ADVERTISEMENT

സംസ്ഥാനത്ത് സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വളക്കൂറുള്ള മണ്ണാണ് കൽപറ്റ. ആവോളം പിന്തുണയുള്ള മണ്ഡലമെന്ന് യുഡിഎഫ് നേതാക്കളും വിശ്വസിക്കുന്നയിടം. സീറ്റു നിലനിർത്തുമെന്ന് എൽഡിഎഫും അട്ടിമറിക്കുമെന്ന് യുഡിഎഫും ഒരുപോലെ വാതുവയ്ക്കുന്ന മണ്ഡലത്തിൽ ചുരം കയറിയെത്തുന്ന കാറ്റുപോലും ഇടതുവലതു ചായ്‌വു വെളിപ്പെടുത്താതെ നിറഞ്ഞു വീശുന്നു. ഇടതോ വലതോ ജയിക്കുകയെന്നത് വോട്ടെണ്ണൽ ദിനം വരെ പ്രവചനാതീതമായി തുടരുമെന്ന് ഉറപ്പിക്കുന്ന മണ്ഡലത്തിൽ വാശിയേറിയ പ്രചാരണപോരാട്ടത്തിലാണ് ഇരുമുന്നണികളും.

പ്രചാരണം ആദ്യമേ തുടങ്ങി ശ്രേയാംസ്

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ടി. സിദ്ദിഖ് കല്‍പറ്റയിലെത്തിയപ്പോഴേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആളെ സ്ഥാനാര്‍ഥിയായി വേണ്ടെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിലപാട് എടുത്തെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ടി. സിദ്ദിഖിനെ സ്ഥാനാര്‍ഥിയായി നിയോഗിച്ചതില്‍ പല ഭാഗത്തുനിന്നും ആദ്യം ചില  എതിര്‍പ്പുകളും ഉയര്‍ന്നു.

സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ടി. സിദ്ദിഖ് ചുരം കയറിയെത്തിയപ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളില്‍ പലരും മുഖം തിരിച്ചു നില്‍ക്കുകയുമായിരുന്നു. കോണ്‍ഗ്രസിനുള്ളിലെ പോര് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എല്‍ജെഡി നേതാവ്  എം.വി. ശ്രേയാംസ് കുമാര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മുക്കിലും മൂലയിലുമുള്ള ആള്‍ക്കാരെ നേരിട്ടു പോയി കാണാനുള്ള നീക്കം എല്‍ഡിഎഫ് ആരംഭിച്ചിരുന്നു. അപ്പോഴും ഇടഞ്ഞു നില്‍ക്കുന്ന നേതാക്കന്‍മാരെ രംഗത്തിറക്കാനുള്ള പെടാപ്പാടിലായിരുന്നു ടി. സിദ്ദിഖ്.

siddique3
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിക്കറ്റ് കളിക്കുന്ന ടി. സിദ്ദിഖ്

ഒടുവിൽ പിണക്കം മറന്ന് യുഡിഎഫ് നേതാക്കന്മാരെല്ലാം കളത്തിലിറങ്ങിയതോടെ കല്‍പറ്റയില്‍ മത്സരം കൊഴുത്തു. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നം അനുകൂലമാക്കി എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന് എല്‍ഡിഎഫ് പ്രചാരണത്തിന്റെ തുടക്കത്തില്‍ കരുതിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. പ്രചാരണം തുടങ്ങാന്‍ അല്‍പം വൈകിയെങ്കിലും ടി. സിദ്ദിഖ് അതിവേഗം മുന്നേറുകയാണ്.

