ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാചരിത്രത്തിൽ ആദ്യമായി 2016 ൽ ബിജെപിക്കായി കേരളത്തിൽ താമര വിരിയിച്ച മണ്ഡലമാണ് നേമം. വർഷം അഞ്ചു കടന്നു വീണ്ടുമൊരു തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ നേമത്തെ സ്ഥാനാർഥികൾ അങ്കംകുറിക്കുമ്പോൾ വിലയേറിയ ചോദ്യം ഒന്നുമാത്രം. നേമം സീറ്റ് ബിജെപി നിലനിർത്തുമോ? ബിജെപിയുടെ ഏക നിയമസഭാ സീറ്റായ നേമം പിടിക്കാൻ സർവസന്നാഹവുമായി കളത്തിലിറങ്ങിയിരിക്കുകയാണ് ഇടതുവലതുമുന്നണികൾ.

ഇടതിനായി മുൻ മേയർ കൂടിയായ വി.ശിവൻകുട്ടി നേരത്തെ തന്നെ പ്രചാരണക്കളംപിടിച്ചപ്പോൾ സാക്ഷാൽ കെ.മുരളീധരനെ തന്നെ സ്ഥാനാർഥിയായി കിട്ടിയതിന്റെ ആവേശത്തിലാണ് യുഡിഎഫ് അണികൾ. നേമത്ത് കഴിഞ്ഞ തവണ ബിജെപിക്കായി വിജയപതാക ചൂടിയ ഒ.രാജഗോപാലിനു പകരക്കാരനായി പാർട്ടി നിയോഗിച്ചിരിക്കുന്നത് മുൻ സംസ്ഥാന പ്രസിഡന്റും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരിച്ച കുമ്മനം സിപിഎം സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശിതരൂരിനെതിരായ മൽസരത്തിൽ നേമം നിയമസഭാ മണ്ഡലം ഒന്നാം സ്ഥാനം നൽകി അനുഗ്രഹിച്ചതും കുമ്മനത്തെ തന്നെ.  തിരുമല മങ്കാട്ടുകടവിനടുത്ത് വോട്ടു തേടി ഭവന സന്ദർശനങ്ങൾ നടത്തുന്നതിനിടയിലാണ് കുമ്മനം രാജശേഖരനെ കണ്ടത്. നേമത്തെ മത്സരത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം ‘മനോരമ ഓൺലൈനുമായി’ സംസാരിച്ചു.

∙ നേമത്തെ ശക്തിയായി ബിജെപി വിലയിരുത്തുന്നതെന്താണ്?

ജനപിന്തുണയാണ് ഇവിടെ പാർട്ടിയുടെ ശക്തി. പിന്നിട്ട മൂന്നു തിരഞ്ഞെടുപ്പിലും നേമത്ത് ബിജെപി ശക്തി തെളിയിച്ചതാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കോർപറേഷൻ തിരഞ്ഞെടുപ്പിലും നേമത്ത് പാർട്ടിയുടെ ശക്തി വ്യക്തമായി. രണ്ടു മുന്നണികളുടെയും വോട്ടുനിലയിൽ വലിയ വ്യത്യാസമുണ്ടായെങ്കിലും ഒരു ഏറ്റക്കുറച്ചിലും ഉണ്ടാകാത്തത് ബിജെപിക്കാണ്. അതിനർഥം പാര്‍ട്ടിക്കു ഇവിടെ ശക്തമായ അടിത്തറ ഉണ്ടെന്നാണ്.

∙കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി നേടിയത് 13,860 വോട്ടാണ്. ഇത്തവണ കെ.മുരളീധരൻ കൂടുതൽ വോട്ടു സമാഹരിച്ചാൽ അത് ബിജെപിക്കു തിരിച്ചടിയാകുമോ?

മുരളീധരനു വോട്ടു കൂടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? വോട്ടു കൂടാനുള്ള അനുകൂല ഘടകം എന്താണ്? ജനത്തിനു കാണാൻ കഴിയുന്ന ചില യാഥാർഥ്യങ്ങളുണ്ട്. വട്ടിയൂർക്കാവിൽനിന്ന് മത്സരിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ജനത്തെ ഇട്ടെറിഞ്ഞുപോയി. പിന്നീട് വടകരയിൽ മത്സരിച്ചു. അതു കഴിഞ്ഞ് അവിടെയും വിട്ട് നേമത്ത് വന്നിരിക്കുകയാണ്. ജനത്തെ സംബന്ധിച്ച് ജനപ്രതിനിധിയുടെ സത്യസന്ധത, ആത്മാർഥത, വിശ്വാസ്യത ഇതൊക്കെ പ്രധാനമാണ്. ഒരു ജനപ്രതിനിധിയെ സംബന്ധിച്ച് ജനത്തോടാണു കടപ്പാട്. അഞ്ചു വർഷവും ആ പ്രതിനിധി ജനത്തോടൊപ്പം ഉണ്ടാകണം. അതെല്ലാം ഉപേക്ഷിച്ചാണ് കെ.മുരളീധരൻ മത്സരിക്കാനായി വരുന്നത്. അതും ഒരു തവണയല്ല, രണ്ടാം തവണ.

kummanam-2
കുമ്മനം രാജശേഖരൻ

∙ സിപിഎം–കോൺഗ്രസ് വോട്ടു കച്ചവടം ആരോപിച്ചത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്?

