ADVERTISEMENT

ന്യൂഡല്‍ഹി ∙ ഇലക്ടറല്‍ ബോണ്ടുകള്‍ തടയാനാവില്ലെന്നു സുപ്രീംകോടതി. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ബോണ്ടുകള്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി. ഇലക്ടറല്‍ ബോണ്ടുകള്‍ ഇല്ലെങ്കില്‍ രാഷ്ട്രീയകക്ഷികള്‍ നേരിട്ടുള്ള പണമിടപാടു നടത്തുമെന്നുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം അംഗീകരിച്ചാണു കോടതി നടപടി. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ ബോണ്ടുകള്‍ പുറത്തിറക്കുന്നതു സ്‌റ്റേ ചെയ്യണം എന്ന ആവശ്യം കോടതി തള്ളി. ബോണ്ടുകളുടെ ഇടപാടില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു കമ്മിഷന്‍ അറിയിച്ചു.

2018, 2019 വര്‍ഷങ്ങളില്‍ ബോണ്ടുകള്‍ പുറത്തിറക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യത്തിനു മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ വില്‍പന സ്‌റ്റേ ചെയ്യാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഏപ്രില്‍ ഒന്നു മുതല്‍ പത്ത് വരെയാണ് ബോണ്ടിന്റെ പുതിയ വില്‍പന നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ഇടക്കാല സ്‌റ്റേ അനുവദിക്കണം എന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്.

ഭരണകക്ഷിക്കു കൈക്കൂലി, സംഭാവനയായി സ്വീകരിക്കാനുള്ള ഉപകരണമായി ഇലക്ടറല്‍ ബോണ്ട് മാറിയിരിക്കുന്നുവെന്നു സംഘടനയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കള്ളപ്പണത്തിനെതിരായ ഭരണകക്ഷിയുടെ യഥാര്‍ഥ നിലപാടാണ് ഇലക്ടറല്‍ ബോണ്ടിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകക്ഷി മാത്രമല്ല ഇലക്ടറല്‍ ബോണ്ടുകളുടെ ഗുണഭോക്താക്കളെന്നു ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.

പാര്‍ട്ടികളുടെ പ്രധാന വരുമാനം

ഇലക്ടറല്‍ ബോണ്ടുകള്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വരുമാന മാര്‍ഗമാണ്. സംഭാവന നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ ഇലക്ടറല്‍ ബോണ്ടാണു ധനസമാഹരണത്തിനു പാര്‍ട്ടികള്‍ക്കു പ്രിയങ്കരവും. ഇലക്ടറല്‍ ബോണ്ട് വഴി ഇതുവരെ സംഭാവനയായി ലഭിച്ചത് 6514.50 കോടി രൂപ. 2018 മാര്‍ച്ച് മുതല്‍ 2021 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 6534.78 കോടി രൂപയുടെ 12,924 ബോണ്ടുകളാണു വിറ്റത്. ഇതില്‍ 6514.50 കോടിയുടെ 12,780 ബോണ്ടുകള്‍ പാര്‍ട്ടികള്‍ പണമാക്കി മാറ്റിയെടുത്തു. 

2018 മാര്‍ച്ച് മുതലാണ് ബോണ്ടുകളുടെ വില്‍പന തുടങ്ങിയത്. ഇതുവരെ ഇറക്കിയതിൽ 55.43% വിറ്റഴിച്ചത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്താണ്. 1000, 10000, 1 ലക്ഷം, 10 ലക്ഷം, 1 കോടി എന്നിങ്ങനെയുള്ള ബോണ്ടുകളാണു ലഭ്യമായിട്ടുള്ളത്. ഇതുവരെ ഇറക്കിയതിൽ 6015 കോടിയുടെ ബോണ്ടുകള്‍ വിറ്റത് ഒരു കോടിയുടെ ബോണ്ടുകളായാണ്. ഈ ബോണ്ടുകള്‍ വാങ്ങിയതു വ്യക്തികളേക്കാള്‍ കോര്‍പറേറ്റ് കമ്പനികളാണെന്നു വ്യക്തം.

ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സ്വീകരിക്കുന്നതില്‍ സുപ്രീംകോടതി ആശങ്കയും രേഖപ്പെടുത്തി. ഇത്തരത്തില്‍ സ്വീകരിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കുന്നുണ്ടാവില്ലേ എന്നാണു സുപ്രീംകോടതി ബുധനാഴ്ച കേന്ദ്രത്തോടു ചോദിച്ചത്. ബോണ്ട് വഴി ലഭിക്കുന്ന പണം എന്തിനെല്ലാമാണ് ഉപയോഗിക്കുന്നതെന്ന് അറിയാനുള്ള മാര്‍ഗമുണ്ടോയെന്നും കേന്ദ്രത്തിനു നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടോയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ആരാഞ്ഞു.

