ADVERTISEMENT

സംസ്ഥാനത്തെ പൊതുപരീക്ഷകളിൽ മുൻപന്തിയിലുള്ള എസ്എസ്എൽസി പരീക്ഷ നിയമസഭാ വോട്ടെടുപ്പിനു തൊട്ടുപിന്നാലെ ഈ മാസം എട്ടിനു തുടങ്ങും. സംസ്ഥാനത്തെ ലക്ഷക്കണക്കിനു കുട്ടികൾ എഴുതിക്കഴിഞ്ഞ, ഇനിയും എഴുതാനിരിക്കുന്ന പരീക്ഷയുടെ ചരിത്രം ഇതിനിടെ അന്വേഷിക്കുന്നത് ഒരേസമയം കൗതുകവും വിജ്ഞാനപ്രദവുമാണ്.

ഇഎസ്എൽസിയിൽ (ഇംഗ്ലിഷ് സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ്) നിന്നാണ് എസ്എസ്എൽസി (സെക്കൻഡറി സ്കൂൾ ലിവിങ് സർട്ടിഫിക്കറ്റ്) രൂപം കൊണ്ടത്. 1948–49 വർഷത്തിൽ ഇഎസ്എൽസി അവസാനിക്കുകയും പകരമായി എസ്എസ്എൽസി ആരംഭിക്കുകയും ചെയ്തു. 1952 ലാണ് എസ്എസ്എൽസി പരീക്ഷ പൂർണ്ണ തോതിൽ ആരംഭിച്ചത്.

∙ കേരളം ഉണ്ടാകും മുൻപേ എസ്എസ്എൽസി

കേരളം ഉണ്ടാകുന്നതിനും മുൻപുള്ള കാലം. തിരുവിതാംകൂറിലും കൊച്ചിയിലും പിന്നീട് തിരുകൊച്ചിയിലും പഠിച്ച പത്താം ക്ലാസ്സുകാർക്കാണു മലയാളം ഒഴിച്ചുള്ള വിഷയങ്ങൾ ഇംഗ്ലിഷിൽ എഴുതേണ്ടിവന്നത് – ഇഎസ്എൽസി പരീക്ഷ. ട്രാവൻകൂർ എജ്യുക്കേഷൻ ബോർഡ് നടത്തിയ പരീക്ഷയിൽ ആറു പേപ്പറാണ് ഇംഗ്ലിഷിൽ എഴുതാനുണ്ടായിരുന്നത്. രണ്ടു ഗ്രൂപ്പിൽ ഏതെങ്കിലും തിരഞ്ഞെടുക്കാൻ അന്ന് വിദ്യാർത്ഥികൾക്ക് അവസരമുണ്ടായിരുന്നു.

ഒന്നാമത്തെ ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ആർട്സ് എന്നിവയും രണ്ടാമത്തെ ഗ്രൂപ്പിൽ കണക്കിനു പകരം ബയോളജിയും. പഠനമാധ്യമം മലയാളം ആയതോടെ ആദ്യത്തെ മാറ്റമായി! പേരിൽ നിന്ന്് ‘ഇ’ പോയി! 1949–ൽ ഇഎസ്എൽസി അവസാനിച്ചെങ്കിലും തോറ്റവർക്കുവേണ്ടി പിന്നെയും ‘ഇ’ പരീക്ഷ തുടർന്നു. 1951–52 ലാണ് ‘ഇ’ പൂർണ്ണമായി മാറി ‘എസ്’ ചേർത്ത് ‘എസ്എസ്എൽസി’ പരീക്ഷ പിറന്നത്...

∙ തോറ്റില്ലെങ്കിലും എസ്എസ്എൽസി നേടാൻ 11 വർഷം!

