ADVERTISEMENT

തിരുവനന്തപുരം∙ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ വേണ്ടെന്നുവയ്ക്കാനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ സെന്‍സര്‍ബോര്‍ഡുകളെ സംബന്ധിച്ച സിനിമാപ്രവര്‍ത്തകരുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനമില്ലാതെയാകും. സിനിമാ പ്രവര്‍ത്തകര്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കട്ടെ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

സിനിമകളുടെ ഉള്ളടക്കത്തിന് കടിഞ്ഞാണിടുകയും മാറിവരുന്ന സര്‍ക്കാരുകളുടെ താല്‍പര്യത്തിനനുസരിച്ച് സെന്‍സറിങ് വൈകിക്കുകയോ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുകയോ ചെയ്യുന്നത് സെന്‍സര്‍ബോര്‍ഡിന്‍റെ സ്ഥിരം രീതിയാണ്. ഇതിന് കടിഞ്ഞാണിടാനും സിനിമാ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും അവരുടെ പക്ഷം അവതരിപ്പിക്കാനും നിലവില്‍വന്ന സ്ഥാപനമാണ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍. നിയമപരമായ അധികാരങ്ങളുള്ള ട്രൈബ്യൂണലിന് സെന്‍സര്‍ബോര്‍ഡ് തീരുമാനങ്ങളിലിടപെടാനും തിരുത്താനും അധികാരമുണ്ടായിരുന്നു.

സെന്‍സര്‍ ബോര്‍ഡ് തടഞ്ഞതും അനാവശ്യമായ സെന്‍സറിങ് ഏര്‍പ്പെടുത്തിയതുമായ പല സിനിമകളുടെയും രക്ഷയ്ക്കെത്തിയത് ട്രൈബ്യൂണലായിരുന്നു. ഇതാണ് ഇപ്പോള്‍ കേന്ദ്ര നിയമ മന്ത്രാലയം വേണ്ടെന്നു വച്ചത്. സെന്‍സര്‍ ബോര്‍ഡിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാനേ സാധിക്കൂ. ഞായറാഴ്ച പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അനേകം സനിമകളുടെ രക്ഷക്കെത്തിയ ട്രൈബ്യൂണലിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 1983ലാണ് സിനിമാറ്റോഗ്രഫിക് ആക്ടില്‍ ഭേദഗതി വരുത്തി ട്രൈബ്യൂണല്‍ സ്ഥാപിച്ചത്.

അലംകൃത ശ്രീവാത്സവയുടെ ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, അനുരാഗ് കാശ്യപിന്‍റെ ഉഡ്ത പഞ്ചാബ് എന്നിവ അടുത്തകാലത്ത് ട്രൈബ്യൂണലിനെ സമീപിച്ചാണ് പ്രദര്‍ശന അനുമതി വാങ്ങിയത്. സിനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള ശ്രമമാണിതെന്നും സെന്‍സറിങ് കടുപ്പിക്കാനുള്ള നീക്കമാണെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.‌

English Summary: Central Government Ordinance to cancel Film Certification Appellate Tribunal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com