‘ആക്സിഡന്റൽ’ മുഖ്യമന്ത്രി മാറുമോ? സ്റ്റാലിന് എന്തു സംഭവിക്കും? ആരാകും തമിഴ്‌‌ തലൈവർ

HIGHLIGHTS
  • ഇത്തവണ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ കോൺഗ്രസ് അപ്രസക്തം
  • മുഖ്യമന്ത്രിയാകാൻ സ്റ്റാലിന് ഇതിലും മികച്ചൊരു അവസരം ഇനിയില്ല
  • ദ്രാവിഡ മണ്ണ് കീഴടക്കില്ലെങ്കിലും കാൽ കുത്തുകയെങ്കിലും വേണമെന്ന് ബിജെപി
  • തെക്കൻ തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുടെ നെഞ്ചിടിപ്പ് കൂട്ടി ദിനകരൻ
  • നഗര മണ്ഡലങ്ങളിൽ കമൽഹാസന്റെ പാർട്ടി പിടിക്കുന്ന വോട്ട് നിർണായകം
MK Stalin
സ്റ്റാലിൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (Photo: Arun SANKAR / AFP)
SHARE

രണ്ടിലത്തണൽ കൊണ്ട് ഉദയസൂര്യനെ എത്രകാലം തടഞ്ഞുനിർത്താനാകും? ചോദ്യം തമിഴ്നാട്ടിലാണെങ്കിൽ 10 വർഷമെന്നാണ് ഉത്തരം. അണ്ണാഡിഎംകെയുടെ തിരഞ്ഞെടുപ്പു ചിഹ്നമാണ് രണ്ടില. ഡിഎംകെയുടേത് ഉദയസൂര്യൻ. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പു കീഴ്‌വഴക്കങ്ങളും പ്രവചനങ്ങളും കാറ്റിൽ പറത്തിയാണു 2016-ൽ അണ്ണാഡിഎംകെ ഭരണത്തുടർച്ച നേടിയത്. കഴിഞ്ഞ 5 വർഷത്തിനിടെ കാവേരി നദിയിലൂടെ വെള്ളം ഒരുപാട് ഒഴുകിപ്പോയി. കരുണാനിധി, ജയലളിത തുടങ്ങിയ 2 വൻ മരങ്ങൾ ചരിത്രത്തിലേക്കു മറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പ് ജയിക്കുന്ന മുന്നണിയെ നയിച്ച നേതാവായിരിക്കും തമിഴ് രാഷ്ട്രീയത്തിലെ അടുത്ത ‘തലൈവർ’. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും ഡിഎംകെ മുന്നണിക്കു മുൻതൂക്കമുണ്ട്. എന്നാൽ, രണ്ടില ചിഹ്നത്തോടും അണ്ണാഡിഎംകെയോടും നല്ലൊരു വിഭാഗം വോട്ടർമാരുടെ കൂറിനെ കുറച്ചുകാണാനാവില്ല. 

ചിത്രത്തിൽ പഞ്ചകോണം

രാഷ്ട്രീയ നിഘണ്ടു പ്രകാരം പഞ്ചകോണ മത്സരമെന്ന് ഇത്തവണത്തെ തമിഴ്പോരിനെ വിശേഷിപ്പിക്കാം. എന്നാൽ, അണ്ണാഡിഎംകെ-ഡിഎംകെ മുന്നണികൾ തമ്മിൽതന്നെയാണു പ്രധാന മത്സരം. കോൺഗ്രസ്, ഇടതു പക്ഷം, മുസ്‍ലിം ലീഗ് ഉൾപ്പെടെ 13 പാർട്ടികൾ ഡിഎംകെയുടെ മതനിരപേക്ഷ പുരോഗമന സഖ്യത്തിലുണ്ട്. ബിജെപി, പിഎംകെ, തമിഴ്മാനില കോൺഗ്രസ് ഉൾപ്പെടെ 10 പാർട്ടികൾ അണ്ണാഡിഎംകെ സഖ്യത്തിൽ. ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽ വിജയകാന്തിന്റെ ഡിഎംഡികെയുൾപ്പെടെയുള്ള പാർട്ടികളുണ്ട്. കമൽ ഹാസന്റെ മക്കൾ നീതി മയ്യം, സമത്വ മക്കൾ കക്ഷി, ഇന്ത്യൻ ജനനായകകക്ഷി ഉൾപ്പെടെയുള്ള പാർട്ടികളും സഖ്യത്തിൽ മത്സരിക്കുന്നു. നടനും സംവിധായകനുമായ സീമാന്റെ നാം തമിഴർ കക്ഷി 234 മണ്ഡലങ്ങളിലും ഒറ്റയ്ക്കു മത്സരിക്കുന്നു.