വളരെ പണ്ട് 10–ാം ക്ലാസ്സ് പാസ്സാകാൻ ഒരു ക്ലാസ്സിലും തോറ്റിട്ടില്ല എങ്കിലും 11 വർഷം വേണമായിരുന്നു! അന്ന് എൽപി വിഭാഗത്തിൽ അഞ്ചാം ക്ലാസ്സ് വരെ പഠിക്കണമായിരുന്നു. തുടർന്ന് ഫസ്റ്റ് ഫോറം മുതൽ സിസ്ത് ഫോറം വരെ പഠിക്കാൻ ആറു വർഷം. അപ്പോൾ 10–ാം ക്ലാസ്സ് അഥവാ സിസ്ത് ഫോറം പാസ്സാകാൻ ആകെ 11 വർഷം.

1969–ൽ 10–ാം ക്ലാസ്സ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ‘എ’ പാർട്ട് എന്നും ‘ബി’ പാർട്ടെന്നും രണ്ടു ഭാഗങ്ങളുണ്ടായിരുന്നു. ‘എ’ പാർട്ട് എഴുതിക്കഴിയുമ്പോൾ മാത്രമേ ‘ബി’ പാർട്ട് ചോദ്യങ്ങൾ നൽകിയിരുന്നുള്ളൂ. അതുപോലെ ഭാഷാവിഷയങ്ങൾക്ക് 100 ൽ 40 മാർക്കും സബ്ജക്ടുകൾക്ക് 100 ൽ 35 മാർക്കും ഉണ്ടെങ്കിൽ മാത്രമേ എസ്എസ്എൽസി പാസ്സായിരുന്നുള്ളൂ. 1974–75 ൽ ഗ്രൂപ്പ് സിസ്റ്റം കടന്നുവന്നു. ഭാഷാവിഷയങ്ങളടങ്ങിയ ഗ്രൂപ്പിന് ആകെ 90 മാർക്കും സബ്ജക്ട് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പിന് ആകെ 120 മാർക്കും മതിയെന്നായിരുന്നു. 600 ൽ 210 ന്റെ ബലത്തിൽ എസ്എസ്എൽസി കടന്നുകൂടാമെന്ന അവസ്ഥ!

എസ്എസ്എൽസി പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാർഥികൾ (ഫയൽ ചിത്രം)
(ഫയൽ ചിത്രം)

∙ 16 പേജിന്റെ സർട്ടിഫിക്കറ്റ് ബുക്ക്!

എസ്എസ്എൽസിയുടെ തുടക്കത്തിൽ 16 പേജുള്ളതായിരുന്നു സർട്ടിഫിക്കറ്റ് ബുക്ക്. 8, 9, 10 ക്ലാസ്സുകളിലെ മാർക്കുകൾ അതിൽ രേഖപ്പെടുത്തുമായിരുന്നു. മഷി ഉപയോഗിച്ച് അധ്യാപകർ സ്വന്തം കൈപ്പടയിലെഴുതിയ ‘ബുക്കുകൾ’ കേടുകൂടാതെ ഇപ്പോഴും മുതിർന്ന തലമുറയുടെ പക്കലുണ്ട്. കാര്യമായി എന്തെങ്കിലും കിട്ടിയെന്ന് സ്വയം തോന്നാനും തോന്നിപ്പിക്കാനും കഴിഞ്ഞിരുന്ന ബുക്കായിരുന്നു അത്.

വർഷങ്ങൾക്കു മുൻപുവരെ ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച അവസാനിക്കുന്ന പരീക്ഷയിൽ 12 പേപ്പറാണുണ്ടായിരുന്നത്. ആറു ദിവസം 12 പരീക്ഷ! ഒരു ബാലാവകാശ കമ്മിഷനും ഇതിൽ ഇടപെട്ടിരുന്നില്ല! ഇന്നോ, ഒരു മാസത്തെ മാരത്തൺ പരീക്ഷയാണ് എസ്എസ്എൽസി!

