ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ കാണാതായ സൈനികനായി എട്ടു മാസമായി കാത്തിരിക്കുന്ന പിതാവ് നൊമ്പരക്കാഴ്ചയാകുന്നു. ടെറിട്ടോറിയൽ ആർമി സൈനികനായ ഷാക്കിർ മൻസൂറിനെ തിരഞ്ഞു പിതാവ് മൻസൂർ അഹമ്മദ് വാഗെ ആണ് മിക്ക ദിവസവും മണ്ണിൽ കുഴിയെടുക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണു ഷാക്കിറിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്.

ഇളയ മകൻ ഷാക്കിറിനെ കുറിച്ചു വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെയാണ്, ചോരപുരണ്ട മകന്റെ വസ്ത്രങ്ങൾ കണ്ടെത്തിയ പ്രദേശത്ത് 56കാരനായ മൻസൂർ കൈക്കോട്ടും മറ്റുമായി കുഴിയെടുത്തു പരിശോധന തുടങ്ങിയത്. ഷാക്കിറിന് വരുന്ന പെരുന്നാൾ മാസത്തിൽ 25 വയസ്സ് തികയാനിരിക്കുകയാണ്. അവസാനമായി മകനെ കണ്ടതിനെക്കുറിച്ചു വിതുമ്പലോടെയാണ് മൻസൂർ സംസാരിച്ചത്.

‘‘വീട്ടിൽനിന്നു പോയി ഒരു മണിക്കൂറിനുള്ളിൽ ഷാക്കിർ ഫോൺ വിളിച്ചു. സുഹൃത്തുക്കളുടെ കൂടെ പുറത്തേക്കു പോവുകയാണെന്നും സൈന്യം ചോദിച്ചാൽ പറയരുതെന്നും പറഞ്ഞു. മകൻ അപ്പോൾ ഭീകരരുടെ കസ്റ്റഡിയിലായിരുന്നു. വീട്ടിലേക്ക് അവസാനമായി ഫോൺ വിളിക്കാൻ അനുവദിച്ചപ്പോഴാണു ഷാക്കിർ സംസാരിച്ചത്. മകൻ ഉപയോഗിച്ച വാഹനം പിറ്റേന്നു കുൽഗാമിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചയ്ക്കു ശേഷം വീട്ടിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ ലഥുരയിൽ ചോരപുരണ്ട ഉടുപ്പുകൾ ഞങ്ങൾക്കു കാണാനായി’– മൻസൂർ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഷാക്കിറിനെ സ്വപ്നം കണ്ടെന്നും വസ്ത്രങ്ങൾ കണ്ടെടുത്ത അതേ സ്ഥലത്തു തന്നെ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ബന്ധു ഉഫൈറ വിളിച്ചു പറഞ്ഞപ്പോഴാണ് ഇവിടെ കുഴിക്കാൻ ആരംഭിച്ചതെന്നു മൻസൂർ വ്യക്തമാക്കി. മുപ്പതോളം പേർ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

മകനെ കാണാതായ നാൾ തൊട്ട് ഇത്രയും ദിവസവും താൻ നേരാംവണ്ണം ഉറങ്ങിയിട്ടില്ല. തന്റെ സങ്കടത്തിനൊപ്പം നാടു മുഴുവനുമുണ്ടെന്നും മൻസൂർ വ്യക്തമാക്കി. ഭീകരർ തട്ടിക്കൊണ്ടു പോയി മകനെ കൊലപ്പെടുത്തിയെന്നാണു വാഗെ വിശ്വസിക്കുന്നത്. എന്നാൽ പൊലീസ് രേഖകളിൽ ഷാക്കിർ മരിച്ചതായി സ്ഥിരീകരണമില്ല.

English Summary: Digging Daily For 8 Months - A Father's Search For Missing Soldier In J&K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com