ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ആസൂത്രിതമായി കൈകാര്യം ചെയ്യാനറിയാവുന്നയാളെയാണ് ബിജെപി സംസ്ഥാനത്തിന്റെ ചുമതല നൽകി കേരളത്തിലേക്ക് വിട്ടത്. ബിജെപി വളരാൻ തുടങ്ങുന്ന സമയത്തു തന്നെ 2 തവണ കോയമ്പത്തൂരിൽ നിന്ന് എംപിയായ സി.പി. രാധാകൃഷ്ണൻ തിരഞ്ഞെടുപ്പു വിജയങ്ങളുടെ സൂത്രധാരനാണ്.  കഴിഞ്ഞ 45 ദിവസമായി കേരളത്തിൽ താമസിച്ച് പ്രവർത്തിക്കുകയാണ് അദ്ദേഹം.  ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയാണ് അദ്ദേഹം. 

പ്രചാരണത്തിന്റെ അവസാനകാര്യങ്ങളും 4ന് പൂർത്തിയാക്കി 5 മണിക്ക് അദ്ദേഹം മടങ്ങും. ബിജെപിയുടെ സ്ഥാനാനാർഥി നിർണയം മൂതൽ പ്രചാരണത്തിന് എത്തേണ്ട വിഐപികൾ, അവരെ എവിടെയൊക്കെ പ്രചാരണത്തിന് വിടണമെന്നും പരിപാടികൾക്ക് എത്ര ആൾക്കൂട്ടം വേണമെന്നുവരെ നിശ്ചയിച്ചു നൽകുന്നതിന്റെ ചുമതലയാണ് ദേശീയ ബിജെപി നേതൃത്വം സി.പി. രാധാകൃഷ്ണന് നൽകിയത്. 

മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാപ്റ്റൻ. ക്യാപ്റ്റൻ മടങ്ങിവരുമെന്നാണ് പ്രചാരണം.

ഒതുക്കേണ്ടവരെയൊക്കെ ഒതുക്കിയെന്ന് ആശ്വസിച്ചിരിക്കുകയാണ് അദ്ദേഹം. പാർട്ടിയിൽ കലാപത്തിന് അധികനാളെടുക്കില്ല. തോൽവിയുടെ പിറ്റേ ദിവസം മുതൽ ക്യാപ്റ്റന്റെ കപ്പൽ മുങ്ങും. ക്യാപ്റ്റൻ ഉറക്കമില്ലാതെ ബോംബിനെ ഭയന്നുകഴിയുകയാണ്. ഉറങ്ങിയാൽ സ്വപ്നം കാണേണ്ടിവരും. സ്വപ്നത്തിൽ സ്വപ്ന വരും. അതോടെ ഞെട്ടി ഉണരും. ഒന്നും ഇവിടെ അവസാനിക്കുന്നില്ല. ചെയ്ത തെറ്റുകൾക്ക് ഫലം തേടി വരുക തന്നെ ചെയ്യും. 

കേരളത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണം പൂർത്തിയാകുകയാണ് നാളെ. എന്താണ് ബിജെപിയുടെ പ്രതീക്ഷ? 

കേരളംആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന അംഗങ്ങളെ ബിജെപി ഇക്കുറി നിയമസഭയിലെത്തിക്കും. സംശയിക്കേണ്ട. മാധ്യമങ്ങളുടെ കണ്ണിൽപ്പെടാത്ത ചില മണ്ഡലങ്ങളിൽ കൂടി എൻഡിഎ വിജയക്കൊടിപാറിക്കും. അതിപ്പോൾ വെളിപ്പെടുത്തുന്നില്ല. 

കേരളത്തിൽ എൻഡിഎ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കെത്താനുള്ള ഭാഗ്യമുണ്ടാകുമോ?

ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ ആരുഭരിക്കണമെന്നു ബിജെപി  തീരുമാനിക്കും. 2026 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ എല്ലാവർക്കും പങ്കെടുക്കാം. 

സർവേ ഫലങ്ങൾ ബിജെപിയുടെ പ്രതീക്ഷയൊന്നും പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല.

സർവേ ഫലങ്ങൾ യാഥാർഥ്യബോധമില്ലാത്തതാണെന്ന് കേരളത്തിലെ ഏത് മുക്കിലും മൂലയിലും പോയി ചോദിച്ചാൽ ജനം പറയും. ജനത്തിന്റെ മനസിലിരിപ്പ് സർവെയിലെങ്ങും തെളിയില്ല.  

സ്ഥാനാർഥി നിർണയം മുതൽ കേരളത്തിലെ തീരുമാനങ്ങളിൽ പങ്കെടുത്തിരുന്നോ?