പത്തുവര്‍ഷം കല്‍പറ്റ മണ്ഡലത്തിലെ എംഎല്‍എയും ഇപ്പോള്‍ രാജ്യസഭാ എംപിയുമായ ശ്രേയാംസ് കുമാറും കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ കരുത്തനായ ടി. സിദ്ദിഖും തമ്മിലുള്ള മത്സരം ഇതോടെ പ്രവചനാതീതമായി. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ മൂന്നെണ്ണം മാത്രമാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. ഏഴു പഞ്ചായത്തും കല്‍പറ്റ മുനിസിപ്പാലിറ്റിയും ഭരിക്കുന്നത് യുഡിഎഫ് ആണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സിദ്ദിഖ്. 

sreyams
സി.കെ. ശശീന്ദ്രനും എം.വി. ശ്രേയാംസ് കുമാറും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

2016 ൽ എതിരാളി, നിലവിൽ തേരാളിയായി ശശീന്ദ്രന്‍

2016ല്‍ തനിക്കെതിരെ മത്സരിച്ചു തോറ്റയാളെ അതേ മണ്ഡലത്തില്‍ ജയിപ്പിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയാണ് സി.കെ. ശശീന്ദ്രന്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എം.വി. ശ്രേയാംസ് കുമാര്‍ 13,083 വോട്ടിനാണ് സി.കെ. ശശീന്ദ്രനോട് തോറ്റത്. 2021 ആയപ്പോഴേക്കും എല്‍ജെഡി എല്‍ഡിഎഫിലെത്തുകയും കല്‍പറ്റ മണ്ഡലം എല്‍ജെഡിക്ക് നല്‍കുകയും ചെയ്തു. ഇതോടെയാണ് കല്‍പറ്റയില്‍ വീണ്ടും ശ്രേയാംസ്‌ കുമാര്‍ മത്സരത്തിനിറങ്ങിയത്.

യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു കയറുക എന്നത് പ്രയാസമാണെന്ന് എല്‍ജെഡിയ്ക്ക് അറിയാം. 2016ല്‍ എല്‍ഡിഎഫിനുണ്ടായിരുന്നത്ര അനുകൂല സാഹചര്യങ്ങള്‍ നിലവില്‍ മണ്ഡലത്തിലില്ലാത്തതും പ്രശ്‌നമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും ഭൂരിഭാഗം പഞ്ചായത്തും യുഡിഎഫിനൊപ്പമാണ് നിന്നത്. അതിനാല്‍ കല്‍പറ്റ മണ്ഡലത്തില്‍ യുഡിഎഫിന്റെ പരാജയം ഉറപ്പിക്കാന്‍ യുഡിഎഫിനെ സാധിക്കൂ എന്ന സ്ഥിതിയുണ്ട്.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയ പ്രശ്‌നം അനുകൂലമാകുമെന്ന് എല്‍ഡിഎഫ് കരുതിയെങ്കിലും പ്രചാരണം മുറുകിയതോടെ ആ പ്രതീക്ഷയ്ക്ക് കോട്ടം തട്ടി. ഇതിനെ മറികടക്കാന്‍ ജനകീയനായ സി.കെ. ശശീന്ദ്രന്‍ തന്നെയാണ് പ്രചാരണം നയിക്കുന്നത്. ശ്രേയാംസ് കുമാറിനൊപ്പം എല്ലായിടത്തും ശശീന്ദ്രനും എത്തുന്നു. എല്‍ജെഡിക്ക് സ്വന്തമായുള്ള കുറഞ്ഞവോട്ടുകള്‍കൊണ്ട് ശ്രേയാംസ് കുമാറിന് ജയിക്കാനാകില്ല. സിപിഎമ്മിന്റെ ശക്തമായ പിന്തുണയോടെ മാത്രമേ എല്‍ജെഡിക്ക് വിജയം സാധ്യമാകൂ. അതിനാലാണ് സി.കെ. ശശീന്ദ്രന്‍ തന്നെ മുന്നില്‍ നില്‍ക്കുന്നത്. ശ്രേയാംസ് കുമാര്‍ ജയിക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്താല്‍ മന്ത്രിപദമാണ് കല്‍പറ്റയ്ക്ക് എല്‍ഡിഎഫ് വാഗ്ദാനം. 

