ADVERTISEMENT

ചെന്നൈ ∙ വിജയമുറപ്പിക്കാൻ എതിർ സ്ഥാനാർഥിക്കായി പ്രചാരണത്തിനെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്ന ഡിഎംകെ നേതാക്കളുടെ നടപടി തമിഴ്നാട്ടിലെ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രധാനമന്ത്രിയുടെ കഴിഞ്ഞ തമിഴ്നാട് സന്ദർശനത്തിൽ ട്വിറ്ററിൽ ‘ഗോ ബാക്ക് മോദി’ ഹാഷ്ടാഗ് ട്രെൻഡിങ്ങായിരുന്നുവെങ്കില്‍ ഇത്തവണ മോദിയെ പ്രചാരണത്തിനു ക്ഷണിച്ചുള്ള ഡിഎംകെ സ്ഥാനാർഥികളുടെ ട്വീറ്റുകളാണ് പുതിയ തന്ത്രം.

എതിർ സ്ഥാനാർഥിക്കായി മോദി പ്രചാരണത്തിനു വന്നാൽ വോട്ട് വിഹിതം ഉയരുമെന്ന പരിഹാസവുമുണ്ട് ഡിഎംകെ നേതാക്കൾ നൽകുന്ന ട്വീറ്റുകളിൽ. ‘പ്ലീസ് ക്യാംപെയ്ന്‍’ എന്നാവശ്യപ്പെട്ടു ക്ഷണിക്കുന്ന സ്ക്രീൻ ഷോട്ടുകൾ വൈറലാണ്. പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഞാൻ ഡിഎംകെ സ്ഥാനാർഥിയാണ്, കമ്പത്തു വന്നു പര്യടനം നടത്തൂ, എന്റെ വിജയശതമാനം ഉയർത്താൻ സഹായിക്കൂ– കമ്പത്തെ ഡിഎംകെ സ്ഥാനാർഥിയായ എൻ.രാമകൃഷ്ണ ട്വീറ്റ് ചെയ്തതിങ്ങനെ.

നിരവധി ഡിഎംകെ സ്ഥാനാർഥികളും ഇത്തരത്തിൽ ട്വീറ്റുമായി രംഗത്തുണ്ട്. അതേസമയം, തമിഴ് സ്റ്റൈലിൽ വേഷ്ടി ധരിച്ചാണ് ക്ഷേത്രനഗരമായ മധുരയിലെ പ്രചാരണയോഗത്തിൽ വെള്ളിയാഴ്ച മോദി പങ്കെടുത്തത്. മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനും സമയം കണ്ടെത്തി. വെള്ളിയാഴ്ച പത്തനംതിട്ടയിലെ പ്രചാരണത്തിനു ശേഷം വീണ്ടും മോദി തമിഴ്നാട്ടിൽ പോകും.

ഡിഎംകെയും സഖ്യകക്ഷിയായ കോൺഗ്രസും ഒരു പോലെ നുണ പടച്ചുവിടുകയാണെന്ന് തിരഞ്ഞെടുപ്പു യോഗത്തിൽ മോദി കുറ്റപ്പെടുത്തി. മധുരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തമിഴ്നാട്ടിലെ വൈകാരിക വിഷയമായ ജല്ലിക്കെട്ടു പരാമർശിക്കാനും മറന്നില്ല. ഡിഎംകെ സഖ്യത്തിലായ യുപിഎ സർക്കാരാണ് ജല്ലിക്കെട്ട് നിരോധിച്ചതെന്നും കേന്ദ്രത്തിലെ എൻഡിഎ സർക്കാറിന്റെ സഖ്യകക്ഷിയായി എഐഎഡിഎംകെ തുടരുമ്പോഴാണ് ആ നിരോധനം പിൻവലിച്ചതെന്നും മോദി ഓർമിപ്പിച്ചു.

തിരഞ്ഞെടുപ്പിനു നാലു ദിവസം മാത്രം ബാക്കി നിൽക്കെ എം.കെ.സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ നാലോളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. കഴിഞ്ഞമാസവും ഡിഎംകെ, എംഡിഎംകെ നേതാക്കൾ  ഉൾപ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

റെയ്ഡുകളെ പാർട്ടി ഭയക്കുന്നില്ലെന്നു ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുകൻ പറഞ്ഞു. പ്രതികാരലാക്കോടെ രാഷ്ട്രീയപ്രേരിതമായ റെയ്ഡുകളാണ് നടക്കുന്നത്. ജനം ബിജെപിയെ തിരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അധികാര ദുർവിനിയോഗമാണ് ബിജെപി നടത്തുന്നതെന്ന് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിനും പ്രതികരിച്ചു. എഐഎഡിഎംകെ സർക്കാരിനെ തുണയ്ക്കാനാണ് ബിജെപി ശ്രമം. ഞാൻ കലൈജ്ഞറുടെ മകനാണ്. ഇതിലൊന്നും ഭയക്കില്ല. – സ്റ്റാലിൻ വ്യക്തമാക്കി.

English Summary: DMK Candidates Are Asking PM To Campaign For Their Rivals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com