ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉയർത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച. ‘മഹാവികാസ് അഘാഡി’ സർക്കാരിൽ രണ്ടാമത്തെ വലിയ കക്ഷിയുടെ തലവൻ ബിജെപിയുടെ ഉന്നത നേതാവുമായി നടത്തിയ രഹസ്യ ചർച്ച മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിനുള്ള മരണമണിയാകുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

ബിജെപി നേതൃത്വവുമായി അടുപ്പമുള്ള കോടീശ്വരന്റെ അഹമ്മദാബാദിലെ ഫാം ഹൗസിലാണ് ശരദ് പവാറും അമിത് ഷായും തമ്മിലുള്ള രഹസ്യ ചർച്ച നടന്നതെന്നും എൻസിപിയിലെ പ്രമുഖ നേതാവ് പ്രഫുൽ പട്ടേലും ഒപ്പമുണ്ടായിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി അഹമ്മദാബാദിലെ ഫാം ഹൗസിൽ രാത്രി 9.30ന് ഇരുനേതാക്കളും തമ്മിൽ രഹസ്യ ചർച്ച നടന്നുവെന്നു ഗുജറാത്ത് മാധ്യമത്തിൽ വന്ന വാർത്തയോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയം ചൂടുപിടിച്ചത്.

എൻസിപി ഇക്കാര്യം നിഷേധിച്ചപ്പോൾ, എല്ലാ കാര്യങ്ങളും മാധ്യമങ്ങളോടു പറയാനാകില്ലെന്ന അമിത് ഷായുടെ പ്രതികരണത്തോടെ ചർച്ച ചൂടുപിടിച്ചു. ശനിയാഴ്ച അഹമ്മദാബാദിലെ ഫാം ഹൗസിലാണ് കൂടിക്കാഴ്ച നടന്നതെന്നും മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ ഒപ്പമുണ്ടായിരുന്നു എന്നുമുള്ള വാർത്തകളും പിന്നാലെ പുറത്തു വന്നു. ഊഹാപോഹങ്ങൾ കാറ്റിൽ പറക്കുമ്പോഴും കൂടിക്കാഴ്ചയെ കുറിച്ചു തുറന്നു പറയാൻ ഇരുനേതാക്കളും തയാറായില്ല.

അതിനിടെ, ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ വിമർശിച്ച് ശിവസേന മുഖപത്രമായ സാമ്ന വിവാദം കൊഴുപ്പിച്ചു. മുതിർന്ന നേതാക്കളെ ആഭ്യന്തരവകുപ്പ് ഏൽപിക്കാനാണു പവാർ ആഗ്രഹിച്ചതെങ്കിലും ‘അപ്രതീക്ഷിതമായി പൊട്ടിമുളച്ച’ ആഭ്യന്തര മന്ത്രിയാണു ദേശ്മുഖ് എന്നായിരുന്നു സേനയുടെ വിമർശനം.

ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടന്നുവെന്ന കാര്യത്തിൽ ഏതാണ്ട് സ്ഥിരീകരണമായതോടെ വാർത്ത ആദ്യം നിഷേധിച്ച ശിവസേന രണ്ടു മുതിർന്ന നേതാക്കൾ കൂടിക്കാണുന്നതിൽ എന്താണു തെറ്റ് എന്ന മറുചോദ്യം ഉയർത്തി വിഷയം മയപ്പെടുത്തി. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന ഹൈ-പ്രൊഫൈൽ ഡിന്നർ തന്നെയാണ് അഹമ്മദാബാദിൽ നടന്നതെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

മുകേഷ് അംബാനിയുടെ മുംബൈയിലെ ബംഗ്ലാവിനു മുന്നിൽനിന്ന് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തുകയും വാഹന ഉടമയുടെ മൃതദേഹം കടലിൽ കാണപ്പെടുകയും ചെയ്തതിനെ തുടർന്ന് വൻ പ്രതിസന്ധിയിലാണ് മഹാരാഷ്്ട്ര സർക്കാർ. വാഹന ഉടമ മൻസുക് ഹിരണിന്റെ മരണത്തിൽ പ്രതിക്കൂട്ടിലായ വിവാദ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയും ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായുള്ള അടുത്ത ബന്ധം ആരോപിച്ച് മുൻ പൊലീസ് തലവൻ പരംബീർ സിങ്ങും രംഗത്തെത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. കേസ് എൻഐഎ ഏറ്റെടുത്തതോടെ കേന്ദ്രവും സംസ്ഥാനവും തമ്മിൽ നേർക്കുനേർ പോരാട്ടമായി മാറുകയും ചെയ്തു.

തുടർച്ചയായ വിവാദങ്ങൾ തലവേദനയായതോടെ സുരക്ഷിതമായ ഇടം തേടുകയാണ് പവാറെന്നും ബിജെപിയുമായി കൈകോർത്താൽ  കേന്ദ്ര സർക്കാരിൽ പ്രാതിനിധ്യവും സംസ്ഥാനത്തെ ഭരണവും നിലനിർത്താമെന്നു പവാർ കണക്കു കൂട്ടുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ശിവസേനയെയും കോൺഗ്രസിനെയും ഇടംവലം നിർത്തി വെല്ലുവിളികളെ നേരിടുന്നതിലും എളുപ്പമാകും ബിജെപിയുമായുള്ള കൂട്ടുകെട്ട് എന്ന യാഥാർഥ്യ ബോധ്യമാണ് പവാറിനെ നയിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

English Summary: Gujarat Dinner A Top-Class Teaching Moment From Both Pawar And Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com