ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൂന്നു മുന്നണികളും പുറത്തിറക്കിയ പ്രകടന പത്രികകളിലുള്ളത് ദീർഘകാല കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളല്ല ദൈനംദിന കേരളത്തെക്കുറിച്ചുള്ള മുട്ടുശാന്തിയുടെ രാഷ്ട്രീയമാണെന്നു രാഷ്ട്രീയ നിരീക്ഷകനും കേരള സർവകലാശാല പൊളിറ്റിക്കൽ വിഭാഗം മുൻ പ്രഫസറുമായ ഡോ. ജെ. പ്രഭാഷ് പറഞ്ഞു. പ്രകടന പത്രികകൾ ലക്ഷ്യമിടുന്നത് കേരളത്തിന്റെ പരിവർത്തനമല്ല. ഒരുതരം സേഫ്റ്റി നെറ്റ് രാഷ്ട്രീയമാണ്. ‘ഒരാൾക്കു മീൻകൊടുക്കുകയല്ല, മീൻപിടിപ്പിക്കാൻ പഠിപ്പിക്കലാണു പ്രധാനം.’ എന്ന ചൈനീസ് പഴഞ്ചൊല്ലാണ് ഈ പാർട്ടികളെ ഓർമിപ്പിക്കാനുള്ളത്: കേരളത്തിലെ മൂന്നു മുന്നണികളും പുറത്തിറക്കിയ പ്രകടന പത്രികയെ താരതമ്യം ചെയ്ത് മനോരമ ഓൺലൈനോടു സംവദിക്കുകയായിരുന്നു അദ്ദേഹം.

സേഫ്റ്റി നെറ്റിന്റെ രാഷ്ട്രീയം

മുൻകാലങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനു പകരം പുതിയ പ്രഖ്യാപനങ്ങൾ നടത്തുകയാണ്. അതിനുള്ള വിഭവങ്ങൾ എങ്ങനെ സമാഹരിക്കുമെന്നു വ്യക്തമാക്കുന്നില്ല. സേഫ്റ്റി നെറ്റിൽ ഊന്നിയുള്ള ജനപ്രിയ പദ്ധതികൾ അവതരിപ്പിക്കുന്നതിനാണു മത്സരം നടക്കുന്നത്. അത് സമ്പദ്ഘടനയ്ക്ക് ഏൽപിക്കുന്ന ആഘാതത്തെപ്പറ്റി ചർച്ച ചെയ്യുന്നില്ല. ഒരേ സമയം അയ്യായിരം വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ പുറത്തിറക്കുന്ന പ്രകടന പത്രികകൾക്ക് അഞ്ചുവർഷത്തിനപ്പുറം പോകാൻ കഴിയാത്തത് എന്തുകൊണ്ടാണ്. കേരളത്തിന്റെ വിശാലമായ ഭാവിയെ മുന്നിൽകണ്ടുകൊണ്ടുള്ള പരിവർത്തനോന്മുക നയരേഖയല്ല, നവ ലിബറൽ കാലഘട്ടത്തിൽ മനുഷ്യനെ പുല്ലു തീറ്റിക്കുന്ന ( വെജിറ്റേറ്റീവ്) ആയ മുട്ടുശാന്തി പദ്ധതികൾ ആണു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

Dr.J.Prabhash
ഡോ.ജെ.പ്രഭാഷ്

1957ൽ നിന്നുള്ള പരിവർത്തനം

1957ലെ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രിക പരിശോധിക്കുമ്പോഴാണ് ഇപ്പോഴത്തെ സമീപനത്തിൽ വന്നിരിക്കുന്ന നിലവാരത്തകർച്ച നമുക്കു വ്യക്തമാകുന്നത്. ഭൂപരിഷ്കരണം, വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ വ്യത്യസ്ത കാഴ്ചപ്പാടുകൾ അവതരിപ്പിച്ചുകൊണ്ടാണ് ആ മന്ത്രിസഭ അധികാരത്തിൽ വന്നത്. ഇപ്പോൾ മുന്നോട്ടു വയ്ക്കുന്നത് സേഫ്റ്റിനെറ്റ് രാഷ്ട്രീയമാണ്.കിറ്റ് വിതരണം, ക്ഷേമ പെൻഷനുകൾ എന്നിവയൊക്കെ അതിൽ ഉൾപ്പെടും. 15 ലക്ഷം കുടുംബങ്ങൾക്കുവരെ ധനസഹായം, 25 ലക്ഷം പേർക്ക് ജോലി, 15,000 സ്റ്റാർട്ടപ്പുകൾ, ക്ഷേമ പെൻഷൻ 2,500 രൂപയാക്കും ഇങ്ങനെയൊക്കെയാണ് ഇത്തവണത്തെ വാഗ്ദാനങ്ങൾ.