2017-18, 2018-19 വര്‍ഷത്തില്‍ 2760.20 കോടി രൂപയുടെ സംഭാവനയാണു ബോണ്ടുകളായി പാര്‍ട്ടികള്‍ക്കു ലഭിച്ചത്. ഇതില്‍ 60.17%, അതായത് 1660.89 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണ്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് ബോണ്ടുകളായി ലഭിച്ചത് 210 കോടിയുടെ സംഭാവന. 2018- 19 വര്‍ഷത്തില്‍ ഇത് 1450 കോടിയായി വര്‍ധിച്ചു. 2018-19 വര്‍ഷത്തില്‍ കോണ്‍ഗ്രസിന് ബോണ്ട് വഴി ലഭിച്ചത് 383 കോടിയുടെ സംഭാവന. ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 52% ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇത് 53.83% ആണ്.

എന്താണ് ഇലക്ടറല്‍ ബോണ്ട്?

2018 ജനുവരി 29നു ഫിനാന്‍സ് ബില്‍ വഴിയാണു കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പാക്കിയത്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും എസ്ബിഐയുടെ തിരഞ്ഞെടുത്ത ശാഖകളില്‍നിന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം. ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവനയായി നല്‍കാം. പാര്‍ട്ടികള്‍ക്ക് ഇതു ബാങ്ക് അക്കൗണ്ട് വഴി പണമാക്കി മാറ്റിയെടുക്കാം. വ്യക്തികളും കമ്പനികളും നേരിട്ടു സംഭാവന നല്‍കുന്നതിനു പകരം ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കുകയെന്നതാണു പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

2018 മാര്‍ച്ച് മുതല്‍ ബോണ്ടുകളുടെ വില്‍പന ആരംഭിച്ചു. ഓരോ പാദത്തിലെയും ആദ്യത്തെ 10 ദിവസമാണു വില്‍പന. അതായത് ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ ആദ്യ പത്തു ദിവസങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട എസ്ബിഐ ബാങ്കുകള്‍ വഴി ബോണ്ട് വാങ്ങാം. ലോക്‌സഭാ തിരഞ്ഞെടുപ്പു വര്‍ഷം മാത്രം ബോണ്ട് വില്‍പനയ്ക്ക് 30 ദിവസം കൂടി അധികമായി അനുവദിക്കും. പാര്‍ട്ടികള്‍ ഇത് 15 ദിവസത്തിനുള്ളില്‍ അക്കൗണ്ട് വഴി പണമാക്കി മാറ്റിയെടുക്കണം. മാറ്റിയെടുക്കാത്ത ബോണ്ടുകളുടെ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ബാങ്ക് കൈമാറും. 99.69% ഇലക്ടറല്‍ ബോണ്ടുകളും പാര്‍ട്ടികള്‍ പണമാക്കി മാറ്റിയെടുത്തു.

നേരിട്ടു നല്‍കുന്നതില്‍നിന്ന് ഇലക്ടറല്‍ ബോണ്ടുകളെ വ്യത്യസ്തമാക്കുന്നത് ആരാണു സംഭാവന നല്‍കിയതെന്ന കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വെളിപ്പെടുത്തേണ്ട എന്നതാണ്. ഇലക്ടറല്‍ ബോണ്ടുകളില്‍ അതുവാങ്ങുന്ന ആളിന്റെ പേരുണ്ടാകില്ല. അതിനാൽ പാര്‍ട്ടികള്‍ ഇതു പണമാക്കി മാറ്റിയെടുക്കുമ്പോഴും ആരാണു നല്‍കിയതെന്നു മനസ്സിലാക്കാനാകില്ല. കമ്പനികള്‍ക്കും ബോണ്ടുകള്‍ ആര്‍ക്കാണു നല്‍കിയതെന്നു വെളിപ്പെടുത്തേണ്ട കാര്യമില്ല. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനം നേടിയ പാര്‍ട്ടികള്‍ക്കു മാത്രമേ ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാനാവൂ.

English Summary: Electoral Bonds Won't Be Stopped, Says Supreme Court Ahead Of State Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com