INDIA-POLITICS-VOTE
കമൽ ഹാസൻ പ്രചാരണത്തിനിടെ (Photo: Arun SANKAR / AFP)

അന്നംമുട്ടിക്കുമോ ത്രിമൂർത്തികൾ?

നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നാണല്ലോ?. ദ്രാവിഡ പാർട്ടികളുടെ വിജയ അത്താഴം മുടക്കാൻ ശേഷിയുള്ള 3 പാർട്ടികൾ ഇത്തവണ തിരഞ്ഞെടുപ്പു രംഗത്തുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നഗര മണ്ഡലങ്ങളിൽ കരുത്തു തെളിയിച്ചതിന്റെ ആത്മവിശ്വാസവുമായാണു കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ വരവ്. കോയമ്പത്തൂർ സൗത്തിൽ കമൽ ഹാസൻതന്നെ നേരിട്ടു മത്സരിക്കുന്നു. ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ  ഉൾപ്പെടെയുള്ള ജില്ലകളിലെ നഗര മണ്ഡലങ്ങളിൽ പാർട്ടി പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്ന ആശങ്ക ഇരു ദ്രാവിഡ പക്ഷത്തിനുമുണ്ട്. കോയമ്പത്തൂരിലും ചെന്നൈയിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടിയിരുന്നു. പാർട്ടി ആകെ നാലു ശതമാനത്തിനടുത്തു വോട്ടു നേടി. 

തെക്കൻ തമിഴ്നാട് കേന്ദ്രീകരിച്ചു ടി.ടി.വി.ദിനകരൻ നടത്തുന്ന പടയോട്ടം അണ്ണാഡിഎംകെയുടെ നെഞ്ചിടിപ്പു കൂട്ടുന്നു. ശശികലയോടു വഞ്ചന കാണിച്ച നേതാക്കളെ പുറത്താക്കി അണ്ണാഡിഎംകെയെ വീണ്ടെടുക്കുകയെന്ന മുദ്രാവാക്യത്തിലൂന്നിയാണു ദിനകരന്റെ പ്രചരണം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 5% വോട്ടാണു ദിനകരന്റെ പാർട്ടി നേടിയത്. എന്നാൽ, തെക്കൻ തമിഴ്നാട്ടിൽ ഇതു 10 ശതമാനത്തിനടുത്താണ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 നിയമസഭാ മണ്ഡലങ്ങളിലേക്കു ഉപതിരഞ്ഞെടുപ്പു നടന്നിരുന്നു. 4 മണ്ഡലങ്ങളിൽ അണ്ണാഡിഎംകെയെ തോൽപ്പിച്ചതു ദിനകരന്റെ പാർട്ടി നേടിയ വോട്ടുകളാണ്. 

