ADVERTISEMENT

ഭരണ വിരുദ്ധതയും സ്വത്വരാഷ്ടീയവും ഉയര്‍ത്തി, ബംഗാളില്‍ അധികാരം പിടിക്കണമെന്ന ദീര്‍ഘകാല ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി. ഒരു ദശകം മുന്‍പുവരെ ഇടതു കോട്ടയായിരുന്ന സംസ്ഥാനത്ത്, ഈ തിരഞ്ഞെടുപ്പു വിജയത്തിലൂടെ പാര്‍ട്ടിയുടെ വേരുകൾ പടർത്താമെന്ന പ്രതീക്ഷയിലാണ് നേതാക്കളും.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കേന്ദ്രഭരണത്തിലെത്തിയ ബിജെപിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പു വിജയം സംസ്ഥാനത്തെ കേന്ദ്രവിരുദ്ധ വികാരത്തെ മറികടക്കാന്‍ സഹായകമാകുമെന്ന് പാർട്ടി കരുതുന്നു. അഥവാ ഇത്തവണ സംസ്ഥാന ഭരണം കയ്യിൽനിന്നു പോയാലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രക‍ടനം മെച്ചപ്പെടുത്താനുള്ള മുന്നൊരുക്കമായി ഇതിനെ കാണാമെന്നും നേതാക്കൾ കണക്കു കൂട്ടുന്നുണ്ട്. ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും തുരത്തിക്കൊണ്ട് ഭരണവിരുദ്ധത മറികടക്കാനും സംസ്ഥാനത്തെ ഒരു രാഷ്ട്രീയ ശക്തിയായി ഇടംകണ്ടെത്താനും ഈ തിരഞ്ഞെടുപ്പിലൂടെ ബിജെപി ലക്ഷ്യമിടുന്നുണ്ട്.

സംസ്ഥാനത്തെ ഭരണ വിരുദ്ധത, സാമുദായിക ധ്രുവീകരണം, ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം എന്നിവ കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ബിജെപിയുടെ വോട്ട് വിഹിതം പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ സഹായിച്ചിരുന്നു. 2019 ല്‍ 42 ലോക്‌സഭാ സീറ്റുകളില്‍ 18 സീറ്റുകളില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. മമതാ ബാനര്‍ജി അധികാരത്തില്‍ വന്ന 2011 ല്‍ വെറും നാല് ശതമാനമായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 2019 ല്‍ 40 ശതമാനമായി ഉയര്‍ന്നു.

കേന്ദ്ര നേതാക്കളെ അമിതമായി ആശ്രയിക്കുന്നതിന്റെ പേരിൽ ‘പുറംനാട്ടിലെ പാര്‍ട്ടി’ എന്ന് മുദ്രകുത്തപ്പെട്ടിട്ടും, സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ട്. 294 അംഗ നിയമസഭയില്‍ 200 ലധികം സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ‘ബംഗാളില്‍ വിജയിക്കുക എന്നത് ദീര്‍ഘനാളായുള്ള ആഗ്രഹമാണ്. ജനസംഘത്തിന്റെ കാലം മുതല്‍ പാര്‍ട്ടിയുടെ ലക്ഷ്യമാണത്. വളരെക്കാലം ഞങ്ങളെ ഒഴിവാക്കിയ ഒരു സംസ്ഥാനത്ത് ഞങ്ങളുടെ പ്രത്യയശാസ്ത്രപരമായ കാല്‍പാടുകള്‍ ആഴത്തിൽ പതിപ്പിക്കുകയെന്നത് ഒരു പ്രധാന നേട്ടമായിരിക്കും’- ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അത് ഒരു രാഷ്ട്രീയ വിജയം എന്നതിനേക്കാള്‍ പ്രത്യയശാസ്ത്രപരമായ വിജയമാകുമെന്ന് കരുതുന്നതായി മുതിര്‍ന്ന ബിജെപി നേതാവ് തഥാഗത റോയ് പറയുന്നു. ബിജെപിയുടെ മുന്‍ഗാമിയായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നാടായിട്ടും സംസ്ഥാനത്തെ ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി ബിജെപി കണക്കാക്കപ്പെട്ടിരുന്നില്ല.

