‘പ്രളയം വരുന്നു രക്ഷപ്പെടൂ...’; ഇരച്ചെത്തിയത് അഗ്നിപർവതപ്പാറകളും, ജനം മണ്ണിനടിയിൽ

HIGHLIGHTS
  • ഇന്തൊനീഷ്യയിൽ ആഞ്ഞടിച്ചത് സരോജ ചുഴലിക്കാറ്റ്
  • പലയിടത്തും വമ്പൻ ഇരുമ്പുപാലങ്ങൾ തകർന്ന് പ്രളയജലത്തിൽ ഒലിച്ചു പോയി
  • ചിലർ മണ്ണോടു കൂടി കടലിലേക്ക് ഒലിച്ചു പോവുകയായിരുന്നു
  • ലെംബാട്ട ദ്വീപിൽ വെള്ളം കയറിയത് 9–13 അടി വരെ ഉയരത്തിൽ
SHARE

കൊറോണവൈറസിന്റെ ജനിതക പരിവർത്തനം സംഭവിച്ച ഏറ്റവും പുതിയ വകഭേദത്തെ കഴിഞ്ഞ ദിവസമാണ് ഇന്തൊനീഷ്യയിൽ സ്ഥിരീകരിച്ചത്. മഹാമാരിയുടെ പുതിയ വകഭേദത്തിനും മുൻപേ ഈ ദ്വീപുരാജ്യത്തെ ദുരന്തങ്ങൾ വിഴുങ്ങിയിരുന്നു. ഏപ്രിൽ 3 മുതൽ നാലു ദിവസത്തോളം ഇന്തൊനീഷ്യയിലെ പല ദ്വീപുകളിലും ആഞ്ഞടിച്ച സരോജ ചുഴലിക്കാറ്റിൽ മരിച്ചത് 150ലേറെ പേർ. പരുക്കേറ്റവരുടെയും കാണാതായവരുടെയും കൃത്യമായ കണക്ക് ഇപ്പോഴും അധികൃതർക്കു ലഭിച്ചിട്ടില്ല. താമര എന്നാണ് ഇന്തൊനീഷ്യൻ ഭാഷയില്‍ സരോജയുടെ അർഥം. ഏപ്രിൽ അഞ്ചിനു പുലർച്ചെ ഇന്തൊനീഷ്യയോടു ചേർന്ന് കടലിൽ രൂപപ്പെട്ട ഈ ചുഴലിക്കാറ്റ് തെക്കുപടിഞ്ഞാറു സഞ്ചരിച്ച് ഓസ്ട്രേലിയയിലേക്കു പ്രവേശിക്കുമെന്നു പറഞ്ഞെങ്കിലും കാര്യമായി ബാധിച്ചില്ല. എന്താണ് ഇന്തൊനീഷ്യയിലെ മഹാപ്രളയത്തിൽ യഥാർഥത്തിൽ സംഭവിച്ചത്?

വരുന്നൂ സരോജ!

കിഴക്കൻ ഫ്ലോർസ് ദ്വീപിൽനിന്നായിരുന്നു ദുരന്തങ്ങളും തുടക്കം. ഏപ്രില്‍ മൂന്നിന് ശനിയാഴ്ച അവിടെ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ മരിച്ചത് ഇരുപതിലേറെ പേർ. രണ്ടു വയസ്സുള്ള കുട്ടിയുൾപ്പെടെയാണിത്. ഒട്ടേറെ വീടുകളും വെള്ളത്തിലായി. പ്രളയത്തിനു പിന്നാലെയെത്തിയ മണ്ണിടിച്ചിലിൽ പല വീടുകളും മണ്ണിനടിയിലായി, ഒപ്പം മനുഷ്യരും. അതേദിവസംതന്നെ, അയൽരാജ്യമായ കിഴക്കൻ തൈമൂറിലും കൊടുങ്കാറ്റ് വീശിയടിച്ചു. 8 മരണവും റിപ്പോർട്ട് ചെയ്തു. ഇന്തൊനീഷ്യയുടെ ദുരിതം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിഡിയോകളായി നിറഞ്ഞു. എന്നാൽ വലിയ ദുരിതം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 

ശനിയാഴ്ച വൈകിട്ടോടെതന്നെ, ഇന്തൊനീഷ്യയെ ലക്ഷ്യമിട്ട് ഒരു ട്രോപ്പിക്കൽ സൈക്ലോൺ വരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. അതിവേഗം ചുറ്റിക്കറങ്ങുന്ന, വൻ നാശനഷ്ടമുണ്ടാക്കുന്ന ചുഴലിക്കാറ്റുകളാണ് ട്രോപ്പിക്കൽ സൈക്ലോൺ. ചുഴലിക്കാറ്റിന്റെ മധ്യത്തില്‍ മർദം കുറവായിരിക്കും, അന്തരീക്ഷത്തിൽ ഏറ്റവും താഴ്‌ന്നായിരിക്കും ഇതിന്റെ സ്വാധീനം. അതിശക്തമായ കാറ്റും ഇടിമിന്നലും ഇതോടൊപ്പമുണ്ടാകും. പേടിപ്പെടുത്തുന്ന സീൽക്കാര ശബ്ദത്തോടെ പാഞ്ഞടുക്കുന്ന സരോജ ചുഴലിക്കാറ്റാണ് തിങ്കളാഴ്ച പുലർച്ചെ ഇന്തൊനീഷ്യയിലേക്ക് എത്തിയത്. വൈകാതെതന്നെ ചുഴലിക്കാറ്റിന്റെ ശക്തി പ്രാപിച്ചു. അതോടൊപ്പം മരിച്ചവരുടെയും കാണാതായവരുടെയും നാശനഷ്ടങ്ങളുടെയും എണ്ണവും കൂടി. പതിനായിരങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കു മാറ്റേണ്ടി വന്നു.

