ADVERTISEMENT

തിരുവനന്തപുരം ∙ ‘ഉറക്കെപ്പറയണ്ട, അവരെങ്ങാനും കേട്ടാൽ നമ്മളെ പിടിച്ച് ആ തിരഞ്ഞെടുപ്പ് ചുമതല കൂടി ഏൽപ്പിക്കും’– നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലെ ഇരട്ടിപ്പും വ്യാജ വോട്ടുകളും ചർച്ചയാകുമ്പോൾ ഏതാനും മാസം മുൻപ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിയ പഞ്ചായത്ത് ജീവനക്കാർക്കിടയിൽ പ്രചരിക്കുന്ന പോസ്റ്റിലെ വരികളാണിത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകാത്ത കോലാഹലങ്ങൾ ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയെക്കുറിച്ച് ഉയർന്നതാണു പരിഹാസവാളുമായി പഞ്ചായത്ത് വിഭാഗത്തിലെ ജീവനക്കാർ റവന്യൂ വകുപ്പിലെ ജീവനക്കാർക്ക് എതിരെ അങ്കം വെട്ടാൻ ഇറങ്ങിയതിനു കാരണം.

കോവിഡിന്റെ അതിതീവ്ര വ്യാപനത്തിനിടെ അതുമായി ബന്ധപ്പെട്ട വിവിധ ഉത്തരവാദിത്തങ്ങൾക്കു പുറമേ തിരഞ്ഞെടുപ്പ് ജോലിയും നടത്തിയവരാണു പഞ്ചായത്ത് ജീവനക്കാരെന്നും എന്നാൽ സർവസന്നാഹം റവന്യൂ വകുപ്പിന് ഉണ്ടായിട്ടും നിയമസഭാ വോട്ടർ പട്ടികയിൽ തെറ്റുകൾ വന്നതിനെയുമാണു പരിഹസിക്കുന്നത്.

പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരുടെ ഇടുക്കിയിലെ സംഘടനാ നേതാവ് എഴുതിയ ട്രോൾ ഇപ്പോൾ രണ്ടു വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ കൂട്ടായ്മകളിൽ പടരുകയാണ്.

പോസ്റ്റിൽ നിന്ന്: ‘നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയാറാക്കൽ എന്ന അഖിലാണ്ഡ മഹാമഹം. അതിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് വിങ് എന്ന പ്രത്യേക വിഭാഗം. ജില്ലാ കലക്ടർ അടക്കമുള്ള അധികാര കേന്ദ്രങ്ങളുടെ പിൻബലം. 5 വർഷത്തെ സുദീർഘമായ സാവകാശം. തിരഞ്ഞെടുപ്പ് വിങ്ങിലെ സേനാ മേധാവികളുടെ അംഗബലം പോരാഞ്ഞ് ഓരോ ബൂത്തിലുമുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ തല കൊയ്തു മാറ്റാൻ ഇതര വകുപ്പുകളിൽനിന്നു ചെല്ലും ചെലവും കൊടുത്തു നിയമിച്ചിരിക്കുന്ന ബിഎൽഒ പടക്കുറുപ്പൻമാർ!

ഇത്ര സർവ സന്നാഹങ്ങളോടെ അഞ്ചു വർഷം എന്ന സുദീർഘമായ കാലയളവെടുത്ത് തയാറാക്കിയ വോട്ടർ പട്ടികയിലാണ് ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടർമാർ എന്ന് ബഹു. തിരഞ്ഞെടുപ്പു കമ്മിഷനടക്കം ശരിവച്ചിരിക്കുന്നതത്രേ. അവസാനം പവനായി ശവമായി. കുറച്ചു മാസങ്ങൾക്ക് മുൻപ് ലോക്ഡൗണിൽ ഉറങ്ങിക്കിടന്ന നാടിനെയാകെ ഇളക്കിമറിച്ച് ഒരു തിരഞ്ഞെടുപ്പു പൂരം നടന്നിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.

പ്രത്യേകം തിരഞ്ഞെടുപ്പു വിഭാഗം ജീവനക്കാരില്ല, ബിഎൽഒ പടക്കുറുപ്പൻമാരില്ല, അഞ്ചു വർഷമെന്ന സുദീർഘമായ സാവകാശമില്ല. കാക്കത്തൊള്ളായിരം സെക്‌ഷനുകൾ കൈകാര്യം ചെയ്യുന്ന ഒരു ക്ലർക്കിന് തിരഞ്ഞെടുപ്പ് എന്ന ഒരു സെക്‌ഷൻ കൂടിയങ്ങ് കൊടുക്കും. അത്ര തന്നെ!

