗസ്. മുകൾ നിലയിൽ നാലു വശത്തെയും ബാൽക്കണിയിലും ഇരിപ്പിടങ്ങളുണ്ട്. പുരാതനമായ കെട്ടിടമാണ്. കാപ്പിമേൽ ചർച്ചയ്ക്കായി പല പാർട്ടിക്കാർ വരാറുണ്ട്. കാപ്പി തോൽക്കുന്ന ചൂടൻ വർത്തമാനം ചിലപ്പോഴൊക്കെ ഉണ്ടാവും. അതൊന്നും വക്കാണമാകാറില്ലെന്ന് മാനേജർ സായിദ് ഹുസൈൻ.

കോളജ് സ്ക്വയറിൽനിന്നു കെട്ടിടത്തിലേക്കു കയറുന്ന വഴി മിക്കപ്പോഴും പുരോഗമനാശയക്കാരുടെ ചെറിയ പരിപാടികൾക്കും വേദിയാകാറുണ്ട്. അങ്ങനെയൊരു പരിപാടി കഴിഞ്ഞ ദിവസം വലിയ പ്രശ്നമായി മാറി. കടുത്ത ബിജെപി വിരുദ്ധരാണ് പതിവു സന്ദർശകരിൽ ഏറെയും. അവർ കഴിഞ്ഞ ദിവസം ‘നോ വോട്ട് ഫോർ ബിജെപി’ എന്ന പേരിൽ ഒരു ക്യാംപെയിൻ സംഘടിപ്പിച്ചു. കോഫി ഹൗസിന്റെ വാതിലിൽ ചെറിയ യോഗം. ഗോവണിയുടെ വശങ്ങളിൽ പോസ്റ്റർ പതിക്കൽ ഒക്കെയായിരുന്നു പരിപാടി.

ചില ബിജെപി പ്രവർത്തകർ പോസ്റ്ററുകൾ അലങ്കോലമാക്കിയതോടെയാണ് തുടക്കം. അവർ പോസ്റ്ററുകളിലെ ‘നോ’ കറുപ്പുമഷികൊണ്ടു മായ്ച്ചു. കുറേ പോസ്റ്ററുകൾ കീറി. അതു ക്യാംപെയിൻ സംഘാടകരുടെ വാശി കൂട്ടി. അവർ റോഡരികിൽ വട്ടമിട്ടിരുന്ന്, കൂടുതൽ കനമുള്ള അക്ഷരങ്ങളിൽ പോസ്റ്ററുകൾ എഴുതിപ്പതിച്ചു. ബിജെപിക്കാർ ‘മോദിർ പാഡ (മോദിയുടെ പ്രദേശം) എന്നെഴുതിയ ടീഷർട്ട് ധരിച്ചിരുന്നെന്നും തങ്ങളെ അസഭ്യം പറഞ്ഞെന്നും പ്രതിഷേധക്കാർ പറഞ്ഞു.

നഗരത്തിൽ ചർച്ചയായ ഈ പ്രശ്നം അടുത്ത ദിവസം മമത ബാനർജിയുടെ പ്രസംഗത്തിലും കടന്നുവന്നു. സ്വതന്ത്രചിന്തയെയും രാഷ്ട്രീയ ചർച്ചകളെയും ഭയപ്പെടുന്ന ബിജെപി അത്തരം വേദികളിലൊക്കെ അക്രമം നടത്തുകയാണെന്നാണു മമത പറഞ്ഞത്.

കോഫി ഹൗസ് വീണ്ടും ശാന്തമായിരിക്കുന്നു. രാവിലെ 11 മണിക്ക് അതു തുറക്കാൻ കാത്ത് ഇപ്പോഴും ആളുകൾ പഴയ വാതിലിനു മുന്നിൽ നിൽക്കുന്നു. ചുവരുകളിൽ പുതിയ പോസ്റ്ററുകൾ നിറയുന്നു. തുറന്നാൽ രാത്രി അടയ്ക്കുന്നതു വരെ അകത്തു ചർച്ചകൾ. അവ വമിപ്പിക്കുന്ന ചൂട് കാപ്പിക്കൊപ്പം പുറത്തേക്കു പടരുന്നു.

English Summary : Political talks from Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com