ADVERTISEMENT

ചെന്നൈ ∙ മ്യാൻമറിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്ന സൈനിക ഭരണകൂടം, രാജ്യാന്തര അവയവ മാഫിയയുമായി ചേർന്ന് അവയവക്കച്ചവടവും നടത്തുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. തടവിലാക്കപ്പെട്ട ഓങ് സാൻ സൂ ചിയുടെ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡമോക്രസിയുടെ (എൻഎൽഡി) മുതിർന്ന നേതാവ് ഡോ. വിൻ നെയ്ങ് ആണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. 

കൊല്ലപ്പെടുന്നവരുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽക്കാതിരിക്കാനാണ് തലയ്ക്കു നേരെ വെടിയുതിർക്കുന്നത്. ആരോഗ്യവാന്മാരായ യുവാക്കളെയാണ് കൂടുതലും ലക്ഷ്യമിടുന്നത്. കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങളിൽനിന്ന് അവയവങ്ങൾ മുറിച്ചുമാറ്റി അവയവ മാഫിയകൾക്കും അധോലോക സംഘങ്ങൾക്കും കൈമാറുകയാണ് – പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച മ്യാൻമർ വെബിനാറിൽ ഡോ. വിൻ നെയ്‌ങ് പറഞ്ഞു.

സൈനികത്തലവൻ മിൻ ഓങ് ലെയ്ങ്ങിന്റെ അധികാരത്തോടുള്ള ആർത്തിയാണ് അട്ടിമറിയിലേക്കു നയിച്ചത്. വൈസ് പ്രസിഡന്റാക്കാമോ എന്ന അഭ്യർഥനയുമായി ലെയ്ങ് നേരത്തേ പ്രസിഡന്റ് വിൻ മിന്റിനെയും സ്റ്റേറ്റ് കൗൺസലർ (പ്രധാനമന്ത്രി) ഓങ് സാൻ സൂ ചിയെയും സമീപിച്ചിരുന്നു. ഈ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നും പിന്നീടാണ് അട്ടിമറിയുടെ വഴി തിരഞ്ഞെടുത്തതെന്നും ഡോ. വിൻ നെയ്ങ് പറഞ്ഞു.

ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് മാനേജിങ് ട്രസ്റ്റി പി.എം.ഹെബ്ലികർ, ചെന്നൈ സൈന്റർ ഫോർ ചൈന സ്റ്റഡീസ് ഡയറക്ടർ കമ്മഡോർ ആർ.ശേഷാദ്രി വാസൻ, സ്ട്രാറ്റജിക് സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് അനലിസ്റ്റ് കേണൽ ആർ.ഹരിഹരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ശശി നായർ മോഡറേറ്ററായിരുന്നു. 

English Summary: Myanmar military government associate with international organ mafia allegis NLD leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com