ttv-dinakaran
ടി.ടി.വി.ദിനകരൻ

തെക്കൻ മേഖലയിൽ നിർണായക സ്വാധീനമുള്ള തേവർ വിഭാഗം ദിനകരനു പിന്നിൽ അണിനിരന്നാൽ തുടർ ഭരണമെന്ന അണ്ണാഡിഎംകെ മോഹം ‘തെക്കോട്ടെടുക്കേണ്ടിവരും’. നടൻ വിജയകാന്തിന്റെ ഡിഎംഡികെയുമായുള്ള സഖ്യം പാർട്ടിയുടെ കരുത്ത് കൂട്ടിയിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിനെതിരെ തമിഴ് ദേശീയതയെന്ന ബദലുയർത്തുന്ന സീമാന്റെ നാം തമിഴർ കക്ഷിയും ശ്രദ്ധിക്കേണ്ട സാന്നിധ്യമാണ്. 2016ൽ കന്നി തിരഞ്ഞെടുപ്പു പോരിൽ 1.6%  വോട്ടുനേടിയ പാർട്ടി ലോക്സഭയിൽ അത് ഇരട്ടിയായി വർധിപ്പിച്ചു. നിലവിൽ തമിഴ്നാട് തിരഞ്ഞെടുപ്പു കളത്തിലുള്ള നേതാക്കളിൽ ഒന്നാം നമ്പർ പ്രാസംഗികൻ സീമാനാണ്. വാമൊഴി വഴക്കത്തിന് എക്കാലവും ആരാധകരുള്ള തമിഴകത്ത് സീമാന്റെ തീപ്പൊരി പ്രസംഗങ്ങൾ യുവാക്കളെ പാർട്ടിയിലേക്കു ആനയിക്കുന്നു. ഗ്രാമപ്രദേശങ്ങളിലാണു സീമാന്റെ പാർട്ടിക്കു കരുത്തു കൂടുതൽ. 

സ്റ്റാലിൻ-എടപ്പാടി

ജയലളിതയും കരുണാനിധിയും ഒഴിഞ്ഞ അരശിയൽ കളത്തിൽ ദ്രാവിഡ മുന്നണികളുടെ തേരു തെളിക്കുന്നതു എം.കെ.സ്റ്റാലിനും എടപ്പാടി കെ.പളനി സാമിയുമാണ്. നാലു പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള സ്റ്റാലിനു മുഖ്യമന്ത്രിക്കസേരയെന്ന ദീർഘകാല സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇതിലും നല്ല അവസരമുണ്ടാകില്ല. പാർട്ടി ഒറ്റക്കെട്ടായി പിന്നിൽ നിൽക്കുന്നു. നേരത്തേ കലാപക്കൊടി ഉയർത്തിയ സഹോദരൻ എം.കെ.അഴഗിരി നിശബ്ദനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 38 സീറ്റു നേടിയതിന്റെ ആത്മവിശ്വാസമുണ്ട്. മതനിരപേക്ഷ പുരോഗമന സഖ്യമെന്ന പേരിൽ ശക്തമായ അടിത്തറയുള്ള സഖ്യത്തിന്റെ പിൻബലം. 

INDIA-POLITICS-VOTE
എ.കെ.സ്റ്റാലിന്റെ പ്രചാരണ റാലികളിലൊന്ന് (Photo: Arun SANKAR / AFP)

14-ാം വയസ്സിൽ ഡിഎംകെ വിദ്യാർഥി കൂട്ടായ്മ രൂപീകരിച്ചു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സ്റ്റാലിൻ, ലിഫ്റ്റ് കയറിയല്ല പാർട്ടി അധ്യക്ഷ പദവിയിലെത്തിയത്. കരുണാനിധിയുടെ മകനെന്നതു രാഷ്ട്രീയത്തിലെ വലിയ മേൽവിലാസമായെങ്കിലും കഠിനാധ്വാനവും ജയിൽ വാസവുമെല്ലാമാണു സ്റ്റാലിനെന്ന രാഷ്ട്രീക്കാരനെ പരുവപ്പെടുത്തിയത്. ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി, പാർട്ടി ട്രഷറർ, എംഎൽഎ, മന്ത്രി, ചെന്നൈ മേയർ, ഉപമുഖ്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച സ്റ്റാലിന്റെ കരിയർ ഗ്രാഫ് കാത്തിരിക്കുന്ന അടുത്ത പദവി മുഖ്യമന്ത്രിക്കസേരയാണ്. ഇപ്പോഴില്ലെങ്കിൽ ഇനിയില്ലെന്നതു സ്റ്റാലിനും ഡിഎംകെയ്ക്കുമറിയാം. തുടർച്ചയായ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പു തോറ്റാലും കേഡർപാർട്ടിയായ ഡിഎംകെ നിലനിൽക്കും. എന്നാൽ, സ്റ്റാലിനെന്ന നേതാവിന്റെ കാര്യം അനിശ്ചിതത്വത്തിലാവും.

