ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. റിട്ട. ജഡ്ജി കെ.വി.മോഹനനെ കമ്മിഷനാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു വിടുന്നുവെന്നും ആരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങി അഞ്ചു കാര്യങ്ങളാണ് കമ്മിഷന്റെ പരിഗണനയിൽപ്പെടുത്തുക. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാന്‍ പ്രതികൾക്കുമേലുള്ള സമ്മർദം, അതിനു പിന്നിൽ ആരൊക്ക തുടങ്ങിയ കാര്യങ്ങളും കമ്മിഷൻ പരിഗണിക്കും. ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കിരെ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മിഷന്റെ നിയമനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാര്യം അനിവാര്യമാണ്. അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയ ഉദ്യോഗസ്ഥയുടെ മൊഴി മജിസ്ട്രേട്ടിനു മുൻപാകെ രേഖപ്പെടുത്തി തെളിവുനിയമപ്രകാരം കേസ് ശക്തമാക്കാൻ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു.

2020 ഓഗസ്റ്റ് 12, 13 തീയതികളിൽ ഇഡി ചോദ്യം ചെയ്ത സന്ദർഭത്തിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ അന്വേഷണ സംഘം സ്വപ്ന സുരേഷിനെ നിർബന്ധിക്കുന്നത് അവരുടെ സമീപമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ നേരിട്ടു കേട്ടതായാണു മൊഴി. ഇതേ മൊഴി മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്താനാണു ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.

English Summary: Kerala Government orders judicial inquiry against central agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com