കഴിഞ്ഞ അഞ്ചു വർഷവും കേരളം ഭരിച്ച മുന്നണി ഇതൊക്കെ പറയുമ്പോൾ ഇതിൽ എന്തൊക്കെയാണു കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയതെന്ന പരിശോധന കൂടി വേണ്ടിവരും. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ എത്രപേർക്കു തൊഴിൽ നൽകി. പുതിയതായി എത്ര തൊഴിലവസരങ്ങൾ സൃഷ്ടിച്ചു? എന്നു കൂടി വ്യക്തമാക്കേണ്ടിവരും. ഏറ്റവും കൂടുതൽ കടം ഉള്ള സംസ്ഥാനമാണു കേരളം. പെൻഷൻ വർധിപ്പിക്കുന്നതിനുള്ള തുക എങ്ങനെയാണു കണ്ടെത്താൻ പോകുന്നതെന്നു വ്യക്തമല്ല. ഒരു മഹാമാരിയുടെ കാലത്ത് ക്ഷേമ പദ്ധതികളെപ്പറ്റി പറയുന്നതു മനസ്സിലാക്കാം. എന്നാൽ എല്ലാകാലവും അത് അങ്ങനെതന്നെ തുടരുമെന്നു കരുതുന്നതു ശരിയല്ല. അങ്ങനെയാണെങ്കിൽ മഹാമാരി എങ്ങനെ വരുന്നുവെന്നതു ചർച്ചയാകണം. കാലാവസ്ഥയിലെ മാറ്റങ്ങൾ, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയുടെ തകർച്ച എന്നിവയിലേക്കാണ് ആ അന്വേഷണം എത്തി നിൽക്കുന്നത്. സാമൂഹിക അസന്തുലിതാവസ്ഥ, ജാതീയവും ലിംഗപരവുമായ വിവേചനം എന്നിവ പരിഹരിക്കുന്നതിന് എന്തു പദ്ധതിയാണുള്ളത്?

ആനന്ദ മന്ത്രാലയം

യുഡിഎഫ് പ്രകടന പത്രികയിൽ പറയുന്ന ഒരു വാഗ്ദാനം ആനന്ദത്തിനായി ഒരു മന്ത്രാലയം ഉണ്ടാക്കുമെന്നാണ്. യുകെയിൽ ഏകാന്തതയ്ക്ക് ഒരു മന്ത്രാലയമുണ്ട്. ‘മിനിസ്ട്രി ഓഫ് ലോൺലിനെസ്’ എന്നപേരിലാണത് അറിയപ്പെടുന്നത്. വകുപ്പുകൾ വന്നതുകൊണ്ട് ആനന്ദം ഉണ്ടാവുകയോ ഏകാന്തത ഇല്ലാതാവുകയോ ഇല്ല. ജനങ്ങളെ സ്വാധീനിക്കുന്ന കർമ പദ്ധതികളിലൂടെയേ അതു സാധ്യമാവുകയുളളൂ. സാമൂഹികമായ അസമത്വങ്ങളാണു സമൂഹം നേരിടുന്ന പ്രധാന പ്രശ്നം. ജാതിപരവും ലിംഗപരവുമായ വിവേചനം മാറണം.

ldf-udf-nda

ദാരിദ്ര്യ നിർമാർജനം, ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ വ്യക്തികളുടെ ഒറ്റപ്പെടലും അസംതൃപ്തിയും സ്വാഭാവികമായി മാറും. അത് ഏങ്ങനെ കൈവരിക്കാമെന്നതല്ലേ ചർച്ച ആകേണ്ടത്. പെൻഷൻ വർധനയെപ്പറ്റി യുഡിഎഫ് പ്രകടന പത്രികയിലും വാഗ്ദാനമുണ്ട്. അതിനുള്ള വിഭവ സമാഹരണത്തെപ്പറ്റി അവരും വ്യക്തമാക്കുന്നില്ല. സോഷ്യലിസം എന്ന ആശയം അവതരിപ്പിച്ച ജവഹർലാൽ നെഹ്റുവിന്റെ പിൻഗാമികൾക്ക് പരിവർത്തനോന്മുഖമായ ഒരു പുതിയ കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കേണ്ട ഉത്തരവാദിത്തമില്ലേ?

ഇന്ധന വിലയിലെ കുറവ്

പെട്രോൾ ലീറ്ററിന് 65 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നാ ണ്ബിജെപി മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനം. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരാണു നിരന്തരമായി ഇന്ധന വില വർധന നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആ പാർട്ടിയുടെ സംസ്ഥാന ഘടകം ഇത്തരം ഒരു വാഗ്ദാനം മുന്നോട്ടു വയ്ക്കുന്നതിലെ ആത്മാർഥത സംശയത്തിന്റെ നിഴലിലാണെന്നതിൽ ആർക്കും സംശയമുണ്ടായില്ല.

ജനങ്ങളെ മുദ്രാവാക്യങ്ങളായി കാണരുത്

ക്ഷേമ പദ്ധതികൾ വാഗാദാനം ചെയ്തിട്ടു കാര്യമില്ല. എല്ലാ പ്രഖ്യാപനവും നടപ്പിലാക്കാൻ പറ്റുന്നവ ആകണമെന്നില്ല. ഭാവിക്കു വേണ്ടിയുള്ള വീക്ഷണമെന്ത് എന്നാണു ചോദ്യം. ഇതിന് ഇത്തരം ഇല്ല. ഒരു വ്യക്തിയെ സംബന്ധിച്ച് 50 വർഷമെന്നതു വലിയ കാലയളവാണ്. രാഷ്ട്രത്തെസംബന്ധിച്ച് അതു ചെറിയ കാലഘട്ടം മാത്രമാണ്. അതുകൊണ്ടുതന്നെ 50 വർഷത്തെ മുന്നിൽ കാണുന്ന സമഗ്ര പദ്ധതികളാണു വേണ്ടത്. അതിനു പകരം ജനങ്ങളെ മുദ്രാവാക്യങ്ങളായി കാണുന്ന സമീപനം ശരിയല്ല.

English Summary: J Prabhash on Election manifestos by political fronts in Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com