ആദ്യ ഓവറുകളിൽ വിക്കറ്റ് സംരക്ഷിച്ച് അവസാന ഓവറുകളിൽ ആഞ്ഞടിക്കുന്ന ബാറ്റ്സ്മാനെപ്പോലെയാണു മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമി. അപ്രതീക്ഷിതമായി മുഖ്യമന്ത്രിക്കസേരയിലെത്തി ആദ്യ വർഷങ്ങളിൽ പദവി നിലനിർത്തുക മാത്രമായിരുന്നു ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ 9 സീറ്റ് നേടി ഭരണം നിലനിർത്തിയതോടെ എടപ്പാടി ഗിയർ മാറ്റി. കാവേരി നദീ തീരത്തെ സംരക്ഷിത കാർഷിക മേഖലയായി മാറ്റൽ, മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കു 10.5% സംവരണം, വണ്ണിയർ വിഭാഗത്തിനു 10.5% പ്രത്യേക സംവരണം തുടങ്ങി ഒട്ടേറെ പദ്ധതികൾ ഒന്നിനു പിന്നാലെ ഒന്നായി പ്രഖ്യാപിച്ചു. കോവിഡ് കാലത്ത് കിറ്റും ചെറിയ സാമ്പത്തിക സഹായവും നൽകി.  ഉദ്യോഗസ്ഥർക്കു പൂർണ സ്വാതന്ത്ര്യം നൽകി കോവിഡ് ഒരുപരിധിവരെ  നിയന്ത്രിക്കുന്നതിൽ വിജയിച്ചു. 

PTI12_25_2017_000069B
എടപ്പാടി പളനി സാമിയും ഒ.പനീർ സെൽവവും.

ഒപിഎസ് കലാപക്കൊടി ഉയർത്തുകയും ശശികലയ്ക്ക് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ പോകേണ്ടിവരികയും ചെയ്തതിനാൽ പദവിയിലെത്തിയ ‘ആക്സിഡന്റൽ’ മുഖ്യമന്ത്രിയാണു എടപ്പാടി. എന്നാൽ, കാമരാജിനു ശേഷം സാധാരണക്കാരനായ മുഖ്യമന്ത്രിയെന്ന ഇമേജിലൂടെ ജനപ്രിയനാകാൻ സേലം എടപ്പാടിയിൽ നിന്നുള്ള പളനി സാമിക്കു കഴിഞ്ഞു. കരുണാനിധിയുടെ വാഗ്ധോരണിയോ എംജിആറിന്റെ താരപ്രഭയോ ജയലളിതയുടെ ആജ്ഞാശക്തിയോ ഇല്ലാത്ത എടപ്പാടിക്കു സാധാരണക്കാരിലൊരാളായി, കർഷകരുടെ പ്രതിനിധിയായി സ്വയം അവതരിപ്പിക്കാൻ കഴിയുന്നു. ശശികലയെ കൂടി ഉൾപ്പെടുത്തി അണ്ണാഡിഎംകെയെ ശക്തിപ്പെടുത്തുകയെന്ന നിർദേശം ബിജെപി തിരഞ്ഞെടുപ്പിനു മുൻപ് മുന്നോട്ടുവച്ചതാണ്. എന്നാൽ, ശക്തമായി എതിർത്തത് എടപ്പാടിയാണ്. അതിനാൽ, തോറ്റു തുന്നംപാടിയാൽ പാർട്ടിയിൽ എടപ്പാടിയുടെ പിടി അയയും. പിടിച്ചുനിന്നാൽ വലിയ പരുക്കില്ലാതെ മുന്നോട്ടുപോകാം. തുടർ ഭരണം ലഭിച്ചാൽ എടപ്പാടി തമിഴ് രാഷ്ട്രീയത്തിലെ അടുത്ത നക്ഷത്രമാകും. 