INDIA-POLITICS-ELECTION-MODI
മാർച്ച് 7 ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് നടന്ന ബിജെപി തിരഞ്ഞെടുപ്പു റാലിയിൽനിന്ന് (Photo: DIBYANGSHU SARKAR / AFP)

∙ ബിജെപിയുടെ വളര്‍ച്ച

30 ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസും ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസിനെയാണു കുറ്റപ്പെടുത്തുന്നതെങ്കിലും, പാര്‍ട്ടി എങ്ങനെ സംസ്ഥാനത്തു ചുവടുറപ്പിച്ചെന്ന് ബംഗാളിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം വ്യക്തമാക്കും. 1952 ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു മഹാസഭയും ഭാരതീയ ജനസംഘവും 13 സീറ്റുകള്‍ നേടിയിരുന്നു; മൊത്തം വോട്ടുകളുടെ എട്ട് ശതമാനം. 1953 ല്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മരണവും 1950 കളുടെ അവസാനത്തില്‍ ഇടതുപക്ഷത്തിന്റെ ഉയര്‍ച്ചയും കാരണം സംസ്ഥാനത്ത് ഹിന്ദു വലതുപക്ഷ സംഘടനകളുടെ രാഷ്ട്രീയ സ്വാധീനം കുത്തനെ ഇടിഞ്ഞു. 1967 ലെയും 1971 ലെയും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ.

1980 ല്‍ ബിജെപി രൂപീകരിച്ചതിനുശേഷം, പാര്‍ട്ടിക്ക് സംസ്ഥാനത്ത് സാന്നിധ്യമില്ലാതായി. ബംഗാളിലെ 34 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണകാലത്ത് 1998 ലും 1999 ലും ഒഴികെ ബിജെപിക്ക് മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. ആ രണ്ടുവര്‍ഷത്തിനിടയില്‍ അന്നത്തെ ടിഎംസിസിയുമായി സഖ്യമുണ്ടാക്കിയ പാര്‍ട്ടിക്ക് രണ്ട് ലോക്‌സഭാ സീറ്റുകളും ഉപതിരഞ്ഞെടുപ്പിൽ ഒരു നിയമസഭാ സീറ്റും ലഭിച്ചു.

INDIA-POLITICS-BJP
ബിജെപി പതാകയുമായി പ്രവർത്തകർ. ഹൗറയിൽനിന്നുള്ള ദൃശ്യം (Photo: DIBYANGSHU SARKAR / AFP)

2011 ല്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തി ടിഎംസി അധികാരത്തില്‍ വന്നതിനുശേഷം കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സ്വാധീനം മെല്ലെ ക്ഷയിച്ചു തുടങ്ങിയതിനും അതു വലിയ തകർച്ചയായതിനും സമാന്തരമായി ബിജെപി മെല്ലെ സ്വാധീനമുറപ്പിക്കുകയായിരുന്നു. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 18 ശതമാനം വോട്ടും രണ്ട് സീറ്റുകളും നേടി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് നിയമസഭാ സീറ്റുകളും 11 ശതമാനം വോട്ടുകളും നേടി.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം പരിശോധിച്ചാല്‍ ടിഎംസിയുടെ 43 ശതമാനം വോട്ട് വിഹിതം കുറയുന്നില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റേത് 29 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായും കോണ്‍ഗ്രസിന്റേത് ആറില്‍നിന്ന് നാലുമായി കുറഞ്ഞു. ബിജെപി സീറ്റ് നില 18 ആയി ഉയർന്നു.

ബംഗാളിലെ ഭരണവിരുദ്ധ വികാരത്തിനു പുറമേ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രീണന രാഷ്ട്രീയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവവും തൃണമൂലിനെതിരെ വെല്ലുവിളിയുയര്‍ത്താന്‍ ബിജെപിയെ സഹായിച്ചു. ഗോത്രവര്‍ഗ ആധിപത്യമുള്ള ജംഗിള്‍മഹലിലും ബംഗ്ലദേശ് അഭയാര്‍ഥികളുടെ ഗണ്യമായ സാന്നിധ്യമുള്ള അതിര്‍ത്തി പ്രദേശങ്ങളിലും ബിജെപി സ്വാധീനം വര്‍ധിപ്പിച്ചു. പ്രത്യേകിച്ച്, ഇടതുപക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെട്ടിരുന്ന മാതുവാസിലും നാംഷുദ്രാസിലും. ആര്‍എസ്എസിന്റെ പ്രവര്‍ത്തനവും ഗ്രാമീണ മേഖലയിലെ ഇടപെടലുകളും ബിജെപിയെ ശക്തിപ്പെടുത്താന്‍ സഹായിച്ചു.