അതിനും വളരെ നേരത്തെ ഞാൻ കേരളത്തിലെത്തി. തിരുവനന്തപുരത്ത്  45 ദിവസമായി വീടു വാടക്യ്ക്കെടുത്തായിരുന്നു പ്രവർത്തനം ഏകോപിപ്പിച്ചത്. കേരളത്തിന്റെ എല്ലാ മണ്ഡലങ്ങളിലും 2 തവണ യാത്ര ചെയ്തു. സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും വച്ച് പാർട്ടി ഭാരവാഹികളുടെ യോഗത്തിന് പ്രത്യേകം പങ്കെടുത്തു. കഴിഞ്ഞ 20 ദിവസം 4 ദേശീയ ഭാരവാഹികളും മന്ത്രിമാരും വീതമാണ് ദിവസവും കേരളത്തിലെത്തിയത്. പ്രചാരണത്തിന്റെ അവസാന ദിവസമായ നാലാം തീയതി 4 മണിക്കാണ് ബിജെപിയുടെ വിഐപികൾ പലരും മടങ്ങുന്നത്. 5 മണിക്ക് ഞാനും മടങ്ങും. 

കേരളത്തിൽ ബിജെപിയ്ക്കുള്ളിൽ ഗ്രൂപ്പിസം ഉണ്ടെന്നതാണ് പ്രശ്നമായി കാണുന്നത്. ബിജെപിയുടെ പ്രവർത്തനത്തിൽ കണ്ട പോസിറ്റിവ് എന്താണ്?

കേരളത്തിൽ 2026ൽ ബിജെപി അധികാരത്തിലെത്തുമെന്ന് ഞാൻ ഉറപ്പിച്ച് പറയുന്നതിന് കാരണം കേരളത്തിലെ പ്രവർത്തന ശൈലിയും പ്രവർത്തകരുടെ ത്യാഗമനോഭാവവും മറ്റു സംസ്ഥാനങ്ങളിലെങ്ങും ഇല്ലാത്തതാണ്. അതാണ് ബിജെപിയുടെ ഭാവി വളർച്ചയുടെ രഹസ്യം. ബിജെപി പ്രവർത്തനം ജീവിതത്തിന്റെ ഭാഗമാക്കിയ പ്രവർത്തകരാണ് താഴെത്തട്ടിൽ. പിന്നെ രാഷ്ട്രത്തിൽ എല്ലായിടത്തും നല്ലതു മാത്രം സംഭവിക്കണമെന്ന് ചിന്തിക്കുന്ന ആർഎസ്എസും നല്ല രീതിയിൽ സംഘടനാ മികവ് കേരളത്തിൽ പുലർത്തുന്നു. 

സിപിഎമ്മിന് തുടർ ഭരണമെന്നാണ് സർവേ ഫലങ്ങൾ. സിപിഎമ്മിന്റെ ഭാവിയെന്താണ്?

തുടർഭരണം എന്ന സിപിഎമ്മിന്റെ ആഗ്രഹം കേരളത്തിൽ ജനാധിപത്യം ഇല്ലാതാക്കുമെന്ന് ഉറപ്പിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ  മൂഡ് നോക്കിയായിരുന്നു കേരളത്തിൽ കഴിഞ്ഞ 5 വർഷം ഭരണം. മുഖ്യമന്ത്രിയുടെ മൂഡ് നോക്കി ജനാധിപത്യം മുന്നോട്ടുപോകില്ല. ഏകാധിപത്യത്തിനാണ് സാധ്യത. അതുകൊണ്ട് കേരളത്തിൽ നിന്ന് സിപിഎം തുടച്ചുമാറ്റപ്പെടുന്ന ഫലമായിരിക്കും ജനം കേരളത്തിൽ നടപ്പാക്കുക. 

സിപിഎമ്മിലെ ഭിന്നത പിണറായിയ്ക്കെതിരെ വലിയൊരു പൊട്ടിത്തെറിയോടെ പുറത്തുവരും. സിപിഎമ്മിന്റെ അവസാനം കുറിക്കുന്ന തർക്കമായിരിക്കും അത്. മാതൃകയാക്കി ഉയർത്തിക്കാട്ടാൻ ഒരു നേതാവും സിപിഎമ്മിലില്ല. പാർട്ടി െസക്രട്ടറിയായിരുന്ന നേതാവിന്റെ മക്കളുടെ ജീവിത നിലവാരം ‍ഞെട്ടിപ്പിക്കുന്നതാണ്. ആ പാർട്ടിയിലേക്ക് നല്ല പ്രവർത്തകർ ഇനി വരാനാകില്ല.  താഴെത്തട്ടിൽ ഉള്ള ചില നല്ല പ്രവർത്തകരെ കൊണ്ടുമാത്രമാണ് ഇപ്പോൾ സിപിഎം മുന്നോട്ടുപോകുന്നത്. അവർ നേതാക്കളുടെ പ്രവ‌‍ൃത്തിയിൽ മനംനൊന്ത് പ്രവർത്തനം നിർത്തിയിരിക്കുന്നു. അവർക്ക് അടുത്ത വഴികൾ ആലോചിക്കേണ്ടിവന്നിരിക്കുന്നു.. 