siddique1
വോട്ടഭ്യർഥിക്കാനായി മത്സ്യ മാർക്കറ്റിലെത്തിയ സിദ്ദിഖ്

പുലർച്ചെ കളത്തിലിറങ്ങി സിദ്ദിഖ്

യുഡിഎഫ് നേതാക്കളുടെ പിന്തുണ ഉറപ്പാക്കിയതോടെ ടി. സിദ്ദിഖിന്റെ പ്രചാരണത്തിന് വേഗം കൈവന്നു. നേരം പുലരും മുന്‍പേ തന്നെ സിദ്ദിഖ് പ്രചാരണത്തിനിറങ്ങുന്നുണ്ട്. പുലര്‍ച്ചെ നാല് മണിക്കു തന്നെ മത്സ്യമാര്‍ക്കറ്റിലെത്തി വോട്ടഭ്യര്‍ഥിക്കുന്നു, നേരം വെളുത്തു തുടങ്ങുമ്പോഴേക്കും ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നു, രാവിലെ ഓടാനിറങ്ങുന്നവരുടെ കൂടെ ഓടുന്നു. ഇങ്ങനെ എത്താവുന്നിടത്തെല്ലാം സിദ്ദിഖ് ഓടിയെത്തുന്നു.

പൊതുസമ്മേളനങ്ങളില്‍  തീപ്പൊരി പ്രസംഗം നടത്തി ആളുകളെ കയ്യിലെടുക്കുന്നതിലും സിദ്ദിഖ് മിടുക്കു കാട്ടുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ഇപ്പോഴും താല്‍പര്യം കാണിക്കാത്തത് ചെറിയ തോതിലെങ്കിലും പ്രചാരണത്തെ ബാധിക്കുന്നുണ്ട്. മുസ്‌ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കല്‍പറ്റ. പ്രചാരണത്തിന് മുസ്‌ലിം ലീഗ് രംഗത്തുള്ളത് സിദ്ദിഖിന് നേട്ടമാണ്. മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ നിന്നെല്ലാം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ടു മറിഞ്ഞിരുന്നു. ഇത്തവണ അത്തരമൊരു സാഹചര്യമുണ്ടാകരുതെന്ന് ഉറപ്പാക്കാനാണ് ലീഗ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

sreyams1
സി.കെ. ശശീന്ദ്രനും എം.വി. ശ്രേയാംസ് കുമാറും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

മെഡിക്കല്‍ കോളജോ, ജില്ലാ ആശുപത്രിയോ?

2016ല്‍ മണ്ഡലത്തില്‍ ഇരുമുന്നണികളുടേയും പ്രധാന പ്രചാരണ ആയുധമായിരുന്നു മെഡിക്കല്‍ കോളജ്. വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി സംഭവങ്ങളുണ്ടായി. ഏറ്റവും ഒടുവില്‍ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തി. എന്നാല്‍ പ്രഖ്യാപനം നടത്തി ബോര്‍ഡ് സ്ഥാപിച്ചുവെന്നല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നില്ല. മെഡിക്കല്‍ കോളജയാതോടെ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് ഫണ്ട് അനുവദിക്കാന്‍ സാധിക്കില്ലെന്നറിയിച്ച് ജില്ലാ പഞ്ചായത്ത് രംഗത്തെത്തി. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്ന അവസ്ഥയാണ്. 

മാനന്തവാടിയിലുള്ള ആശുപത്രി ജില്ലാ ആശുപത്രിയാണോ അതോ മെഡിക്കല്‍ കോളജ് ആണോ എന്ന് ഇനിയും സ്ഥിരീകരിക്കാത്ത അവസ്ഥ. കല്‍പറ്റ മണ്ഡലത്തില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ എം.വി. ശ്രേയാംസ് കുമാറുമായി ബന്ധമുള്ള ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റാണ് 50 ഏക്കര്‍ സ്ഥലം വിട്ടു നല്‍കിയത്. പ്രളയം വന്നതോടെ പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി  സ്ഥലം ഉപേക്ഷിച്ചു. സി.കെ. ശശീന്ദ്രന്റെ 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു മെഡിക്കല്‍ കോളജ് എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നത്. അഞ്ച് വര്‍ഷത്തിനുശേഷം മെഡിക്കല്‍ കോളജ് സ്ഥാപിക്കാനായില്ലെന്നു മാത്രമല്ല മാനന്തവാടി മണ്ഡലത്തിലേക്ക് മാറ്റുകയും ചെയ്തു.