ജാതിയെന്ന ഇരുതല വാൾ 

വാഗ്ദാനങ്ങളുടെ പെരുമഴയുമാണു മുന്നണികൾ വോട്ടർമാർക്കു മുന്നിലെത്തിയത്. വീട്ടമ്മമാർക്കു മാസം 1000 രൂപ ശമ്പളം ഡിഎംകെയും 1500 അണ്ണാഡിഎംകെയും മുന്നോട്ടുവച്ചു. 6 സൗജന്യ ഗ്യാസ് സിലിണ്ടർ, സൗജന്യ വാഷിങ് മെഷിൻ തുടങ്ങി വാഗ്ദാനപ്പെരുമഴ നീണ്ടു. എന്നാൽ, ജാതി സമവാക്യങ്ങൾ ഇത്തവണ തമിഴകത്ത് മുൻപില്ലാത്ത വിധം സ്വാധീനമാകുമെന്നാണു വിലയിരുത്തൽ. വടക്കൻ തമിഴ്നാട്ടിലെ പ്രബല വിഭാഗമാണു വണ്ണിയർ. അതീവ പിന്നാക്ക വിഭാഗത്തിലുൾപ്പെടുന്നവർ (എംബിസി). ഈ വിഭാഗത്തിനു 20% സംവരണമുണ്ട്. വണ്ണിയരുടെ രാഷ്ട്രീയ പാർട്ടിയായ പിഎംകെ പ്രത്യേക സംവരണം ആവശ്യപ്പെട്ടു വർഷങ്ങളായി സമരത്തിലാണ്. നിലവിൽ പിഎംകെ, അണ്ണാഡിഎംകെ സഖ്യത്തിലാണ്. 

INDIA-POLITICS-VOTE
പ്രചാരണത്തിനിടെ സ്റ്റാലിൻ (Photo: Arun SANKAR / AFP)

എംബിസിയുടെ 20 ശതമാനത്തിൽ വണ്ണിയർ വിഭാഗത്തിനു 10.5% സംവരണം നൽകുന്ന ഉത്തരവ് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു അര മണിക്കൂർ മുൻപാണു സർക്കാർ പുറത്തിറക്കിയത്. വടക്ക്, തെക്കൻ തമിഴ്നാട്ടിൽ ദലിതർ, തെക്ക് -മധ്യ ഭാഗത്ത് തേവർ, പടിഞ്ഞാറൻ തമിഴ്നാട്ടിൽ ഗൗണ്ടർ സമുദായങ്ങൾ പ്രബലരാണ്. വണ്ണിയർ വിഭാഗത്തിനു പ്രത്യേക സംവരണം നൽകിയ നടപടിയോടു മറ്റു വിഭാഗങ്ങൾക്കു അതൃപ്തിയുണ്ട്. ഇതു വോട്ടിൽ പ്രതിഫലിച്ചാൽ അണ്ണാഡിഎംകെയ്ക്കു കനത്ത തിരിച്ചടിയുണ്ടാകും. ശശികലയോടുള്ള അണ്ണാഡിഎംകെ നേതൃത്വത്തിന്റെ നിലപാടിൽ തേവർ വിഭാഗം അസ്വസ്ഥരാണ്. 

വണ്ണിയർ സംവരണം കൂടിയായതോടെ അസ്വസ്ഥത അതൃപ്തിയായി ഭരണ മുന്നണിയുടെ അടിത്തറയിളക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജാതി സമവാക്യങ്ങളിൽ അണ്ണാഡിഎംകെ സഖ്യത്തിനു ഗുണകരമാകുന്ന ഘടകവുമുണ്ട്. ദേവേന്ദ്രകുല വെള്ളാളർ എന്ന ഒറ്റ വിഭാഗമായി പരിഗണിക്കണമെന്ന ദലിത് വിഭാഗത്തിലുൾപ്പെട്ട പള്ളർ, പണ്ണാടി, കുടുംബർ, കാളാടി, മൂപ്പർ, ദേവേന്ദ്ര കുലത്താർ എന്നീ ഉപജാതികളുടെ ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സംസ്ഥാന സർക്കാരിന്റെ ശുപാർശപ്രകാരം ആവശ്യം അംഗീകരിച്ചു കേന്ദ്രസർക്കാർ നിയമം പാസാക്കിയതു തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ്. തെക്കൻ തമിഴ്നാട്ടിൽ അണ്ണാഡിഎംകെ സഖ്യത്തിനു ഇതു ഗുണം ചെയ്യും.