∙ ‘എൽ’ ഊരി എസ്എസ്‌സി, വീണ്ടും മടങ്ങിയെത്തിയ ‘എൽ’

1987–ൽ എസ്എസ്എൽസിയുടെ ‘എൽ’ ഊരിമാറ്റി. പരീക്ഷ എസ്എസ്‌സി ആക്കി. സർട്ടിഫിക്കറ്റ് ബുക്കിൽ കുട്ടിയുടെ ഫോട്ടോ, രക്തഗ്രൂപ്പ് എന്നിവയൊക്കെ കയറിപ്പറ്റി! എന്നാൽ ഊരിമാറ്റിയ ‘എൽ’ അടുത്ത വർഷം തന്നെ പുനഃസ്ഥാപിച്ച് ‘എസ്എസ്എൽസി’ വീണ്ടെടുത്തു. കുട്ടിയുടെ ഫോട്ടോ ഒഴികെയുള്ള പരിഷ്കാരങ്ങളെല്ലാം റദ്ദാക്കി. പക്ഷെ, 1987 ബാച്ചിലെ കുട്ടികൾ ഇപ്പോഴും എസ്എസ്‌സിക്കാരായി തുടരുന്നു! 1998 മുതലാണ് ബുക്കിനു പകരം ‘കാർഡ്’ ഏർപ്പെടുത്തിയത്. 2009 മുതൽ ‘ഡിജിറ്റൽ കാർഡു’കളാണ് കുട്ടികൾക്ക് നൽകുന്നത്.

2002 ൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം മൂലം ‘മാർച്ച് പരീക്ഷ’ ‘ഏപ്രിൽ പരീക്ഷ’ യായി മാറി. അതേവർഷം പരീക്ഷയ്ക്ക് ഫീസും ഏർപ്പെടുത്തി. 60 രൂപ പരീക്ഷയ്ക്കും 30 രൂപ മാർക്ക് കാർഡിനും! എന്നാൽ പ്രതിഷേധത്തെ തുടർന്ന് 2004 മുതൽ ആകെ ഫീസ് 45 രൂപയായി കുറച്ചു. 2004 –ൽ ‘റാങ്ക്’ സമ്പ്രദായം നിർത്തലാക്കി, പത്രങ്ങളിലെ ഒന്നാം പേജിൽ നിന്ന് റാങ്ക് ജേതാക്കളുടെ പടവും പടിയിറങ്ങി!

തോറ്റവർക്കുള്ള ‘സേ’ പരീക്ഷ ഏർപ്പെടുത്തിയത് 2005 മുതലാണ്. തുടർന്ന് വിപ്ലവകരമായ മാറ്റങ്ങൾ... പരീക്ഷയ്ക്ക് ഗ്രേഡിങ് സമ്പ്രദായം, ഐടി പരീക്ഷ, സിഇ മാർക്കുകൾ.... ഈ നേട്ടങ്ങൾക്കിടയിലും ചോദ്യപേപ്പർ ചോർന്നത് ഒരു കറുത്ത പാടായി... തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. വിധി വന്നതും ചരിത്രം.... ചോദ്യപേപ്പർ അച്ചടിച്ച പ്രസ്സിലെ ജീവനക്കാരും ഉദ്യോഗസ്ഥരും അധ്യാപകരും ഒക്കെ അന്ന് പ്രതികളായി!

എസ്എസ്എൽസി പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാർഥികൾ (ഫയൽ ചിത്രം)
(ഫയൽ ചിത്രം)

∙ ‘ആശ്വാസസമയം’ വന്ന 2006

2006 മുതൽ പരീക്ഷ എഴുതി തുടങ്ങുന്നതിനു മുൻപുള്ള 15 മിനിറ്റ് ‘ആശ്വാസ സമയം’ അനുവദിച്ചുതുടങ്ങി. ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനാണത്രെ ഈ സമയം! 2007 മുതൽ പരീക്ഷാരീതി മാറിമറിഞ്ഞു. പരീക്ഷകളുടെ എണ്ണം 13–ൽ നിന്ന് പത്തായി, ഓരോ പരീക്ഷയ്ക്കും വ്യത്യസ്ത സമയം, ആകെ മാർക്കിന് പ്രസക്തിയില്ലാതായി. പകരം ‘എ–പ്ലസ്’ മുതൽ ‘ഇ’ വരെയുള്ള ഒൻപതു ഗ്രേഡുകൾ കടന്നുവന്നു. മാർക്കുകൾ അപ്രത്യക്ഷമായി! ഏതെങ്കിലും വിഷയത്തിന് ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിച്ചില്ലെങ്കിൽ തുടർപഠനത്തിന് യോഗ്യതയില്ലാതാകും.

