ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000  ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷം. www.operationtwins.com എന്ന വെബ്സൈറ്റിലൂടെ വിശദാംശങ്ങൾ പുറത്തു വിട്ടതായി പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു. ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേരു വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്.

നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാർഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡിനമ്പര്‍, അതേ വ്യക്തിക്ക് മറ്റു ബൂത്തുകളില്‍ ഉള്ള  വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പർ, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

വെബ്‌സൈറ്റിലെ ഈ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് വിവരം. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്‌ഡേഷനുകളില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്‌സൈറ്റില്‍  ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കും. എല്ലാ പൊതുപ്രവര്‍ത്തകരും  വോട്ടര്‍മാരും ഈ  സൗകര്യം  പ്രയോജനപ്പെടുത്തി കള്ളവോട്ടിനുള്ള സാധ്യതകള്‍ പരമാവധി തടയണമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.

ഒന്നിലധികം വോട്ടുള്ളവരുടെ വിവരങ്ങള്‍ രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശയാണ്. ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താന്‍ ബിഎല്‍ഒമാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പോസ്റ്റല്‍ വോട്ട് ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English Summary: Opposition Revelas More Details of Bogus Vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com