ADVERTISEMENT

മുംബൈ∙ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ചത് അറസ്റ്റിലായ അസി. പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയുടെ സ്വകാര്യ ഡ്രൈവര്‍ ആണെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി. ഈ മറ്റൊരു വാഹനത്തില്‍ സച്ചിന്‍ വാസെ ഈ വാഹനത്തെ പിന്തുടര്‍ന്നെത്തിയെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഫെബ്രുവരി 25-നാണ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനം കൈവശം വച്ചിരുന്ന മന്‍സൂക് ഹിരണ്‍ എന്ന വ്യവസായിയെ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്.  ഫെബ്രുവരി 17ന് മന്‍സൂക് ഹിരണ്‍ തന്റെ വാഹനം മുലുന്ദ്-എയ്‌റോളി റോഡില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. അന്നേ ദിവസം തന്നെ വാഹനത്തിന്റെ താക്കോല്‍ പൊലീസ് ആസ്ഥാനത്തെത്തി സച്ചിന്‍ വാസെയ്ക്ക് കൈമാറി.

അടുത്ത ദിവസം വാസെയുടെ സ്വകാര്യ ഡ്രൈവര്‍ വാഹനമെടുത്ത് താനെയില്‍ വാസെ താമസിക്കുന്ന സാകേത് ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്ക് ചെയ്തു. 19ന് ഡ്രൈവര്‍ വാഹനം ക്രഫോഡ് മാര്‍ക്കറ്റിലുള്ള പൊലീസ് ആസ്ഥാനത്ത് എത്തിച്ചു. 21ന് വീണ്ടും വാഹനം വാസെയുടെ താമസസ്ഥലത്തേക്ക് ഡ്രൈവര്‍ കൊണ്ടുപോയി. 25ന് രാത്രി വരെ വാഹനം അവിടെ തന്നെയായിരുന്നു. തുടര്‍ന്ന് രാത്രി വാഹനം ദക്ഷിണ മുംബൈയില്‍ അംബാനിയുടെ വീടിനു സമീപം എത്തിച്ചു പാര്‍ക്ക് ചെയ്യുകയായിരുന്നു. 

ഈ വാഹനം അവിടെ എത്തിക്കുന്നതു വരെ വാസെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി. തുടര്‍ന്ന് ഡ്രൈവര്‍, വാസെ ഓടിച്ചിരുന്ന വാഹനത്തില്‍ കയറി പോകുകയായിരുന്നു. പിന്നീട് നമ്പര്‍ പ്ലേറ്റ് മാറ്റി വാസെയുടെ വാഹനം വീണ്ടും അംബാനിയുടെ വസതിക്കു സമീപത്തെത്തി ആദ്യ വാഹനത്തില്‍ ഭീഷണിക്കത്ത് വച്ചു. കുര്‍ത്തയും പൈജാമയും ധരിച്ച് വാസെയാണ് ഭീഷണിക്കത്ത് വച്ചതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ചതിനെക്കുറിച്ചും മാര്‍ച്ച് 5ന് മന്‍സുക് ഹിരണിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ചുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. വാഹനനീക്കത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതുകൊണ്ടാകാം പൊലീസ് ആസ്ഥാനത്തെയും സാകേത് സൊസൈറ്റിയിലെയും സിസിടിവികള്‍ നശിപ്പിച്ചിരുന്നുവെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

വാഹനം കൈവശപ്പെടുത്തിയതു മുതല്‍ ജലാറ്റിന്‍ സ്റ്റിക് വച്ചതുവരെയുള്ള കാര്യങ്ങള്‍ വാസെ സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരൊക്കെയാണ് പങ്കാളികള്‍ എന്ന് വാസെ വെളിപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും മേലധികാരിക്ക് കൃത്യത്തില്‍ പങ്കുണ്ടോയെന്നും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. മുംബൈ പൊലീസ് ആസ്ഥാനത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ബുധനാഴ്ച ശേഖരിക്കും. 45 ദിവസത്തിനുള്ളില്‍ വാസെയുമായി കൂടിക്കാഴ്ച നടത്തിയവരുടെ വിവരങ്ങള്‍ കണ്ടെത്താനാണിത്.

English Summary: Sachin Waze’s driver left gelatin-laden SUV near Mukesh Ambani’s home: NIA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com