ADVERTISEMENT

കയ്റോ ∙ ഒരാഴ്ചയായി സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ നീക്കാനുള്ള ശ്രമം ഒടുവിൽ വിജയിച്ചു. ദിവസങ്ങൾ നീണ്ട ശ്രമകരമായ ദൗത്യത്തിനാണ് വിജയകരമായ പര്യവസാനമായത്. കനാൽ വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാരണ നിലയിലാകുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ 369 കപ്പലാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നത് കാത്ത് കനാൽ മാർഗത്തിലുള്ളത്. 

കനാലിൽ കുടുങ്ങിയ എവർഗ്രീൻ മറീൻ കമ്പനിയുടെ എവർ ഗിവൺ കപ്പലിനെ വേലിയേറ്റ സമയത്ത് ടഗ്ഗ് കപ്പലുകൾ ഉപയോഗിച്ച് കൂടുതൽ ചലിപ്പിച്ചാണ് വലിച്ചുമാറ്റിയത്. ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരുന്നത്.

400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ കഴിഞ്ഞ 23ന് രാവിലെയാണു പ്രതികൂല കാലാവസ്ഥയിൽ കനാലിൽ കുടുങ്ങിയത്. 260 ചരക്കുകപ്പലുകൾ ഇരുവശത്തും പെട്ടതോടെ സ്ഥിതി സങ്കീർണമായി. തുടർന്ന് കുടുങ്ങിയ ചരക്കുകപ്പൽ നീക്കാൻ അതോറിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി അതിതീവ്ര ശ്രമം നടത്തിവരികയായിരുന്നു. എവർ ഗിവണിന് അനക്കംവച്ചു തുടങ്ങിയെന്ന് തിങ്കളാഴ്ച രാവിലെ സൂയസ് കനാൽ അതോറിറ്റി വാർത്ത പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് ദൗത്യം വിജയിച്ച ശുഭവാർത്ത എത്തിയത്.

74 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയതിനെ തുടർന്നാണ് കപ്പൽ കനാലിനു കുറുകെ കുടുങ്ങിയെന്നാണു പ്രാഥമിക റിപ്പോർട്ട്. എന്നാൽ, കപ്പൽ കുടുങ്ങിയതിനു പിന്നിൽ കാറ്റു മാത്രമല്ലെന്നും മാനുഷിക പിഴവുകളും സാങ്കേതികപ്രശ്നങ്ങളും ഉണ്ടാകാമെന്ന് സൂയസ് കനാൽ അതോറിറ്റി ചീഫ് ഒസാമ റാബി പറഞ്ഞു.

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ്. മുഖ്യമായും എണ്ണയും ഭക്ഷ്യധാന്യങ്ങളും കയറ്റിയ ചരക്കുകപ്പലുകളാണ് ഇതുവഴി പോകുന്നത്. പ്രതിദിനം ആഗോള ചരക്കുകപ്പൽ ഗതാഗതത്തിന്റെ 33% ശതമാനവും 193 കിലോമീറ്റർ ദൈർഘ്യമുള്ള സൂയസ് കനാൽ വഴിയാണ്, ഇതാകട്ടെ ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനവും.

കനാൽ വഴിയുള്ള എണ്ണക്കയറ്റുമതിയിൽ മുന്നിൽ റഷ്യയും സൗദി അറേബ്യയുമാണ്. എണ്ണ ഇറക്കുമതിയിൽ മുന്നിൽ ഇന്ത്യയും ചൈനയും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലഗതാഗത സംവിധാനമായ സൂയസ് കനാൽ ഈജിപ്തിന്റെ അധീനതയിലാണ്.

English Summary: "She's Free"; Giant ship stuck in Suez Canal afloat, traffic resuming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com