ADVERTISEMENT

കൊച്ചി ∙ ‘ഒരു കമ്പനി വരുന്നു, ധാരണാപത്രം ഒപ്പിടുന്നു, വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറിയും മന്ത്രിയും സർക്കാരും ഒന്നുമറിഞ്ഞില്ല’– ഇഎംസിസിയുമായുള്ള ആഴക്കടൽ മത്സ്യബന്ധന പദ്ധതി വിവാദമായപ്പോൾ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇതായിരുന്നു. എന്നാൽ കാര്യങ്ങളെല്ലാം കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) എംഡി എൻ.പ്രശാന്ത്, മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കറിനെയും അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെയും അറിയിച്ചിരുന്നു എന്നതിന്റെ വാട്സാപ് ചാറ്റ് പുറത്തു വന്നതോടെ മുഖ്യമന്ത്രി നിലപാടു മാറ്റി.

അഡീഷനൽ സെക്രട്ടറിയെ കാര്യങ്ങൾ അറിയിച്ചതു ഗൂഢാലോചനയായിരുന്നു എന്ന പുതിയ നിലപാടിലെത്തി മുഖ്യമന്ത്രി. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്ക് ഇക്കാര്യം അറിയില്ലെന്നും അദ്ദേഹം സന്ദേശങ്ങൾക്കു സ്വാഭാവികമായി നൽകുന്ന മറുപടി മാത്രമാണു നൽകിയതെന്നുമാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചത്. വിവരാവകാശ രേഖകളിലൂടെയാണ് എൻ.പ്രശാന്തും മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കറുമായുമുള്ള വാട്സാപ് ചാറ്റ് സന്ദേശങ്ങൾ പുറത്തുവന്നത്. കെഎസ്ഐഎൻസി ധാരണാപത്രത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള തീരുമാനമാണ് ഇതു പുറത്തുവരാൻ കാരണമായതും.

വിശദീകരണം തേടിയ അഡീഷനൽ ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതരുമായി നടത്തിയ വാട്സാപ് ചാറ്റ് ഉൾപ്പെടെ പ്രശാന്ത് നൽകുകയായിരുന്നു. ഇതോടെ ഇത് ഔദ്യോഗിക രേഖകളുടെ ഭാഗമായി. പിന്നാലെയാണു കത്ത് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. അതേസമയം, ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച വിവാദങ്ങളിൽ മാധ്യമങ്ങളോടു പ്രതികരണത്തിനില്ലെന്ന നിലപാടിലാണു പ്രശാന്ത്. കരാർ വിവാദമായ ശേഷം മാധ്യമങ്ങളിൽനിന്ന് അകലം പാലിക്കുകയാണ് അദ്ദേഹം.

വിവാദമായ ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രം ഒപ്പിട്ടത് കെഎസ്ഐഡിസി എംഡിയായിരുന്ന എം.ജി.രാജമാണിക്യം ആണ്. ഇതിലാണു സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധന നയം ലംഘിക്കപ്പെട്ടത്. പ്രതിഷേധങ്ങൾ ഉയർന്നതോടെ ഇതു റദ്ദാക്കി. ധാരണാപത്രത്തിന് അനുമതി നൽകിയത് ആരെന്ന് അന്വേഷിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല. 

English Summary: Deep-sea fishing row: WhatsApp chats put CMO in a spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com