INDIA-POLITICS-VOTE
തമിഴ്‌നാട്ടിലെ കോൺഗ്രസ് പ്രചാരണ യോഗത്തിൽനിന്ന് (Photo: Arun SANKAR / AFP)

കോൺഗ്രസ്-ബിജെപി

കോൺഗ്രസും ബിജെപിയും 5 നിയമസഭാ മണ്ഡലങ്ങളിലും കന്യാകുമാരി ലോക്സഭാ സീറ്റിലും നേരിട്ടു മത്സരിക്കുന്നു. കോൺഗ്രസ് ആകെ 25 സീറ്റിലും ബിജെപി 20 ഇടത്തുമാണു കളത്തിലുള്ളത്. ഡിഎംകെയുടെ കയ്യും കാലും പിടിച്ചാണു കോൺഗ്രസ് ഇത്തവണ 25 സീറ്റെങ്കിലും നേടിയത്. കഴിഞ്ഞ തവണ 42 സീറ്റ് വാങ്ങി ജയിച്ചത് എട്ടിടത്തു മാത്രം. കപ്പിനും ചുണ്ടിനുമിടയിൽ ഡിഎംകെയ്ക്കു ഭരണം നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്നായി കോൺഗ്രസിന്റെ ദയനീയ പ്രകടനം വിലയിരുത്തപ്പെട്ടു.1984ൽ ഡിഎംകെ സഖ്യത്തിൽ അവരേക്കാൾ കൂടുതൽ സീറ്റിൽ മത്സരിച്ച പാർട്ടി ഉപ്പുവച്ച കലം പോലെ 25 സീറ്റിലെത്തി നിൽക്കുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ തമിഴ്നാട് രാഷ്ട്രീയത്തിലെ എടുക്കാചരക്കായും കോൺഗ്രസ് മാറും.

20 സീറ്റിൽ മത്സരിക്കുന്ന ബിജെപിയെയും കാത്തിരിക്കുന്നത് അഗ്നിപരീക്ഷ. ദ്രാവിഡ മണ്ണ് കീഴടക്കാനായില്ലെങ്കിലും കാൽ കുത്തുകയെങ്കിലും വേണമെന്ന വാശിയിലാണു പാർട്ടി. ബിജെപിയോടുള്ള എതിർപ്പ് അണ്ണാഡിഎംകെയ്ക്കു കൂടി വിനയാകുമെന്ന വിലയിരുത്തൽ പരക്കെയുണ്ട്. ഈ ‘നെഗറ്റിവ്’ ഇമേജ് മായ്ച്ചു കളയാൻ മികച്ച പ്രകടനം അത്യാവശ്യം. ഡിഎംകെ സഖ്യത്തിലായിരിക്കെ 2001ലായിരുന്നു ബിജെപിയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. അന്ന് 21 ഇടത്ത് മത്സരിച്ചു 4 സീറ്റിൽ വിജയിച്ചു. ആ റെക്കോർഡ് മറികടക്കാൻ  ബിജെപി കഠിനാധ്വാനം ചെയ്യുന്നു.

INDIA-POLITICS-VOTE
തമിഴ്‌നാട്ടിലെ ബിജെപി പ്രചാരണ യോഗത്തിൽനിന്ന് (Photo: Arun SANKAR / AFP)

തമിഴ് സ്വാഭിമാനം- ഗുണ്ടായിസം

എടപ്പാടി സർക്കാർ തമിഴ്നാടിന്റെ സ്വാഭിമാനത്തെ കേന്ദ്ര സർക്കാരിനും ബിജെപിക്കും മുന്നിൽ അടിയറ വച്ചെന്നാണു ഡിഎംകെയുടെ പ്രധാന പ്രചാരണം. നീറ്റ്, തമിഴിനോടുള്ള അവഗണന, ഹിന്ദി വിരുദ്ധവികാരം തുടങ്ങിയ വിഷയങ്ങളുയർത്തി ബിജെപിയെയും ഡിഎംകെ സഖ്യം പ്രതിക്കൂട്ടിൽ നിർത്തുന്നു.

