ADVERTISEMENT

തിരുവനന്തപുരം∙ ഇരട്ടവോട്ടില്‍ ശക്തമായ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് കണ്ടെത്തല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കും. ഉദ്യോഗസ്ഥര്‍ നേരിട്ടു ചെന്ന് പരിശോധിക്കണമെന്ന് കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. ഒന്നിലധികമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നശിപ്പിക്കും. ഇരട്ടവോട്ട് തെളിഞ്ഞവരുടെ പേരുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കൈമാറും. ഇവര്‍ വോട്ട് ചെയ്തു കഴിഞ്ഞാല്‍ മഷിയുണങ്ങും വരെ ബൂത്തിനുള്ളില്‍ തുടരണം. 

നിലവില്‍ 3.25 ലക്ഷം വ്യാജ വോട്ടര്‍മാരുടെ പട്ടികയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകരോട് ഇരട്ടിപ്പു കണ്ടെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്.

വോട്ടര്‍പ്പട്ടികയില്‍ പേരുകള്‍ ആവര്‍ത്തിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കള്ളവോട്ട് തടയാന്‍ വിശദ മാര്‍ഗനിര്‍ദേശങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കിയിരിക്കുന്നത്. വോട്ടര്‍പ്പട്ടിക സംബന്ധിച്ച പരാതികളില്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേന നടത്തിയ പ്രാഥമിക പരിശോധനയില്‍ വോട്ടര്‍മാരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നതായും സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എന്‍ട്രികളും ഒരേ വോട്ടര്‍ നമ്പരില്‍ വ്യത്യസ്ത വിവരങ്ങളുമായ എന്‍ട്രികളും കണ്ടെത്തിയിരുന്നു.

സാധാരണഗതിയില്‍ സമാന എന്‍ട്രികള്‍ വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയാല്‍ എറോനെറ്റ്, ഡീ ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ എന്നിവ ഉപയോഗിച്ച് കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ് പതിവ്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ സമാനമായ വോട്ടര്‍മാരെ ഒഴിവാക്കുന്നതിനല്ല, വോട്ടര്‍പട്ടികയിലേക്ക് തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. 

ഈ സാഹചര്യത്തിലാണ്, 140 മണ്ഡലങ്ങളിലും പട്ടികയില്‍ സമാന എന്‍ട്രികള്‍ വിശദമായ പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് 25നകം പരിശോധന പൂര്‍ത്തിയാക്കണം.

സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടര്‍മാരുടെ വിവരങ്ങള്‍ എറോനെറ്റ് സോഫ്റ്റ്‌വെയറിലെ ലോജിക്കല്‍ എറര്‍ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക ബൂത്ത് തലത്തില്‍ തയാറാക്കണം.

ഈ പട്ടിക ബിഎല്‍ഒമാര്‍ക്കു നല്‍കി ഫീല്‍ഡ്തല പരിശോധന നടത്തി യഥാര്‍ഥ വോട്ടര്‍മാരെ കണ്ടെത്തണം. വോട്ടര്‍ സ്ലിപ്പ് വിതരണത്തിനൊപ്പം ഈ പ്രക്രിയ നടത്തണം. ഇതിനൊപ്പം വോട്ടര്‍മാര്‍ക്കു യഥാര്‍ഥ എന്‍ട്രി ഉപയോഗിച്ച് ഒരു വോട്ട് മാത്രമേ ചെയ്യാനാകൂ എന്ന് ബോധ്യപ്പെടുത്തുകയും വേണം. ഇത്തരത്തില്‍ ബിഎല്‍ഒമാര്‍ കണ്ടെത്തുന്ന ആവര്‍ത്തനം അവര്‍ക്കു നല്‍കിയിട്ടുള്ള സമാന വോട്ടര്‍മാരുടെ പട്ടികയില്‍ കൃത്യമായി രേഖപ്പെടുത്തി 30ന് മുമ്പ് വരണാധികാരികള്‍ക്ക് നല്‍കണം. വരണാധികാരികള്‍ ആവര്‍ത്തനമുള്ള പേരുകാരുടെ പട്ടിക പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു നല്‍കും.

വോട്ടിങ് ദിനത്തില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ കള്ളവോട്ട് തടയാനായി ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്തും. പ്രിസൈഡിങ് ഓഫിസര്‍മാരുടെ ഹാന്‍ഡ് ബുക്കില്‍ 18ാം അധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്ന എഎസ്ഡി (ആബ്സന്റി, ഷിഫ്റ്റഡ്, ഡ്യൂപ്ലിക്കേറ്റ്/ഡെത്ത്) വോട്ടര്‍മാരുടെ പ്രക്രിയ അനുസരിച്ചാകും നടപടികള്‍ സ്വീകരിക്കുക.

ഈ പട്ടികയിലുള്ള വോട്ടര്‍മാര്‍ക്കു കൃത്യമായി വിരലില്‍ മഷി പതിപ്പിക്കുകയും മഷി ഉണങ്ങിയശേഷം മാത്രം ബൂത്ത് വിടാന്‍ അനുവദിക്കുകയും വേണം.

ഏതെങ്കിലും ബൂത്തില്‍ കൂടുതല്‍ അപാകതകള്‍ പട്ടികയില്‍ ശ്രദ്ധയില്‍പ്പെടുകയും ആ ബൂത്ത് വെബ്കാസ്റ്റിങ് / സിസിടിവി പരിധിയില്‍ വന്നിട്ടുള്ളതുമല്ലെങ്കില്‍ ആ ബൂത്തുകൂടി വെബ്കാസ്റ്റിങ് / സിസിടിവി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണം.

എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ആവര്‍ത്തന വോട്ടര്‍മാരുടെ പട്ടിക നല്‍കണം. പോളിങ് ഏജന്റുമാര്‍ പരാതിപ്പെട്ടില്ലെങ്കിലും വോട്ടറെ തിരിച്ചറിയേണ്ടത് പോളിങ് ഓഫിസറുടെ ഉത്തരവാദിത്തമാണ്. ആള്‍മാറാട്ടം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടാകും.

പട്ടികയില്‍ ആവര്‍ത്തനം സംഭവിക്കുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് അശ്രദ്ധയോ മനഃപൂര്‍വമായ അനാസ്ഥയോ ഉണ്ടായതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയും നിയമനടപടിയും സ്വീകരിക്കും. 

ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരും വരണാധികാരികളും ശ്രദ്ധിക്കുകയും മേല്‍നോട്ടം വഹിക്കുകയും വേണം. ഇതു സംബന്ധിച്ച നടപടി റിപ്പോര്‍ട്ടുകള്‍ 30നകം നല്‍കുകയും വേണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചു.

English Summary: Election commission action on Bogus Vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com