ADVERTISEMENT

കണ്ണൂർ ∙ 1965ലെ മണ്ഡല രൂപീകരണ ശേഷം നടന്ന 14 തിരഞ്ഞെടുപ്പുകളിൽ 13 വട്ടവും സിപിഎം പ്രതിനിധികളെയാണ് തളിപ്പറമ്പ് നിയമസഭയിലേക്ക് അയച്ചത്. കോൺഗ്രസിന്റെ സി.പി.ഗോവിന്ദൻ നമ്പ്യാരാണ് തളിപ്പറമ്പ് തിര‍‍ഞ്ഞെടുത്ത ആ ഒറ്റയാൻ. 1970ൽ അന്നത്തെ സിറ്റിങ് എംഎൽഎ കെ.പി.രാഘവപ്പൊതുവാളിനെ 909 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗോവിന്ദൻ നമ്പ്യാർ മുട്ടുകുത്തിച്ചത്. മണ്ഡല ഘടന മാറിയതോടെ കൂടുതൽ ഇടതുപക്ഷത്തേക്കു ചാഞ്ഞ തളിപ്പറമ്പിൽ വിജയം ഉറപ്പിച്ചെന്ന് ഇടതുമുന്നണി പറയുമ്പോൾ, ഇത്തവണ പക്ഷേ 1970 ആവർത്തിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും ചപ്പാരപ്പടവ്, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം, കുറുമാത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലം. മുസ്‌ലിം ലീഗിന് നിർണായക സ്വാധീനമുള്ള തളിപ്പറമ്പ് നഗരസഭ യുഡിഎഫ് ആണ് ഭരിക്കുന്നത്. ആന്തൂർ നഗരസഭയിൽ പ്രതിപക്ഷം പോലും ഇല്ലാതെ എൽഡിഎഫ് ഭരണം കയ്യാളുന്നു. ചപ്പാരപ്പടവ്, കൊളച്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണം. കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം, കുറുമാത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫാണ്. മലപ്പട്ടത്ത് ഒരൊറ്റ പ്രതിപക്ഷാംഗം മാത്രമാണുള്ളത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,617 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി സ്ഥാനാർഥി ജയിംസ് മാത്യു ജയിച്ചു കയറിയത്. ആകെ പോൾ ചെയ്ത 1,58,816 വോട്ടിന്റെ 56.95 ശതമാനം (91,106 വോട്ട്) നേടിയായിരുന്നു വിജയം. 2011 ലും ജയിംസ് മാത്യുവായിരുന്നു വിജയി. ഭൂരിപക്ഷം 27,861.

സിപിഎമ്മിന്റെ ടേം നിബന്ധനയുടെ ഭാഗമായി ജയിംസ് മാത്യു ഒഴിയുമ്പോൾ 1996 ലും 2001 ലും തളിപ്പറമ്പ് എംഎൽഎയും നിലവിൽ കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി.ഗോവിന്ദനെയാണ് സിപിഎം കളത്തിലിറക്കിയത്. ഇടതുകോട്ടയായ തളിപ്പറമ്പിൽ ഗോവിന്ദനു കാര്യമായി വെല്ലുവിളി നേരിടേണ്ടി വരില്ലെന്നു സിപിഎം കണക്കു കൂട്ടുന്നു.

ഏതാനും വർഷമായി പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു മാറി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ ഗോവിന്ദനെ, ഭരണത്തുടർച്ച ലഭിച്ചാൽ മന്ത്രിസഭയിലെ സുപ്രധാന പദവിയിലേക്കു തന്നെ പരിഗണിച്ചേക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞപ്പോൾ തൽസ്ഥാനത്തേക്കു പരിഗണിച്ചിരുന്ന നേതാവായിരുന്നു ഗോവിന്ദൻ. 13 വട്ടം സിപിഎം പ്രതിനിധികളെ നിയമസഭയിലേക്ക് അയച്ചിട്ടും മണ്ഡലത്തിനു ഒരു മന്ത്രിയില്ലെന്ന പരിഭവം എം.വി.ഗോവിന്ദനിലൂടെ തീർക്കുമെന്നാണ് എൽഡിഎഫ് വാഗ്ദാനം.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനു വേണ്ടി കേരള കോൺഗ്രസ് (എം) സ്ഥാനാർഥി മത്സരിച്ച മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസിൽനിന്ന് സ്ഥാനാർഥിയെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ രാജേഷ് നമ്പ്യാർക്കു നേടാനായത് 50,489 വോട്ടുകൾ മാത്രമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ കെ.സുധാകരൻ ‍നേടിയ 725 വോട്ടിന്റെ ഭൂരിപക്ഷത്തോടെ, മണ്ഡലം അപ്രാപ്യമല്ലെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു.

മുസ്‌ലിം ലീഗും മണ്ഡലത്തിൽ അവകാശവാദം ഉയർത്തിയെങ്കിലും കൂത്തുപറമ്പ് ലീഗിന് വിട്ടുനൽകി ഇടതുകോട്ടയിൽ പോരിനിറങ്ങാൻ കോൺഗ്രസ് തീരുമാനിച്ചു. വെറും മത്സരമല്ല, ജയസാധ്യത തന്നെ മണ്ഡലത്തിൽ ഉണ്ടെന്ന പ്രാദേശിക നേതാക്കളുടെ വികാരം കണക്കിലെടുത്താണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദിനെ പാർട്ടി രംഗത്തിറക്കിയത്.

അരനൂറ്റാണ്ട് നീണ്ട ഇടത് ആധിപത്യം അവസാനിപ്പിച്ച് മണ്ഡലം തിരിച്ചു പിടിക്കാൻ അബ്ദുൽ റഷീദിനു സാധിക്കുമെന്നാണ് കണക്കൂകൂട്ടൽ. മണ്ഡലത്തിലെ ‘വികസന മുരടിപ്പിൽ’ ഊന്നിയായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണവും. തദ്ദേശ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ ഉണ്ടായ കുതിപ്പ് ഇത്തവണയും ആവർത്തിക്കുമെന്നു യുഡിഎഫ് കണക്കൂകൂട്ടുന്നു.

ബിജെപിക്കു പൊതുവേ ശക്തി കുറഞ്ഞ മണ്ഡലമാണ് തളിപ്പറമ്പ്. ബിജെപി സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരനാണ് സ്ഥാനാർഥി. ആർഎസ്എസ്സിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന, മണ്ഡലത്തിൽ വേരുകളുള്ള ഗംഗാധരനു ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 14,742 വോട്ടുകൾ മാത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നേടാൻ കഴിഞ്ഞത്. വോട്ടുവിഹിതം കുത്തനെ ഉയരുമെന്നാണ് ബിജെപിയുടെ അവകാശവാദം.

ശക്തനായ സ്ഥാനാർഥി എത്തിയതോടെ ഭൂരിപക്ഷം 50,000 കടക്കുമെന്നാണ് എൽഡിഎഫ് അവകാശവാദം. മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷം ജയിംസ് മാത്യു കൊണ്ടു വന്ന വികസനവും സർക്കാർ അനുകൂല തരംഗവും അഭിമാന വിജയം കൊണ്ടു വരുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ലോക്സഭയിലെ നേരിയ ലീഡിന്റെ ആനുകൂല്യം ഇത്തവണ യുഡിഎഫിനുണ്ടാകില്ലെന്നും എൽഡിഎഫ് പറയുന്നു.

Content Highlights: Taliparamba Constituency, Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com