സർക്കാരിന്റെ ഭരണ നേട്ടങ്ങൾക്കൊപ്പം ഡിഎംകെ സർക്കാരുകളുടെ കാലത്തെ ഗുണ്ടായിസവും അരാജകത്വവുമാണ് അണ്ണാഡിഎംകെ ജനങ്ങളോടു പറയുന്നത്. ഡിഎംകെ വീണ്ടുമെത്തിയാൽ ‘ഛോട്ടാ’ നേതാക്കളുടെ ഭരണമാകുമെന്നും ഭൂമി തട്ടിയെടുക്കലുൾപ്പെടെയുള്ള ഗുണ്ടായിസം തിരിച്ചുവരുമെന്നും മുന്നറിയിപ്പു നൽകുന്നു.കരുണാനിധിക്കു ശേഷം സ്റ്റാലിൻ, ശേഷം ഉദയനിധി എന്ന സമവാക്യം ചൂണ്ടിക്കാട്ടി കുടുംബ രാഷ്ട്രീയത്തിനെതിരെയും ആഞ്ഞടിക്കുന്നു.

ഇടതു പാർട്ടികൾ, മുസ്‌ലിം ലീഗ് 

2011 നിയമസഭയിൽ ഇടതുപക്ഷത്തിനു 19 എംഎൽഎമാരുണ്ടായിരുന്നു. സിപിഐയ്ക്കു 10, സിപിഎമ്മിനു 9. അണ്ണാഡിഎംകെ സഖ്യത്തിലാണു മത്സരിച്ചത്. നിലവിലെ നിയമസഭയിൽ പക്ഷേ, ഇടതുപക്ഷത്തിന് ഒറ്റ അംഗം പോലുമില്ല. സിപിഐയും സിപിഎമ്മും മത്സരിച്ചത് വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ജനക്ഷേമ മുന്നണിയിലായിരുന്നു. ദ്രാവിഡ പാർട്ടികളുടെ തുണയില്ലാതെ ജയം സാധ്യമല്ലെന്ന തിരിച്ചറിവാണു കഴിഞ്ഞ തവണ ഇടതു പാർട്ടികൾക്കുണ്ടായത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകൾ നൽകിയിട്ടും (ഇരു പാർട്ടികൾക്കും 6 വീതം) ഡിഎംകെ മുന്നണിയിൽ തുടരാൻ തയാറായത് ആ തിരിച്ചറിവു കൊണ്ടാണ്. 

ഇടതു പക്ഷം മത്സരിക്കുന്ന 12 സീറ്റുകളിലും മികച്ച മത്സരമാണു കാഴ്ചവയ്ക്കുന്നത്. കാലാവധി കഴിയുന്ന സഭയിൽ ഒറ്റ എംഎൽഎയുള്ള മുസ്‌ലിം ലീഗ് 3 സീറ്റിൽ  മത്സരിക്കുന്നു. ഡിഎംകെ തമിഴകത്ത് ആദ്യമായി അധികാരമേറ്റത് 1967-ലാണ്. അതിനു ശേഷമുള്ള ഏറ്റവും ദീർഘമായ രാഷ്ട്രീയ വനവാസം 1977-89 കാലത്തായിരുന്നു- 12 വർഷം. അന്ന് എംജിആറിന്റെ പ്രഭയിലാണു ഉദയസൂര്യൻ മറഞ്ഞത്. കഴിഞ്ഞ തവണ 2 തിരഞ്ഞെടുപ്പുകളിൽ ജയലളിത പ്രഭാവത്തിൽ അടിതെറ്റി. ഗ്രഹണം കഴിഞ്ഞു തമിഴ് രാഷ്ട്രീയ ആകാശത്ത് ഡിഎംകെ സൂര്യനുദിക്കാൻ സമയമാണോ? അതോ, എടപ്പാടി മാജിക് ഇനിയും തുടരുമോ?. തമിഴകത്തെ 6.26 കോടി വോട്ടർമാർ വിധിയെഴുതാൻ കാത്തിരിക്കുന്നു.

English Summary: How Tamil Nadu Going for Vote in 2021 Assembly Elections

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA