ADVERTISEMENT

മോസ്‌കോ∙ റഷ്യയില്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്ക് ജയിലില്‍ നേരിടേണ്ടിവരുന്നത് കൊടിയ ദുരിതങ്ങളെന്ന് വെളിപ്പെടുത്തല്‍. നവല്‍നിയെ ഉറങ്ങാന്‍ അനുവദിക്കാതെ ജയില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കടുത്ത നടുവേദനയ്ക്ക് ചികിത്സ നല്‍കുന്നില്ല. രാത്രി മുഴുവന്‍ വിശ്രമിക്കാന്‍ അനുവദിക്കുന്നില്ലെന്നു നവല്‍നിയുടെ ഭാര്യ യൂലിയയും സമൂഹമാധ്യമത്തിൽ ആരോപിച്ചു. 

വിഷബാധയേറ്റ് ജര്‍മനിയില്‍ ചികിത്സയ്ക്കു ശേഷം മരണത്തിന്റെ വക്കില്‍നിന്ന് റഷ്യയില്‍ തിരിച്ചെത്തിയ നവല്‍നിയെ ജനുവരി 17നാണ് അറസ്റ്റ് ചെയ്തത്. സൈനിക കോടതി രണ്ടരവര്‍ഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ജയിലില്‍ രാത്രി നവല്‍നി ഉറങ്ങുന്നതിനിടെ ഓരോ മണിക്കൂറിലും ഗാര്‍ഡ് എത്തി അദ്ദേഹത്തെ ഉണര്‍ത്തും. ശരിയായ ഉറക്കം അനുവദിക്കാത്തത് കടുത്ത പീഡനമാണെന്നും ആരോഗ്യനില ക്ഷയിക്കാന്‍ ഇടയാക്കുമെന്നും നവല്‍നിയുടെ അഭിഭാഷകന്‍ പറഞ്ഞു.

മോസ്‌കോയ്ക്ക് 110 മൈല്‍ കിഴക്കുള്ള ജയിലിലാണ് നവല്‍നിയെ പാര്‍പ്പിച്ചിരിക്കുന്നത്. നിരന്തരം മാനസികമായി പീഡിപ്പിച്ച് കുറ്റവാളികളെ തകര്‍ക്കാനായി പ്രത്യേകം തയാറാക്കിയിരിക്കുന്ന സെല്ലുകളാണിവിടെയുള്ളത്. വിവിധ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച ശേഷമാണ് നവല്‍നിയെ മാര്‍ച്ച് 15-ന് ഇവിടേക്ക് എത്തിച്ചത്. തടവുകാര്‍ക്ക് വിശ്രമം അനുവദിക്കാതെ കൊടുംപീഡനമാണ് ഇവിടെ നടക്കുന്നതെന്ന് മുമ്പ് ഇവിടെ കഴിഞ്ഞിട്ടുള്ള ചിലര്‍ വെളിപ്പെടുത്തി. 

രാഷ്ട്രീയ ജീവിതത്തിലും നവല്‍നിക്കു വര്‍ഷങ്ങളോളം കടുത്ത പീഡനമാണ് അനുഭവിക്കേണ്ടിവന്നത്. 2013ല്‍ മോസ്‌കോ മേയര്‍ തിരഞ്ഞെടുപ്പില്‍ നവല്‍നി രണ്ടാമതെത്തിയത് സര്‍ക്കാരിനെ ഞെട്ടിച്ചു. തുടര്‍ന്ന് മത്സരിക്കാന്‍ കഴിയാത്ത തരത്തില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ദേഹത്തിനെതിരെ ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. 2015ല്‍ നവല്‍നിയുടെ സഹോദരനെ മൂന്നരവര്‍ഷം ജയിലിലടച്ചു.

2017ല്‍ ഒരു അക്രമി നവല്‍നിയുടെ മുഖത്ത് പച്ചനിറത്തിലുള്ള ദ്രാവകം ഒഴിച്ചതോടെ കാഴ്ച തകരാറിലായി. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അദ്ദേഹത്തിനു നേരേ വിഷപ്രയോഗം ഉണ്ടായത്. പക്ഷെ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് മരണത്തിന്റെ പിടിയില്‍നിന്നു നവല്‍നി തിരിച്ചുവന്നു. സോവിയറ്റ് രാസായുധമായ നോവിചോക്കിനു സമാനമായ വിഷമാണ് നവല്‍നിക്കു നേരെ പ്രയോഗിച്ചത്. എന്നാല്‍ തെളിവില്ലെന്നായിരുന്നു റഷ്യയുടെ നിലപാട്.

English Summary: Jailed Putin opponent Navalny says his health is worsening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com