ADVERTISEMENT

പത്തനംതിട്ട∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ജില്ലയിൽ നടത്തിയ റോഡ് ഷോയ്ക്ക് വാഹനം വിട്ടു നൽകിയത് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു. എതിർ മുന്നണിക്കു വാഹനം വിട്ടുനൽകിയതിൽ രാഷ്ട്രീയമില്ലെന്നും കമ്പനിയുടെ ഡീലർ എന്ന നിലയിൽ വാഹനം നൽകിയതാണെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. 

രാഹുൽ ഗാന്ധിക്ക് സഞ്ചരിക്കാൻ മറ്റൊരു വാഹനമാണ് ഒരുക്കിയിരുന്നത്. ഇതിന്റെ സൺ റൂഫ് മാറ്റിയാൽ ഒരാൾക്ക് മാത്രമേ മുകളിൽ ഇരിക്കാൻ കഴിയു. സ്ഥാനാർഥിയെ ഒപ്പമിരുത്തേണ്ടതിനാൽ അത് ഉപയോഗിക്കാൻ കഴിയില്ലെന്നു രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും യാത്ര ഏകോപിപ്പിക്കുന്ന എഐസിസി സംഘവും അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന റോഡ് ഷോയിൽ രാഹുൽ ഉപയോഗിച്ച വാഹനം ലഭിക്കുമോ എന്ന അന്വേഷണമാണ് എൻ.എം. രാജുവിലെത്തിയത്. ആവശ്യമറിയിച്ചപ്പോൾ അദ്ദേഹം വാഹനം വിട്ടു നൽകി.

പാതി മയക്കത്തിലായിരുന്ന യുഡിഎഫിന് പുത്തനുണർവേകിയാണ് പത്തനംതിട്ടയിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തിയത്. കോന്നിയിലും റാന്നിയിലും പത്തനംതിട്ടയിലും രാഹുൽ ഗാന്ധിയെ കാത്തുനിന്നത് ജനസാഗരമാണ്. പ്രവർത്തകരിൽ ആത്മവിശ്വാസവും ഊർജ്ജവും നിറച്ചാണ് പത്തനംതിട്ടയിലെ പ്രചാരണം രാഹുൽ  അവസാനിപ്പിച്ചത്.

രാവിലെ പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം രാഹുൽ ഗാന്ധി കോന്നിയിലേക്കെത്തി. റോഡിനിരുവശവും, ചെറുകവലകളിലും അഭിവാദ്യമറിയിച്ച് ജനം നിറഞ്ഞു. പ്രവർത്തകരാൽ നിറഞ്ഞ കോന്നി നഗരത്തിൽ പൊതുയോഗം. കോന്നിയിൽനിന്ന് റോഡ് ഷോ പത്തനംതിട്ടയിലേക്ക്. പത്തനംതിട്ടയിലും പ്രവർത്തകർ രാഹുലിനെ കേട്ടു. 

റാന്നിയിലേക്കുള്ള യാത്രയിലും റോഡരികിൽ കാത്തുനിന്നവർക്കിടയിലേയ്ക്ക് രാഹുലെത്തി. വോട്ടഭ്യർഥിച്ചു. കുട്ടികൾക്കൊപ്പം അൽപനേരം ചെലവഴിച്ചു. അക്രമമല്ല, സാഹോദര്യവും സൗഹാർദവുമാണ് തങ്ങളുടെ മാർഗമെന്ന് രാഹുൽ പറഞ്ഞു. കേരളത്തിൽ സാധാരണക്കാരന് ജോലികിട്ടാത്ത സാഹചര്യമാണുള്ളതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലെ പര്യടനം കഴിഞ്ഞ് രാഹുൽ അടുത്ത ജില്ലയിലേക്കു കടന്നു.

English Summary : Rahul Gandhi road show in Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com