വോട്ടു കച്ചവടത്തിന്‍റെ ലക്ഷണങ്ങളാണ് കാണുന്നത്. കോൺഗ്രസും സിപിഎമ്മും പറയുന്നത് ബിജെപിയെ തോല്‍പിക്കണം എന്നാണ്. കോൺഗ്രസ് കെ.മുരളീധരനെ കൊണ്ടുവന്നത് ബിജെപിയെ തോൽപിക്കാനാണ്. സ്വയം ജയിക്കണമെന്നല്ല, ബിജെപി തോൽക്കണമെന്നാണ് ഇരുപാർട്ടികളും പറയുന്നത്. രണ്ടു പാർട്ടികളും ബിജെപിയെ ശത്രുവായി കണ്ടാൽ ശത്രുവിന്റെ ശത്രു മിത്രം എന്നല്ലേ സാധാരണ പറയുക. ആ നിലയ്ക്കു നോക്കുമ്പോൾ ധാരണകൾ ഉണ്ടായിരിക്കാം. ബിജെപിക്ക് അതൊന്നും പ്രശ്നമല്ല, അവർ ധാരണ ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയോ എന്തു വേണമെങ്കിലും ചെയ്യട്ടെ.

∙ ബിജെപിയുടെ പ്രധാന വോട്ട് ബാങ്ക് നായർ വോട്ടുകളാണ്. കെ.മുരളീധരന്‍ മത്സരിക്കുമ്പോൾ അതിൽ ചോർച്ചയുണ്ടാകുമോ?

അങ്ങനെയുള്ള കാര്യങ്ങളൊന്നുമില്ല. മുരളീധരനു വോട്ടു കൊടുക്കണമെന്ന് എൻഎസ്എസ് പറഞ്ഞിട്ടില്ലല്ലോ. ബിജെപിക്കു മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കം എല്ലാ വിഭാഗക്കാരും വോട്ടു ചെയ്യും.

kummanam-rajasekharan
കുമ്മനം രാജശേഖരൻ

∙ ശബരിമല വിഷയത്തിലെ സിപിഎം നിലപാടിനെ എങ്ങനെയാണ് കാണുന്നത്?

സിപിഎം ആകെ ആശയക്കുഴപ്പത്തിലാണ്. അവരുടെ അടിസ്ഥാനപരമായ ആശയത്തിൽ സംഭവിച്ച വീഴ്ചയാണ് അതിനു കാരണം. അവർ അന്തഃസംഘർഷത്തിലാണ്. വൈരുദ്ധ്യാത്മക ഭൗതികവാദമാണ് മാർക്സിസത്തിന്റെ അടിസ്ഥാനം. വൈരുദ്ധ്യാത്മക ഭൗതികവാദം വേണോ വേണ്ടയോ എന്നാണ് സിപിഎമ്മിലെ ചർച്ച. ശബരിമലയുടെ കാര്യത്തിലും ഇതാണ്.  ദേവസ്വം മന്ത്രി പറയുന്നതല്ല എം.എം.മണി പറയുന്നത്. വൃന്ദകാരാട്ടും മറ്റു നേതാക്കളിൽനിന്ന് വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. സിപിഎമ്മിന്റെ ഈ ആശയ സംഘർഷം ശബരിമലയിൽ ഒതുങ്ങുന്നതല്ല, എല്ലാകാര്യത്തിലും അതുണ്ട്. കേരളം കടക്കെണിയിലാണ്. അതാരും പറയുന്നില്ല. അതൊന്നും ചർച്ചയാകാതിരിക്കാൻ വേറെ വിഷയങ്ങൾ കൊണ്ടുവരികയാണ്.

∙ സർക്കാരിന്റെ കിറ്റ് വിതരണം രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. കിറ്റ് വോട്ടായി മാറുമോ?

കിറ്റ് കേന്ദ്രം നൽകുന്നതാണ്. 15.5 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ് കേന്ദ്രം സംസ്ഥാനത്തിനു കൊടുക്കുന്നത്. ഒരു വർഷത്തെ ഭക്ഷ്യധാന്യം മുന്‍കൂറായി കൊടുത്തിരിക്കുകയാണ്. സാധാരണ കൊടുക്കുന്നതിനു പുറമേയാണ് 15.5 ലക്ഷം ടൺ കൊടുത്തത്. അത് സഞ്ചിയിലാക്കി കൊടുക്കുന്നത് മിടുക്കാണോ?

kummanam-1
കുമ്മനം രാജശേഖരൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.

∙ ശബരിമല വിഷയത്തിൽ ബിജെപിയുടെ തുടർനടപടികൾ?

വിശ്വാസ സംരക്ഷണത്തിനായി നിയമം നിർമിക്കും. ഹിന്ദു റിലീജിയസ് ആക്ട് ഭേദഗതി ചെയ്യും. ഭക്തജനത്തിനു ക്ഷേത്രകാര്യങ്ങളിൽ പ്രാധാന്യം നൽകും. അവരാണ് ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കേണ്ടത്, സർക്കാരല്ല. ഇപ്പോഴുള്ള സംവിധാനം അടിമുടി പൊളിച്ചെഴുതും. പുതിയ ദേവസ്വം നിയമം കൊണ്ടുവരും.

English Summary: Interview with Kummanam Rajasekharan, Nemom Constituency

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com