കോൺഗ്രസ് മുക്ത ഭാരതെന്നു പറയുമ്പോൾ കേരളത്തിൽ സിപിഎം അധികാരത്തിൽ വരുന്നതിനെ ബിജെപി പ്രോൽസാഹിപ്പിക്കുന്നതിനാണ് സാധ്യതയെന്ന് ആരോപണമുണ്ട്. 

കേരളത്തിൽ സിപിഎമ്മിന്റെ അവസാനം കുറിക്കുന്നതും ബിജെപിയുടെ ലക്ഷ്യമാണ്. കോൺഗ്രസ് തകർച്ച ഏകദേശം പൂർണതയിലേക്ക് എത്തിക്കഴിഞ്ഞു. ജനങ്ങളെ ഭയാശങ്കയിൽ നിർത്തിക്കൊണ്ട് എത്രനാൾ സിപിഎമ്മിന് പോകാൻ കഴിയും, ബംഗാളും ത്രിപുരയ്ക്കും ശേഷം ജനം സിപിഎമ്മിനെ കേരളത്തിൽ നിന്നും തൂത്തെറിയും

നേമത്ത് എന്താണ് സാധ്യത. അക്കൗണ്ട് പൂട്ടിക്കുമെന്ന് പിണറായി പറഞ്ഞിരിക്കുന്നു.

 51% വോട്ട് നേടി ബിജെപി നേമം നിലനിർത്തും. ബാക്കി തിരുവനന്തപുരത്തെ സീറ്റുകളും വിജയം സുനിശ്ചിതം

നരേന്ദ്രമോദിയുടെ വരവിൽ നേട്ടമെന്താണ്. മൈതാനത്തിലെ ജനക്കൂട്ടം വോട്ടായി മാറുമോ

രാജ്യത്ത് എവിടെയും മോദി തരംഗം ആഞ്ഞടിക്കുകയാണ്. കേരളത്തിലും ഇന്നലെ വന്ന ജനക്കൂട്ടത്തെ കണ്ടല്ലോ. 4–5% വോട്ടിന്റെ വർധനയാണ് മോദിയുടെ വരവിൽ അധികം ലഭിക്കുന്നത്. 

സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് മൽസരിക്കുന്നതാണ് നല്ലതെന്ന് മോദി പറഞ്ഞു. ഇൗ കൂട്ടുകെട്ടിലെ പൊള്ളത്തരം ഇൗ തിരഞ്ഞെടുപ്പിൽ തുറന്നുകാണിക്കാൻ കഴിഞ്ഞോ? 

തീർച്ചയായും. പ്രിയങ്കയും രാഹുലും ബംഗാളിൽ പ്രചാരണത്തിന് പോലുമിറങ്ങിയില്ല. കാരണം കേരളത്തിലെ ജനത ഇൗ കച്ചവടം കയ്യോടെ പിടിക്കുമെന്നതിനാലാണ്. അതിർത്തിക്കപ്പുറത്ത് ഇവരൊന്നാണ്.  പിന്നെന്തിനാണ് കേരളത്തിൽ മാത്രം വേറിട്ട് നിൽക്കുന്നത് എന്നത് ജനത്തിന് തോന്നി. സോളാറും ഡോളറും സ്വപ്നയും സരിതയും അങ്ങനെ പേരിൽ മാത്രമേ വ്യത്യാസമുള്ളു നയപരിപാടികൾ ഒന്നുതന്നെ. 

ബിജെപി ഇൗ തിരഞ്ഞെടുപ്പിൽ പണമൊഴുക്കുകയാണെന്നാണ് പരാതി. കോൺഗ്രസ് സ്ഥാനാർഥികളുടെ കയ്യിൽ പണമൊട്ടുമില്ലെന്നതും കേൾക്കുന്നു.

കോൺഗ്രസിൽ നേതാക്കൾ പണമുണ്ടാക്കി വയ്ക്കുകയാണ്. അതാണ് പ്രശ്നം. മുൻ കേന്ദ്രമന്ത്രി പി.ചിദംബരം കോൺഗ്രസിനെ ഉപയോഗിച്ച് ഉണ്ടാക്കി കൊണ്ടുപോയ പണത്തിന്റെ 1 ശതമാനം ഉണ്ടെങ്കിൽ കേരളത്തിലെ 10 തിരഞ്ഞെടുപ്പുകൾക്ക് തികയും . ബിജെപി അങ്ങനെയല്ല. ജനങ്ങളിൽ നിന്ന് പാർട്ടി സഹായം േതടുന്നു . തിരഞ്ഞെടുപ്പുകൾക്ക് ചെലവാക്കുന്നു. 

English Summary : CP Radhakrishnan interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com