ADVERTISEMENT

ന്യൂഡല്‍ഹി∙ ആഗോള ശരാശരി താപവര്‍ധന 1.5 ഡിഗ്രി സെലിഷ്യസ് ആയി നിജപ്പെടുത്താന്‍ കഴിഞ്ഞാലും വരും ദശാബ്ദങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിമാരകമായ ഉഷ്ണതരംഗങ്ങള്‍ സ്ഥിരമാകുമെന്നു പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറയിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് അതീവഗുരുതരമായ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

താപനില ഉയരുന്നതും ഉഷ്ണക്കാറ്റ് രൂക്ഷമാകുന്നതും ഇന്ത്യയിലെ പ്രധാന കാര്‍ഷിക മേഖലകളായ ഉത്തര്‍പ്രദേശ്, ബംഗാള്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിലെ തൊഴില്‍ സാഹചര്യം വരെ മാറിമറിയാന്‍ സാധ്യതയുണ്ട്. 

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഭാവി അത്ര സുരക്ഷിതമല്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആഗോളതാപനം എത്രത്തോളം കുറയ്ക്കാന്‍ കഴിയുന്നോ അത്രത്തോളം അപകടം ഒഴിവാക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറഞ്ഞു. ആഗോള ശരാശരി താപവര്‍ധന 1.5 ഡിഗ്രി സെലിഷ്യസ് ആയാല്‍ പോലും പല മേഖലകളുടെയും നില വഷളാകും. ശരാശരി താപവര്‍ധന 2 ഡിഗ്രി സെലിഷ്യസ് ആയാല്‍ തൊഴിലാളികള്‍ ഇപ്പോഴുള്ളതിനേക്കാള്‍ രണ്ട് മടങ്ങ് സുരക്ഷിതമല്ലാത്ത അവസ്ഥയിലാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ സാഹചര്യത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുകയാണ് ഏക പോംവഴി.  

വ്യാവസായിക വിപ്ലവത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ആഗോള ശരാശരി താപവര്‍ധന ഒരു ഡിഗ്രി സെലിഷ്യസ് ആണ്. 2040 ആകുമ്പോള്‍ അത് 1.5 ഡിഗ്രി സെലിഷ്യസ് ആകുമെന്നാണ് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്  വ്യക്തമാക്കുന്നത്. എന്നാല്‍ ഈ അര ഡിഗ്രിയുടെ വര്‍ധന പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമൊന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

English Summary: Scientists Warn Of Deadly Heat Waves In India, In Spite Of Climate Goals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com