സാധാരണയുള്ളതിനു പുറമേ ലഭിച്ച കൊറോണ, ലോക്ഡൗൺ, അതിഥിത്തൊഴിലാളി, സമൂഹ അടുക്കള, ഭക്ഷ്യധാന്യ വിതരണം, ക്വാറന്റീൻ കേന്ദ്രങ്ങൾ, സിഎഫ്എൽടിസികൾ തുടങ്ങിയ ട്രോഫികളുടെ കൂടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന ട്രോഫിയും കൂടി പഞ്ചായത്ത് ജീവനക്കാർ / തദ്ദേശ സ്വയംഭരണ ജീവനക്കാർ മേടിച്ച് ഷെൽഫിൽ വച്ച് സന്തോഷിച്ചു, കൈ കൊട്ടിച്ചിരിച്ചു. 

കൊറോണക്കാലത്ത് ഒരുവിധം സംവിധാനക്കാരും സന്നാഹക്കാരുമൊക്കെ വീട്ടിലിരുന്ന് സുരക്ഷിതത്വം ഉറപ്പിക്കുകയും ആസ്വദിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്ന സമയം. പഞ്ചായത്തുകാർ വാലിൽ കോവിഡെന്ന തീ പിടിച്ച് ഓടിക്കൊണ്ടിരിക്കുന്ന സമയം. ആ സമയത്താണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന തീ കുറേക്കൂടി മുകളിലേക്ക് കേറി മൂട്ടിൽതന്നെ പിടികൂടുന്നത്.  ആഹാ! എന്തൊരു സുഖം!

പിന്നെയൊരു പറക്കലായിരുന്നു. വോട്ടർ പട്ടികേൽ ഓൺലൈനായുള്ള പേരു ചേർക്കൽ, നേരിട്ടുള്ള ചേർക്കൽ, നേർക്കുനേർനിന്ന് അങ്കം വെട്ടിയുള്ള ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ, യുദ്ധസമാനമായ ഹിയറിങ്ങുകൾ, എത്രയങ്ങാണ്ട് തവണ കരട് പട്ടിക പ്രസിദ്ധീകരിക്കൽ, അന്തിമ പട്ടിക തയാറാക്കൽ, തീർന്നില്ല. തിരഞ്ഞെടുപ്പു നടത്തലുകൂടി തീർത്തിട്ടേ പഞ്ചായത്തു ഹനുമാൻമാരുടെ ലങ്കാദഹനം അടങ്ങിയുള്ളൂ.

പക്ഷേ എന്തു ഫലം? കിം കിം കിം കിം ! ഒന്നര ലക്ഷത്തിലധികം പോയിട്ട് ഒരഞ്ചാറ് ഇരട്ട വോട്ടുകളുടെയെങ്കിലും പേരിൽ മാധ്യമശ്രദ്ധ കിട്ടിയോ? ബഹു. തിരഞ്ഞെടുപ്പു കമ്മിഷൻ ഇരട്ട വോട്ടുകളുടെ പേരിൽ ഒന്നു പരാമർശിക്കുകയെങ്കിലും ചെയ്തോ? ബഹു. പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഒരു വാക്കെങ്കിലും നമ്മെക്കുറിച്ച് പറഞ്ഞോ?

നമ്മളീ പണിത പണിയെപ്പറ്റി ആരെങ്കിലും ‘കമാ’ന്നൊരക്ഷരം മിണ്ടിയോ? ഇല്ലല്ലോ. അതാണ്. അമ്മാതിരി പണിയാണ് നമ്മള് പണിതത്. ആനയുമമ്പാരിയുമടക്കം സകലമാന സംവിധാനങ്ങളുമായി അഞ്ചു വർഷം സമയമെടുത്ത് തയാറാക്കിയ ഒരു വോട്ടർ പട്ടികയിലാണ് ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്ന്‌ തിരഞ്ഞെടുപ്പു കമ്മിഷനടക്കം ശരിവച്ചിരിക്കുന്നത്. 

അപ്പോഴാണ് അഞ്ചു വർഷത്തെ പണി മുഴുവൻ യാതൊരുവിധ അധിക സംവിധാനങ്ങളുമില്ലാതെ കോവിഡിന്റെ അതിതീവ്ര വ്യാപനത്തിനിടയിലും ഏതാനും മാസങ്ങൾ മാത്രം കൊണ്ട് പഞ്ചായത്ത് / തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ ചെയ്തു തീർത്തത്. 

ഇപ്പോ ഒരു അഭിമാനമൊക്കെ തോന്നുന്നില്ലേ പഞ്ചായത്ത് ജീവനക്കാരി/കാരൻ ആണ് എന്നതിൽ? അപ്പോ നുമ്മ ശരിക്കും മാസ്സല്ലേ. അല്ലേ? ഹ ഹ ഹ ! ശ് ശ് ശ്..... ഉറക്കെപ്പറയണ്ട ! അവരെങ്ങാനും കേട്ടാൽ നമ്മളെ പിടിച്ച് ആ തിരഞ്ഞെടുപ്പിന്റെ ചുമതല കൂടി ഏൽപ്പിക്കും!’

English Summary: Panchayath department employees troll revenue department employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com