ADVERTISEMENT

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന മന്ത്രാലയങ്ങളുമായോ സംസ്ഥാനങ്ങളുമായോ ആലോചിച്ചിരുന്നില്ലെന്ന് രാജ്യാന്തര മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ, ധന, ദുരന്തനിവാരണ മന്ത്രാലയങ്ങളില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച 240 മറുപടികള്‍ പരിശോധിച്ചാണ് ബിബിസി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് വിദഗ്ധരുമായോ സര്‍ക്കാര്‍ വകുപ്പുകളുമായോ ഒരു തരത്തിലുള്ള ആലോചനയും നടന്നിട്ടില്ലെന്നാണു തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ നിര്‍ണായക ചുമതല വഹിച്ചിരുന്ന ആഭ്യന്തരമന്ത്രാലയം മുറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല. എന്തുകൊണ്ടാണ് വകുപ്പുകളുമായി മുന്‍കൂട്ടി ചര്‍ച്ച നടത്താതിരുന്നത് എന്ന ചോദ്യത്തോട് കേന്ദ്രസര്‍ക്കാരും പ്രതികരിച്ചില്ലെന്ന് ബിബിസി വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആ സമയത്ത് 519 കേസുകളും ഒമ്പതു മരണങ്ങളുമാണ് ഉണ്ടായിരുന്നത്. വൈറസ് വ്യാപനം തടയാനും പരിശോധനകളും നിരീക്ഷണ സംവിധാനങ്ങളും ഊര്‍ജിതമാക്കാനും ലോക്ഡൗണ്‍ ഉപകരിക്കുമെന്നായിരുന്നു വിദഗ്ധരുടെ പ്രതീക്ഷ. എന്നാല്‍ 68 ദിവസം നീണ്ട, ലോകത്തെ തന്നെ ഏറ്റവും കര്‍ശനമായ ലോക്ഡൗണില്‍ സാധാരണക്കാരില്‍ പലരും തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. 

സര്‍ക്കാര്‍ പദ്ധതികളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ദരിദ്രരായ കുട്ടികളും സ്ത്രീകളും നിരാലംബരായി. പ്രതിരോധ കുത്തിവയ്പുകളും തടസപ്പെട്ടു. മുംബൈ, ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ പോലും മറ്റു രോഗങ്ങളുണ്ടായിരുന്നവര്‍ ചികിത്സ ലഭിക്കാതെ വലഞ്ഞു. ദിവസവേതനത്തിനു ജോലി ചെയ്തിരുന്ന ലക്ഷക്കണക്കിനാളുകളെയാണ് ലോക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന്. ഇവര്‍ക്ക് എത്രകാലത്തിനുള്ളില്‍ വീണ്ടും പഴയ നിലയിലേക്ക് മടങ്ങാനാകുമെന്ന് പ്രവചിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. 

നരേന്ദ്ര മോദി
നരേന്ദ്ര മോദി

യാതൊരു ആലോചനയും കൂടാതെയുള്ള ലോക്ഡൗണ്‍ മൂലം, മറ്റിടങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ കൂട്ടത്തോടെ തിരിച്ചെത്തിയ ഘട്ടത്തില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കു കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പൊതുഗതാഗത സംവിധാനം നിശ്ചലമായതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ നൂറുകണക്കിനു കിലോമീറ്റര്‍ നടക്കേണ്ടിവന്നു. പലരും പട്ടിണി മൂലമോ അപകടത്തില്‍പെട്ടോ വഴിയില്‍ വീണു മരിച്ചു.

ലോക്ഡൗണിനെക്കുറിച്ച് പ്രധാനമന്ത്രിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിരുന്നില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ഡൗണിനെ കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് ഡല്‍ഹി, അസം, തെലങ്കാന മുഖ്യമന്ത്രിമാരുടെ ഓഫിസും പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് ഗവര്‍ണമാരും മറുപടി നല്‍കിയിരുന്നുവെന്ന് ബിബിസി  അറിയിച്ചു. പ്രാദേശിക തലത്തിലുള്ള ലോക്ഡൗണ്‍ പര്യാപതമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്കു പ്രതിരോധ നടപടികളില്‍ കൂടുതല്‍ സ്വാധീനമുണ്ടാകുമായിരുന്നുവെന്നും ഒരു വിഭാഗം വിദഗ്ധരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്താകെ ലോക്ഡൗണ്‍ നടപ്പാക്കിയതിലൂടെ ആയിരങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 

എന്നാല്‍ കര്‍ശനമായ ലോക്ഡൗണ്‍ നടപ്പാക്കിയതു മൂലം ഇന്ത്യയില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്ന് ചില പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലോക്ഡൗണ്‍ സമയം ഉപകാരപ്പെട്ടുവെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോക്ഡൗണ്‍ ഇളവു വന്നതോടെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു. അമേരിക്കയും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് നിലവില്‍ ഇന്ത്യ. 

ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ 30 സംസ്ഥാനങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 2020 മാര്‍ച്ച് 31 വരെയായിരുന്നു ഇതില്‍ പലതും. രാജ്യത്താകെ പ്രതിരോധ നടപടികള്‍ സുഗമമാക്കുന്നതിനു വേണ്ടിയാണ് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷമാണ് പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് നിതി യോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

English Summary: India Covid-19: PM Modi 'did not consult' before lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com