ADVERTISEMENT

കണ്ണൂർ ∙ ബിജെപി പിന്തുണ വേണ്ടെന്ന് തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍. തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാൻ എൻഡിഎ തീരുമാനിച്ചത്.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ഇരയായ വ്യക്തിയെന്ന നിലയിലാണു പിന്തുണയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിശദീകരിക്കുകയും ചെയ്തു. നാമനിർദേശ പത്രികയ്ക്കൊപ്പം ചിഹ്നം അനുവദിക്കാൻ നൽകിയ ഫോമിൽ പാർട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പില്ലെന്ന കാരണത്താലാണു ഹരിദാസിന്റെ പത്രിക തള്ളിയത്.

നേരത്തേ, സിപിഎം തലശ്ശേരി ലോക്കൽ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായിരുന്നു നസീർ. പാർട്ടി അംഗത്വം പുതുക്കാനുള്ള ഫോമിൽ അനുമതിയില്ലാതെ മതം എഴുതിച്ചേർത്തതിൽ പ്രതിഷേധിച്ച് 2017ൽ സിപിഎം വിട്ടു. 2019ൽ വടകര ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പുഫലം വരുന്നതിനു ദിവസങ്ങൾക്കു മുൻപു നസീറിനു നേരെ വധശ്രമമുണ്ടായി.

എൽഡിഎഫിനായി സിറ്റിങ് എംഎൽഎ എ.എൻ.ഷംസീറും യുഡിഎഫിനായി എം.പി.അരവിന്ദാക്ഷനുമാണു തലശ്ശേരിയിൽ മത്സരിക്കുന്നത്. 2016ൽ ബിജെപിക്കു ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണ്ഡലമാണിത്.

English Summary: COT Naseer rejects BJP support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com