INDIA-POLITICS-PROTEST
ഫെബ്രുവരി 11ന് സിലിഗുരിയിൽ നടന്ന ബൈക്ക് റാലി (Photo: DIPTENDU DUTTA / AFP)

∙ ബിജെപിയുടെ പോരായ്മകൾ

തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി മറ്റു പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കള്‍ക്കായി വാതില്‍ തുറന്നുകൊടുത്ത ബിജെപി, സുവേന്ദു അധികാരി, രാജിബ് ബാനര്‍ജി തുടങ്ങിയ നിരവധി നേതാക്കൾക്ക് തിര‍ഞ്ഞെടുപ്പിൽ സീറ്റും പാർട്ടിയിൽ സ്ഥാനമാനങ്ങളും നൽകി. മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് ‘അണ്‍ചെക്ക് എന്‍ട്രി’ നല്‍കിയത് പാര്‍ട്ടിക്കുള്ളിലെ കലഹത്തിനും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധത്തിനും വഴിയൊരുക്കി. പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ പലര്‍ക്കുമെതിരെ അഴിമതി ആരോപണം നിലനില്‍ക്കുന്നതിനാല്‍, അഴിമതിക്കെതിരായി പോരാടുന്നുവെന്ന ബിജെപിയുടെ അവകാശവാദത്തെ അത് ദുര്‍ബലമാക്കുകയും ചെയ്തു.

അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐഎസ്എഫ്) മൽസരിക്കാനിറങ്ങിയതോടെ, തൃണമൂല്‍ കോണ്‍ഗ്രസിനെ മുസ്‌ലിംകള്‍ക്കുള്ള പാര്‍ട്ടിയായി മുദ്രകുത്താനും പ്രീണന രാഷ്ട്രീയമെന്ന വാദം ഉയര്‍ത്താനും ഇനി ബിജെപിക്കാവില്ല. അതേസമയം, ഐഎസ്എഫ് തൃണമൂലിന്റെ മുസ്‍ലിം വോട്ടുകളെ സ്വാധീനിച്ചേക്കാമെന്നത് ബിജെപിക്ക് പ്രതീക്ഷയേകുന്നു. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം പോളിങ് ബൂത്തുകളില്‍ 20 ശതമാനത്തോളം ഇടത്തും ബിജെപിക്ക് ഇപ്പോഴും സാന്നിധ്യമില്ലെന്നതും ഒരു തിരിച്ചടിയാണ്.

14 ലക്ഷം ഹിന്ദുക്കള്‍ ഉള്‍പ്പെടെ 19 ലക്ഷത്തിലധികം പേരെ ഒഴിവാക്കി 2019 ഡിസംബറില്‍ അസമില്‍ പ്രസിദ്ധീകരിച്ച അന്തിമ എന്‍ആര്‍സി പട്ടിക ബിജെപിയെ ‘ബംഗാളി വിരുദ്ധ’ പാര്‍ട്ടിയായി മുദ്രകുത്താനുള്ള സുവര്‍ണാവസരം തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കിയിരുന്നു. അപകടം മനസ്സിലാക്കിയ ബിജെപി രാജ്യവ്യാപകമായി എന്‍ആര്‍സിക്ക് വേണ്ടിയുള്ള പദ്ധതി ഉപേക്ഷിക്കുകയും സിഎഎ വഴി പൗരത്വം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. അധികാരത്തിലേറിയാൻ സിഎഎ നടപ്പാക്കുമെന്നാണ് ബിജെപിയുടെ ഉറപ്പ്.

English Summary: Bengal: BJP at a "striking distance" of fulfilling a long-cherished dream

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com