ADVERTISEMENT

കണ്ണൂർ∙ ഇനി ഒരു തിര‍ഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നു വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ.പി.ജയരാജൻ. രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർ ഇത്തവണ മാറിനിൽക്കണമെന്ന തീരുമാനത്തെ തുടർന്ന് ഇത്തവണ മത്സരിക്കാനില്ലെന്നു ജയരാജൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇനി മത്സരരംഗത്തേക്കു തന്നെയില്ലെന്ന പ്രഖ്യാപനമാണ് ഇപ്പോൾ നടത്തിയത്. എൽഡിഎഫ് കണ്ണൂർ നിയമസഭാ മണ്ഡലം പ്രകടനപത്രിക പ്രകാശനം ചെയ്തശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ജയരാജൻ.

രണ്ടു തവണ മത്സരിച്ചവർ ഇക്കുറി മത്സരിക്കേണ്ടതില്ലെന്ന സിപിഎം തീരുമാനത്തിൽ ഇളവു കിട്ടാതിരുന്നതിനെ തുടർന്നാണ് ഇത്തവണ ഇ.പി.ജയരാജനു സീറ്റ് ലഭിക്കാതിരുന്നത്. മട്ടന്നൂരിൽ വികസനരംഗത്ത് കോടികളുടെ പദ്ധതി എത്തിച്ച ജയരാജന് അതിന്റെ പൂർത്തീകരണത്തിനു മുൻപു തന്നെ പാർലമെന്ററി രംഗത്തുനിന്നു മാറേണ്ടി വന്നതിലുള്ള പരിഭവത്തിന്റെ ഭാഗമാണ് ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന തീരുമാനത്തിനു പിന്നിലെന്നാണു സൂചന. എന്നാൽ ഇക്കാര്യം അദ്ദേഹം സമ്മതിക്കാൻ തയാറായിട്ടില്ല.

‘‘രണ്ട് ടേം നിഷ്കർഷ പാലിച്ചാണ് മത്സരരംഗത്തുനിന്നു മാറി നിൽക്കുന്നത്. ഇനി തിരഞ്ഞെടുപ്പു രംഗത്ത് ഇറങ്ങാൻ വയ്യ. ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. പ്രായവും ഏറെയായി.’’– ഇതാണു മത്സരരംഗത്തേക്കില്ലെന്നു പറയുന്നതിനു കാരണമായി ജയരാജൻ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തെ കുറിച്ചും മഹാമനസ്കതയെ കുറിച്ചും ജയരാജൻ വാചാലനായതും ശ്രദ്ധേയമായി. പിണറായി മഹാനായ മനുഷ്യനാണെന്നും അനുഭവസമ്പത്തും പ്രവർത്തനപരിചയവുമുള്ള നേതാവാണെന്നും ജയരാജൻ പറഞ്ഞു. നാടിന്റെ സംരക്ഷണം ഏറ്റെടുത്താണു പിണറായി പ്രവർത്തിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. ഏതു കാര്യത്തിലും വ്യക്തമായ നിരീക്ഷണമുള്ള നേതാവാണു പിണറായിയെന്നും ജയരാജൻ വിശദീകരിച്ചു.

നേരത്തേ അഴീക്കോട് മണ്ഡലത്തിൽ ഒരു തവണ തോൽക്കുകയും അടുത്ത തവണ ജയിക്കുകയും ചെയ്ത ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയതിനെ തുടർന്ന് കുറച്ചു കാലം പാർലമെന്ററി രംഗത്തുനിന്നു മാറി നിന്നിരുന്നു. വീണ്ടും 2011ൽ ആണ് മത്സരരംഗത്ത് ഇറങ്ങിയത്. മട്ടന്നൂരിൽ രണ്ടാം തവണ വിജയിച്ച ജയരാജൻ കഴിഞ്ഞ തവണ മന്ത്രിയുമായി. വീണ്ടും പാർട്ടിയെ നയിക്കാനുള്ള നിയോഗത്തിന്റെ ഭാഗമാണോ മത്സര രംഗത്തുനിന്നുള്ള പൂർണ പിന്മാറ്റമെന്ന ചോദ്യത്തോട് അതൊക്കെ നിങ്ങളുടെ വ്യാഖ്യാനമാണെന്നു പറഞ്ഞ് ജയരാജൻ ഒഴിഞ്ഞു മാറി.

Content Highlights: EP Jayarajan ends election politics

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com