2007 മുതൽ വിജയശതമാനം കുത്തനെ ഉയർന്നു, 80% പിന്നിട്ടു. ഇപ്പോൾ 98% പിന്നിട്ടു! ഇങ്ങനെ പോയാൽ വിജയം 100% ആയിക്കൂടായ്കയില്ല! 2008 മുതൽ എസ്എസ്എൽസി പരീക്ഷ ‘ഉച്ചപ്പരീക്ഷ’യായി മാറി! ആ വർഷം രണ്ടു കുട്ടികൾ ‘ശനിയാഴ്ച രാത്രി’ പരീക്ഷ എഴുതി ചരിത്രത്തിന്റെ ഭാഗമായി! അന്നു മുതൽ ചോദ്യപേപ്പർ ബാങ്കുകളിലും ട്രഷറികളിലുമാണ് സൂക്ഷിക്കുന്നത്. ‘വെള്ളി’ പരീക്ഷകൾ ഒഴിവാക്കി, ‘ശനിപ്പരീക്ഷ’ വന്നു! 2011 മുതൽ ഒരു ക്ലാസ്സു മുറിയിൽ 16 നു പകരം 20 കുട്ടികൾ എഴുതി തുടങ്ങി....

∙ ഗ്രേസ് മാർക്കില്ലാത്ത ഫലം, ഗ്രേസ് വന്നപ്പോൾ ജയം 94 %

2012–ൽ പിറവത്തെ തിരഞ്ഞെടുപ്പു മൂലം ഒരു പരീക്ഷ മാറ്റിവെച്ചു. ഗ്രേസ് മാർക്കില്ലാതെ ഫലം പ്രസിദ്ധീകരിച്ചു! ഗ്രേസ് മാർക്ക് ചേർത്ത് പ്രസിദ്ധീകരിച്ചപ്പോൾ വിജയം 94% പിന്നിട്ടു. 2013 മുതൽ എഴുത്തുപരീക്ഷയുടെ എണ്ണം 10–ൽ നിന്നും 9 ആയി ചുരുങ്ങി. ഐടിയുടെ തിയറി പരീക്ഷ പ്രാക്ടിക്കലിനോടൊപ്പം കൂട്ടിയതാണ് കാരണം. 2015 ലെ പരീക്ഷയും വിവാദങ്ങളിലമർന്നു. പരീക്ഷാഫലം തിരക്കുകൂടി പ്രസിദ്ധീകരിച്ചപ്പോൾ പലരും ‘തോറ്റു’! മാത്രമല്ല വാരിക്കോരി എ പ്ലസ് ഗ്രേഡുകളും!

പരീക്ഷ എഴുതാത്തവർക്കും ഗ്രേഡുകൾ നൽകിയെന്ന കളിയാക്കലുകളും എസ്എസ്എൽസി ഏറ്റുവാങ്ങി! വീണ്ടും പരീക്ഷയെപ്പറ്റി അന്വേഷണവും, നടപടികളും! 2016 ൽ വിജയം 96.59%. 2017 ൽ വിജയം 95.98% പക്ഷെ, കണക്ക് പരീക്ഷയുടെ ചോദ്യങ്ങളെക്കുറിച്ച് പരാതി വന്നപ്പോൾ എഴുതിയ പരീക്ഷ റദ്ദാക്കി വീണ്ടും കുട്ടികളെക്കൊണ്ട് കണക്കെഴുതിപ്പിച്ചു!

2018 ലെ കുട്ടികളുടെ അഡ്മിഷൻ ടിക്കറ്റിൽ മാറ്റം! സിഇ മാർക്കുകളും ചേർത്താണ് കുട്ടികളുടെ അഡ്മിഷൻ ടിക്കറ്റ് നൽകിയത്! എന്നാൽ പ്രതിഷേധം മൂലം 2019–ൽ സിഇ മാർക്ക് ഒഴിവാക്കി. 2018 ലെ വിജയം 97.84% ആയിരുന്നു. 2019–ൽ വിജയം 98.11 % ആയിരുന്നു, റിക്കാർഡ് വിജയം. 2020–ൽ ചില പരീക്ഷാകേന്ദ്രങ്ങളിൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വാർഷിക പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളെ ഇടകലർത്തിയാണ് ഇരുത്തുന്നത്. പരീക്ഷാ സമയം പഴയതുപോലെ രാവിലെയാണ്.

