രാത്രിയിൽ റിട്ടേണിങ് ഓഫിസറുടെ മുറിയിൽ ആളനക്കം; പോസ്റ്റൽ വോട്ട് സുരക്ഷിതമോ?
Mail This Article
കൊച്ചി ∙ തപാൽ വോട്ടുകൾ സൂക്ഷിക്കുന്നതിലെ സുരക്ഷാപ്രശ്നം കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സ്ഥാനാർഥികൾ ഹൈക്കോടതിയിൽ ഉന്നയിക്കാൻ കാരണമെന്താണ്? തപാൽ വോട്ടിങ് ആരംഭിച്ച 28നു വാമനപുരത്തും വൈപ്പിനിലും രാത്രി എന്താണു സംഭവിച്ചത്? വാമനപുരത്തെ കോൺഗ്രസ് സ്ഥാനാർഥി ആനാട് ജയനും വൈപ്പിനിലെ സ്ഥാനാർഥി ദീപക് ജോയിയും ഉന്നയിച്ച ആശങ്ക ഹൈക്കോടതി വിധിയിലും പരാമർശിക്കപ്പെട്ടു.
ഇതേക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ലെങ്കിലും, ഇത്തരം ഗുരുതര ആരോപണങ്ങൾ ചീഫ് ഇലക്ടറൽ ഓഫിസർ ശ്രദ്ധിക്കുമെന്നും അസുഖകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും കരുതുന്നതായി ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.
ഓഫിസിൽ ആളനക്കം രാത്രി വൈകിയും
സംശയകരമായ സാഹചര്യം സ്ഥാനാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയത് ഇങ്ങനെ: വാമനപുരം മണ്ഡലത്തിൽ 28നു രാത്രി 11നു റിട്ടേണിങ് ഓഫിസറുടെ ഓഫിസിൽ രാത്രി 11 വരെ ആളുണ്ടായിരുന്നുവെന്നാണു സ്ഥാനാർഥി ആനാട് ജയന്റെ പരാതി. താഴത്തെ നില അകത്തുനിന്നു പൂട്ടിയിരുന്നു. ഓഫിസിൽ വൈകിയും ആളനക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു പൊലീസിനെ ഫോണിൽ വിവരമറിയിച്ചു.
പൊലീസ് എത്തിയപ്പോഴാണ് റിട്ടേണിങ് ഓഫിസറും 5 ഉദ്യോഗസ്ഥരും ആണെന്ന് അറിഞ്ഞത്. പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഉദ്യോഗസ്ഥർ താഴെയെത്തി, ഓഫിസ് വിട്ടുപോയി. ചില ഔദ്യോഗിക ജോലികൾ തീർക്കാനുണ്ടായിരുന്നു എന്നാണു പറഞ്ഞത്. എന്നാൽ 6 മണിക്കു തന്നെ ബാലറ്റ് പേപ്പറുകൾ കിട്ടിയ സാഹചര്യത്തിൽ ഞായറാഴ്ച വൈകിയും ഉദ്യോഗസ്ഥരെ ഓഫിസിൽ കണ്ടതിലാണു സംശയം.
വൈപ്പിൻ മണ്ഡലത്തിലും രാത്രി കലക്ടറേറ്റിൽ ചില ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നാണു ദീപക് ജോയിയുടെ പരാതി. നേമത്തും സമാന പ്രശ്നമുണ്ടായി. അവിടെ റിട്ടേണിങ് ഓഫിസറുടെ ഓഫിസ് എട്ടാം നിലയിൽ ആയതിനാൽ ഇക്കാര്യം പരിശോധിക്കാൻ സാധിച്ചില്ല. എന്നാൽ ഓഫിസിൽ പോയി നോക്കിയ പാർട്ടി പ്രവർത്തകരിൽ ഒരാൾ പറഞ്ഞത്, ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിച്ചിട്ടില്ലെന്നാണ്.
വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ സുരക്ഷയൊന്നുമില്ലാതെ റിട്ടേണിങ് ഓഫിസർമാർ സൂക്ഷിക്കുന്ന നിലവിലെ സാഹചര്യം ആശാസ്യമല്ലെന്നു ഹർജിയിൽ ഉന്നയിച്ചത് ഈ സാഹചര്യത്തിലായിരുന്നു. റിട്ടേണിങ് ഓഫിസർമാരും അസി. റിട്ടേണിങ് ഓഫിസർമാരും ഉൾപ്പെടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പലരും ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടിയോടു ചായ്‌വുള്ളവരാണ്. വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ ഇവരുടെ പക്കൽ സൂക്ഷിക്കുന്നതു ക്രമക്കേടിന് സാഹചര്യമൊരുക്കുമെന്നാണു സ്ഥാനാർഥികളുടെ ആശങ്ക.
പോസ്റ്റൽ വോട്ട് ഫലം പറയുമോ?
ഇത്തവണ പോസ്റ്റൽ വോട്ടും ഏറെക്കുറെയുള്ള ഫലസൂചന നൽകിയേക്കാം. തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലും അവശ്യ സേവനങ്ങളിലും ഉള്ളവർക്കു പുറമേ 80 കടന്നവർ, കോവിഡ് ബാധിതർ, അംഗപരിമിതർ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് ഇത്തവണ പോസ്റ്റൽ വോട്ട് അനുവദിച്ചിട്ടുണ്ട്. മുൻപ് ഓരോ മണ്ഡലത്തിലും പോസ്റ്റൽ വോട്ട് ആയിരത്തിൽ താഴെയായിരുന്നു.
ഇത്തവണ ആ സ്ഥാനത്ത് 7000– 8000 പേർക്കു വരെ തപാൽ വോട്ടിന് അർഹതയുണ്ട്. ഇതിൽ നാലായിരത്തോളം പേർ ഓരോ മണ്ഡലത്തിലും ഈ സൗകര്യം വിനിയോഗിച്ചു. സംസ്ഥാനത്ത് അയ്യായിരത്തിൽ താഴെ ഭൂരിപക്ഷം വരാറുള്ള മണ്ഡലങ്ങൾ പലതുണ്ട്. പോസ്റ്റൽ വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകളുടെ സുരക്ഷ ഏറെ പ്രധാനമാകുന്നത് ഈ സാഹചര്യത്തിലാണ്.
ആശങ്ക അകറ്റാൻ കോടതി ഇടപെടൽ
ക്രമക്കേടിന് ഇടയില്ലാത്തവിധം പോസ്റ്റൽ വോട്ടുകൾ സുരക്ഷിതമായി വയ്ക്കണമെന്ന കോടതി നിർദേശം ആശങ്ക പരിഹരിക്കാൻ ഏറെക്കുറെ പര്യാപ്തമാണ്. റിട്ടേണിങ് ഓഫിസർമാർ പോസ്റ്റൽ വോട്ട് സ്ട്രോങ് റൂമിൽ സൂക്ഷിക്കണം എന്നതുൾപ്പെടെ കമ്മിഷന്റെ മാർഗനിർദേശങ്ങൾ നടപ്പാക്കാനാണു നിർദേശം.
സ്ട്രോങ് റൂമിൽ വയ്ക്കുന്നതു വിഡിയോയിൽ പകർത്തുമെന്നു കമ്മിഷൻ അറിയിച്ചിട്ടുണ്ട്. മാർഗരേഖയനുസരിച്ച്, വോട്ടെണ്ണൽ ദിവസം സ്ഥാനാർഥിയുടെയോ ഏജന്റിന്റെയോ സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറന്ന് ഈ വോട്ടുകൾ സ്റ്റീൽ പെട്ടിയിലാക്കി മുദ്ര വയ്ക്കണം. സായുധ സേനയുടെ സംരക്ഷണയിൽ ഈ പെട്ടി വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു കൊണ്ടുപോകുമ്പോൾ സ്ഥാനാർഥിക്കോ ഏജന്റിനോ വാഹനത്തെ അനുഗമിക്കാം.
English Summary: Concern Over Postal Vote Manipulation in Kerala Assembly Elections 2021