ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.02%നം പോളിങ്. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ 74.53% പോളിങ്ങും രേഖപ്പെടുത്തി.  2016ലെ തിരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു പോളിങ്. കേരളത്തിൽ 114 മണ്ഡലമായിരിക്കെ 1960ലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്–85.72%. സംസ്ഥാനത്ത് 140 മണ്ഡലമായതിനു ശേഷം ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് 1987ലാണ്– 80.54%.  അതിനു ശേഷം ഏറ്റവും കൂടുതൽ പോളിങ് ശതമാനം 2016ലായിരുന്നു–77.35%. പോളിങ് ശതമാനത്തിൽ വിശ്വാസമർപ്പിച്ചും ആശങ്ക പുലർത്തിയും ഇനി കണക്കുകൂട്ടലിന്റെ ദിവസങ്ങൾ. മേയ് 2നു ഫലമറിയാം.

ഇത്തവണ മറ്റിടങ്ങളേക്കാൾ വടക്കൻ കേരളത്തിൽ പോളിങ് ശതമാനം ഉയര്‍ന്നു. ഉയർന്ന പോളിങ് കോഴിക്കോട്–78.3%. കുറഞ്ഞ പോളിങ് പത്തനംതിട്ടയിൽ–67.1%. ബിജെപി പ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരത്ത് റെക്കോർഡ് പോളിങ് രേഖപ്പെടുത്തി-76.61%. 2016ൽ 76.31%. നേമത്ത് പോളിങ് ശതമാനം കുറഞ്ഞു–69.65%. 2016ൽ– 74.11%. പോളിങ് ആരംഭിച്ച് രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് 10% പിന്നിട്ടത്. രാവിലെ പത്തുമണിയോടെ പോളിങ് 20 ശതമാനത്തിനു മുകളിലായി. ഉച്ചക്ക് ഒരുമണിക്ക് 40% പിന്നിട്ടശേഷം രണ്ടുമണിയോടെ 50 ശതമാനത്തിനു മുകളിലായി. വൈകിട്ട് ആറുമണിക്കാണ് പോളിങ് 70% കടന്നത്.

ജില്ലകളിലെ പോളിങ് ശതമാനം(ബ്രാക്കറ്റിൽ 2016ലെ ശതമാനം): കാസർകോട്74.8 (78.51), കണ്ണൂർ 77.8 (80.63), വയനാട് 74.7(78.22), കോഴിക്കോട് 78.3(81.89), മലപ്പുറം 74.0(75.83), പാലക്കാട് 76.1(78.37), തൃശൂർ 73.6 (77.74), എറണാകുളം 74.0 (79.77), ഇടുക്കി 70.3(73.59), കോട്ടയം 72.1(76.90), ആലപ്പുഴ 74.4(79.88), പത്തനംതിട്ട 67.1 (71.66), കൊല്ലം 73(75.07), തിരുവനന്തപുരം 70.2 (72.53). 

ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് 150 ബാലറ്റ് യൂണിറ്റുകളും 150 കൺട്രോൾ യൂണിറ്റുകളും 747 വിവിപാറ്റ് മെഷീനുകളും ആണ് തിരഞ്ഞെടുപ്പിനിടയിൽ തകരാറിലായത്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ നാലു ബാലറ്റ് യൂണിറ്റുകളും നാലു കൺട്രോൾ യൂണിറ്റുകളും 33 വിവിപാറ്റ് മെഷീനുകളും തകരാറിലായി. സംസ്ഥാനതലത്തിൽ 0.33 ശതമാനം ബാലറ്റ് യൂണിറ്റുകളും 0.33 ശതമാനം കൺട്രോൾ യൂണിറ്റുകളും 1.6 ശതമാനം വിവിപാറ്റുകളുമാണ് തകരാറിലായി മാറ്റിവയ്ക്കേണ്ടി വന്നത്. 20478 ബൂത്തുകളിൽ വെബ്കാസ്റ്റിങ് നടത്തി.

ശബരിമല യുവതീപ്രവേശന വിഷയത്തിലായിരുന്നു വോട്ടിങ് ദിനത്തിൽ നേതാക്കളുടെ പ്രധാന പ്രതികരണം. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രി എ.കെ.ബാലൻ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. ഇരട്ടവോട്ട് ആരോപണത്തിൽ കാര്യമായ തർക്കങ്ങളുണ്ടായില്ല. വോട്ടിങിനിടെ ചിലയിടത്ത് സംഘർഷമുണ്ടായി. കഴക്കൂട്ടത്ത് ബിജെപി–സിപിഎം സംഘർഷത്തിൽ 5 ബിജെപി പ്രവർത്തകർക്കു പരുക്കേറ്റു. ബിജെപി പ്രവർത്തകന്റെ കാർ അടിച്ചു തകർത്തു. ഒരു സിപിഎം പ്രവർത്തകനും പരുക്കേറ്റു. കള്ളവോട്ടു നടന്നതായി പലയിടങ്ങളിലും ആരോപണമുയർന്നു. 

പാറശാല മണ്ഡലത്തിൽ പോസ്റ്റൽ വോട്ടിൽ തിരിമറിയെന്നു ബിജെപി പരാതിപ്പെട്ടു. തളിപ്പറമ്പിൽ കള്ളവോട്ടു നടന്നതായി യുഡിഎഫ്  ആരോപിച്ചു. കളമശേരിയിൽ കള്ളവോട്ടെന്ന ആരോപണത്തെത്തുടർന്ന് ബിജെപി സ്ഥാനാർഥി ബൂത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തൃക്കാക്കരയിൽ മമ്മൂട്ടി വോട്ടു ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകർത്തിയതിനെ ബിജെപി സ്ഥാനാർഥിയുടെ ഭാര്യ ചോദ്യം ചെയ്തത് ബഹളത്തിനിടയാക്കി.

ബൂത്തു സന്ദർശിക്കാനെത്തിയ ആറൻമുളയിലെ സിപിഎം സ്ഥാനാർഥി വീണ ജോർജിനെ ബിജെപി–കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതിനെത്തുടർന്ന് വാക്കേറ്റമുണ്ടായി. ബൂത്തുകൾ സന്ദർശിക്കാനെത്തിയ ബാലുശേരിയിലെ സ്ഥാനാർഥിയും സിനിമാതാരവുമായ ധർമജൻ ബോൾഗാട്ടി നാദാപുരം സ്ഥാനാർഥി പ്രവീണ്‍കുമാർ എന്നിവരെ സിപിഎം പ്രവർത്തകർ തടഞ്ഞു. കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ടു രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് ഒരുമണിക്കൂര്‍ മുടങ്ങി. വോട്ടിങ് മെഷീന്‍ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

English Summary : Kerala Assembly Election 2021 polling ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com