സി.കെ. ശശീന്ദ്രന്‍ 2016ല്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടു നടത്തിയ വാഗ്ദാനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് സിദ്ദിഖ് പല സ്ഥലത്തും പ്രചാരണം നടത്തുന്നത്. അതേ സമയം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട യാതൊന്നും എല്‍ഡിഎഫ് പ്രചാരണത്തില്‍ പരാമര്‍ശിക്കുന്നുമില്ല. 

siddique2
പള്ളിയിലെത്തിയ വിശ്വാസികളോട് വോട്ടഭ്യർഥിക്കുന്ന സിദ്ദിഖ്

നിർണായകം ലീഗ് വോട്ടുകൾ

മുസ്‌ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ് കല്‍പറ്റ. 2016ല്‍ മുസ്‌ലിം വോട്ടു ബാങ്കില്‍നിന്നും നല്ലൊരു പങ്ക് ലഭിച്ചതുകൊണ്ടാണ് സി.കെ. ശശീന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത്. മുസ്‌ലിം കേന്ദ്രങ്ങളിലെ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ഒഴുകുന്നത് തടയാനാണ് സിദ്ദിഖ് പരിശ്രമിക്കുന്നത്. ലീഗ് നേതാക്കളെ ഒപ്പം നിര്‍ത്തി പ്രചാരണം നയിക്കുന്നതും ഈ അജൻഡയുടെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസിലെ യുവനേതാക്കളും പ്രചാരണത്തിന് രംഗത്തിറങ്ങിയതോടെ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്.

മത്സരിക്കാന്‍ ആദ്യം താല്‍പര്യം കാണിക്കാതിരുന്ന ശ്രേയാംസ് കുമാറിനെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് ജയം ഉറപ്പിക്കാനാണ്. തുടർഭരണത്തിനായി കടുത്ത പോരാട്ടം നടത്തുന്നതിനാൽ ഒരു മണ്ഡലം പോലും കൈവിട്ടുപോകാന്‍ എല്‍ഡിഎഫിന് താല്‍പര്യമില്ല. ഏറ്റവും പ്രബലനായ സ്ഥാനാര്‍ഥിയെതന്നെ ഓരോ മണ്ഡലത്തിലും നിര്‍ത്തേണ്ടത് എല്‍ഡിഎഫിന്റെ നിര്‍ബന്ധമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് ശ്രേയാംസ് കുമാര്‍ പ്രചാരണം നടത്തുന്നത്. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കി മാറ്റി തുടര്‍ഭരണം ഉറപ്പിക്കാനാണ് സി.കെ. ശശീന്ദ്രന്‍ തന്നെ പ്രചാരണം നയിക്കുന്നത്.

sreyams2
എം.വി. ശ്രേയാംസ് കുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സെൽഫി എടുക്കുന്നു

സ്വന്തം നാട്ടുകാരനായ, സുപരിചിതനായ ആളെ ജയിപ്പിക്കണമെന്ന് എല്‍ഡിഫ് പ്രചാരണത്തില്‍ അഭ്യര്‍ഥിക്കുന്നു. പത്ത് വര്‍ഷം എംഎല്‍എ ആയിരുന്നപ്പോള്‍ മികച്ച രീതിയില്‍ വികസന പ്രവര്‍ത്തനം നടത്താന്‍ ശ്രേയാംസ് കുമാറിനായി എന്ന് എല്‍ഡിഎഫ് പ്രചരിപ്പിക്കുന്നു. നാടറിയുന്ന നാട്ടുകാരനെ വിജയിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് മുദ്രാവാക്യം.  ജില്ലയ്ക്ക് പുറത്തു നിന്നും വന്ന സിദ്ദിഖിനെതിരെയാണ് മുദ്രാവാക്യമെന്ന് സ്പഷ്ടം. വയനാട് ജനതയ്ക്ക് സ്വന്തം നാടിനോടുള്ള മമത വോട്ടാക്കി മാറ്റാനും കോണ‍ഗ്രസിനുള്ളിലെ പ്രാദേശികവാദ പ്രശ്‌നം മുതലാക്കാനുമാണ് എല്‍ഡിഎഫ് ശ്രമം.

English Summary: Election battle intensifies in Kalpetta constituency

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com