ADVERTISEMENT

തിരുവനന്തപുരം ∙ വാമനപുരത്തെ രാഷ്ട്രീയ എതിരാളികളെ ‘പാതാളത്തിലേക്കു’ പറ‍ഞ്ഞയയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. സിപിഎം 44 വർഷമായി തുടർച്ചയായി അധികാരം നിലനിർത്തുന്ന മണ്ഡലമാണ് വാമനപുരം. ജില്ലയിൽ ഈ പാരമ്പര്യമുള്ള മറ്റൊരു മണ്ഡലമില്ല. പാരമ്പര്യം നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാണ് യുഡിഎഫ് ശ്രമം.

1977 മുതൽ മണ്ഡലത്തിലെ വോട്ടർമാർ വിജയിപ്പിച്ചത് എൽഡിഎഫിനെ. തുടർച്ചയായ വിജയചരിത്രം തുടങ്ങുന്നത് വാസുദേവൻ പിള്ളയിലൂടെയാണ്. കോൺഗ്രസ് വിജയിച്ചത് 1965, 70 വർഷങ്ങളിൽമാത്രം. 65ലെ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ സഭ രൂപീകരിച്ചില്ല. വാസുദേവൻപിള്ളയ്ക്കുശേഷം കോലിയക്കോട് കൃഷ്ണൻനായരും പിരപ്പൻകോട് മുരളിയും ജെ.അരുന്ധതിയും അവസാനം ഡി.കെ.മുരളിയും മണ്ഡലം നിലനിർത്തി.

അഞ്ചു തവണ കോലിയക്കോട് കൃഷ്ണൻനായർ എംഎൽഎയായി. ഡി.കെ മുരളിയാണ് ഇത്തവണയും സ്ഥാനാർഥി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡി.കെ.മുരളിയുടെ പ്രചാരണം. മണ്ഡലത്തിലെ സ്കൂളുകളും റോഡുകളും നവീകരിച്ചതും പാലങ്ങൾ നിർമിച്ചതുമെല്ലാം ഉയർത്തിക്കാട്ടുന്നു. എം.സി.റോഡിൽ വെഞ്ഞാറമൂട് ജംക്‌ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി മേൽപ്പാലം നിർമിക്കാൻ അനുമതി നേടിയതും പ്രചാരണ വിഷയമാക്കുന്നു. 

സിപിഎം–സിപിഐ തർക്കം രൂക്ഷമായ സ്ഥലമാണ് വാമനപുരം. സിപിഎം നേതാക്കളിൽ ചിലർ സിപിഐയിലേക്കു പോയതോടെയാണ് തർക്കങ്ങൾ ആരംഭിച്ചത്. വെഞ്ഞാറമൂട് സഹകരണ ബാങ്കിന്റെ പേരിൽ നടന്ന സംഘർഷങ്ങൾ ശാന്തമായിട്ട് അധിക നാളായിട്ടില്ല. എന്നാൽ, അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എൽഡിഎഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടു പോകുന്നതെന്നും നേതൃത്വം പറയുന്നു.

ഇരട്ടക്കൊലപാതകം നടന്ന തേമ്പാംമൂട് വാമനപുരം മണ്ഡലത്തിലാണ്. ഈ വിഷയവും തിരഞ്ഞെടുപ്പിൽ ചർച്ചയാണ്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ തർക്കങ്ങളുണ്ടായി. സാധ്യതാ പട്ടികയിൽ രമണി പി.നായരുടെ പേരിനായിരുന്നു മുൻതൂക്കം. എന്നാൽ, ആനാട് ജയൻ സ്ഥാനാർഥിയായതോടെ രമണി പി.നായർ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു. തുടർന്ന്, രമണി പി.നായരെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി നേരിട്ടെത്തി. ആനാട് ജയനും ഒപ്പമുണ്ടായിരുന്നു.

പ്രചാരണത്തിനിറങ്ങണമെന്ന ഉമ്മൻചാണ്ടിയുടെ നിർദേശം രമണി അംഗീകരിച്ചതോടെ പാർട്ടിയിലെ തർക്കങ്ങൾക്കു പരിഹാരമായി. ചുരുക്കം ദിവസങ്ങൾകൊണ്ട് മണ്ഡലത്തിലാകെ സജീവമാകാന്‍ ആനാട് ജയനു കഴിഞ്ഞിട്ടുണ്ട്. വികസനം നടത്തിയെന്ന സിപിഎം അവകാശവാദം തെറ്റാണെന്നു കോൺഗ്രസ് പ്രവർത്തകർ പറയുന്നു. സ്കൂളുകൾ പെയിന്‍റടിച്ചതാണോ വികസനമെന്ന ചോദ്യവും ഉയര്‍ത്തുന്നു.

വർഷങ്ങളായി തുടരുന്ന വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയെടുത്തില്ലെന്നത് പ്രധാന വിഷയമായി ഉന്നയിക്കുന്നു. തഴവ സഹദേവനാണ് വാമനപുരത്തെ എൻഡിഎ സ്ഥാനാർഥി. 2019ൽ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽനിന്നും ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ നെല്ലനാട്, നന്ദിയോട്, പാങ്ങോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുന്നു. പുല്ലമ്പാറ, വാമനപുരം, ആനാട്, കല്ലറ, പനവൂർ പഞ്ചായത്തുകൾ എൽഡിഎഫും.

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുനില ഇങ്ങനെ: എൽഡിഎഫ്–56,998, യുഡിഎഫ്–48,281, എൻഡിഎ–24,200. ലോക്സസഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 9440 വോട്ടുകൾക്ക് ലീഡ് ചെയ്തു. കഴിഞ്ഞ 3 ലോക്സസഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് വോട്ടു വിഹിതം ഉയർത്തിയപ്പോൾ 2019ൽ എൽഡിഎഫ് വോട്ടുകൾ ചോർന്നു.

English Summary: A ‘red fort’ that shows chances of colour change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com