(ഫയൽ ചിത്രം)

കൊറോണ വൈറസ് മൂലം കോവിഡ്–19 മഹാമാരി ലോകമെമ്പാടും പടർന്നപ്പോൾ ഇന്ത്യയിൽ 2020 മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ഒന്നാം ഘട്ടം ലോക്ഡൗൺ പ്രഖ്യാപിച്ചു. തന്മൂലം എസ്എസ്എൽസിയുടെ മൂന്ന് പരീക്ഷ (കണക്ക്, ഫിസിക്സ്, കെമിസ്ട്രി) മാറ്റിവച്ചു. മാറ്റിവച്ച ഈ പരീക്ഷകൾ ഏപ്രിൽ 26, 27, 28 തീയതികളിൽ ഉച്ച കഴിഞ്ഞ് നടത്തി.

കോവിഡിനെ അതിജീവിച്ച് നടത്തിയ പരീക്ഷയിൽ കുട്ടികളെല്ലാവരും മാസ്ക് ധരിച്ചും അകലം പാലിച്ചുമിരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ ഒരു കുട്ടിക്കുപോലും കോവിഡ് സ്ഥിരീകരിച്ചില്ല എന്നതും ശ്രദ്ധേയം. കോവിഡിനെ അതിജീവിച്ച് നടത്തിയ 2020–ലെ ‘കൊറോണ എസ്എസ്എൽസി. പരീക്ഷ’യുടെ ഫലം ജൂൺ 30–ന് പ്രഖ്യാപിച്ചു, വിജയം 98.82 ശതമാനം.

2021 ൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രമാണിച്ച് പരീക്ഷ ഇത്തവണ ഏപ്രിൽ 8–ലേക്ക് മാറ്റി, 4,22,226 കുട്ടികൾ ഈ വർഷം പരീക്ഷ എഴുതുന്നു. ഈ വർഷം ആദ്യമായി പകുതിയിലേറെപ്പേരും പരീക്ഷ എഴുതുന്നത് ഇംഗ്ലിഷ് മീഡിയത്തിൽ – 2,18,043 കുട്ടികൾ. ആദ്യത്തെ മൂന്നു പരീക്ഷ ഉച്ചയ്ക്ക് ശേഷവും ബാക്കി ആറ് പരീക്ഷ രാവിലെയും.

കൊറോണ വൈറസ് ഭീതി ഒഴിയാത്തതിനാൽ വിദ്യാഭ്യാസവകുപ്പിന്റെ വിക്ടേഴ്സ് ചാനലിലായിരുന്നു കുട്ടികൾക്ക് ഇത്തവണ ക്ലാസ്സുകൾ. 2021 ൽ സ്കൂൾ തുറന്നപ്പോൾ 10–ാം ക്ലാസ്സിലെ കുട്ടികൾ കുറച്ചു മാത്രമാണ് സ്കൂളിൽ എത്തിച്ചേർന്നതും. വിദ്യാർഥികളുടെ സൗകര്യാർത്ഥം ഈ വർഷം ചോദ്യപേപ്പറിൽ കൂടുതൽ ചോയ്സ് ഉൾപ്പെടുത്തുന്നുണ്ട്. കർശനമായ കോവിഡ്–19 പ്രോട്ടോക്കോൾ പാലിച്ച് 2021 ഏപ്രിൽ 8 മുതൽ 29 വരെയാണ് ഇത്തവണ പരീക്ഷ.

(2013– ലെ സംസ്ഥാന–ദേശീയ അധ്യാപക അവാർഡ് ജേതാവും റിട്ട. ഹെഡ്‌മാസ്റ്ററുമാണ് ലേഖകൻ)

English Summary: History of SSLC examination in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com