ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്‍ ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി റജിസ്റ്റര്‍ ചെയ്തും വാക്‌സീന്‍ സ്വീകരിക്കാം.

തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്ത് വാക്‌സീനെടുക്കാന്‍ എത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. റജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. www.cowin.gov.in എന്ന വെബ് സൈറ്റില്‍ ഇതിനായി റജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.

45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വാക്‌സീനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് 9,51,500 ഡോസ് വാക്‌സീനുകള്‍ കൂടി ഉടൻ എത്തും. തിരുവനന്തപുരത്ത് ഇന്ന് 4,40,500 ഡോസ് വാക്‌സീനും എറണാകുളത്ത് നാളെ 5,11,000 ഡോസ് വാക്‌സീനും എത്തുമെന്നാണ് അറിയിച്ചത്. തൊട്ടടുത്ത ദിവസം കോഴിക്കോടും വാക്‌സീൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

covid-vaccine

ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് കോവിഡ് വാക്‌സീന്‍ ഇതുവരെ നല്‍കിയിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സീനാണ് ആകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 ആദ്യഡോസ് വാക്‌സീനും 3,15,226 രണ്ടാം ഡോസ് വാക്‌സീനും നല്‍കി. 

കോവിഡ് മുന്നണി പോരാളികളില്‍ 1,09,670 പേര്‍ ആദ്യ ഡോസും 69,230 പേര്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവരില്‍ നിന്നും 21,88,287 പേര്‍ ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചു.

English Summary: COVID-19 Vaccine for 45 Years and Above Starts April 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com