17,000ത്തോളം ചെറു ദ്വീപുകൾ ചേർന്നതാണ് ഇന്തൊനീഷ്യ. ഇവിടങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിനു പേരിൽ ഭൂരിപക്ഷവും കുന്നുകൾ നിറഞ്ഞ പ്രദേശങ്ങളിലാണ്. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരുമേറെ. ഓരോ വർഷവുമുണ്ടാകുന്ന മഴയിൽ മണ്ണിടിച്ചിലും പതിവാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ പടിഞ്ഞാറൻ ജാവയിലുണ്ടായ മണ്ണിടിച്ചിലിൽ മാത്രം നാൽപതോളം പേർ മരിച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു അപ്രതീക്ഷിതമായുള്ള സരോജയുടെ വരവ്! 

ഉറക്കത്തിൽ ഇരച്ചെത്തിയ പ്രളയജലം

അഡോനര ദ്വീപിലെ ലാമെനെലെ ഗ്രാമത്തിലായിരുന്നു ഏറ്റവും ദുരിതം. ശനിയാഴ്ച അർധരാത്രിതന്നെ അവിടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ഒട്ടേറെ കുന്നുകളാൽ ചുറ്റപ്പെട്ട ഗ്രാമത്തിലേക്ക് പാറകളും മണ്ണും ഇടിഞ്ഞുവീണു. മുപ്പതോളം പേരുടെ മൃതദേഹം ഞായറാഴ്ചയോടെ കണ്ടെത്തി. ബുധനാഴ്ചവരെ ഇവിടെനിന്നു ലഭിച്ചത് 67 മൃതദേഹം, ആറു പേരെ കാണാതായെന്നാണ് ഔദ്യോഗിക വിശദീകരണം. ഇവിടെ ഉറങ്ങിക്കിടന്നവരുടെ മേലാണ് ചുറ്റുമുള്ള കുന്നുകളിടിഞ്ഞു വീണത്. നദികൾ കരകവിഞ്ഞൊഴുകി ഇരച്ചെത്തിയ പ്രളയജലം കൂടിയായതോടെ ദുരന്തരാത്രി പൂർണമാവുകയായിരുന്നു. 

‘പെട്ടെന്നാണ് ആരെല്ലാമോ അലറുന്നതു കേട്ടത്–പ്രളയം വരുന്നു രക്ഷപ്പെടൂ...എന്ന്’ അഡോനരയിലെ ഗ്രാമങ്ങളിലൊന്നിലെ അറുപതുകാരൻ സുഗെങ് വാർത്താ ഏജൻസിയോടു പറഞ്ഞു. അദ്ദേഹവും ഭാര്യയും പുറത്തേക്കിറങ്ങിയോടി. എന്നാൽ ഇരുപതുകാരി മകൾ ഇന്ദ്രിക്കു രക്ഷപ്പെടാനായില്ല. രണ്ടു ദിവസത്തിനപ്പുറം കടൽത്തീരത്തുനിന്നാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്. ഇരച്ചെത്തിയ പ്രളയജലത്തിൽനിന്നു രക്ഷപ്പെടാൻ മേശയ്ക്കു മേൽ പിടിമുറുക്കി നിന്നെങ്കിലും ഒടുവിൽ കൈവിടുകയായിരുന്നു. ഏകദേശം 1.25 ലക്ഷത്തോളമാണ് അഡോനരയിലെ ജനസംഖ്യ. ദ്വീപിലേക്കു ബോട്ടിൽ മാത്രമേ വരാനാവുകയുള്ളൂ. ഒരൊറ്റ ആശുപത്രി പോലും ഇവിടെയില്ല.

കൊടുങ്കാറ്റിനൊപ്പമെത്തിയ മിന്നൽ പ്രളയത്തിലും പകച്ചു നില്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ദ്വീപുകളായി ചിതറിക്കിടക്കുന്ന പ്രദേശങ്ങളായതിനാല്‍ത്തന്നെ ദുരന്ത നിവാരണ സേനയ്ക്ക് വലിയ രക്ഷാ ഉപകരണങ്ങളുമായി എത്തിച്ചേരാനും ബുദ്ധിമുട്ടായി. ഹെലികോപ്ടറുകൾ പോലും ലാൻഡ് ചെയ്യാനായില്ല. അതിനിടെ വമ്പൻ ഇരുമ്പുപാലങ്ങളും തകർന്ന് പ്രളയജലത്തോടൊപ്പം പോയി. റോഡുകളും വെള്ളത്തിനടിയിലായി, ചെളിയും നിറഞ്ഞു. ഒപ്പം ഇരുട്ടടിയായി പവർ കട്ടും. കിഴക്കൻ ഫ്ലോർസിൽ നദികൾ തീരം തകർത്ത് കരകവിഞ്ഞൊഴുകി. പല ഗ്രാമങ്ങളും കടൽത്തീരത്തായതും തിരിച്ചടിയായി. ശക്തമായ തിരമാലകളും കാറ്റും കടൽ മാർഗമുള്ള രക്ഷാപ്രവർത്തനവും അസാധ്യമാക്കി. 

ഒയാങ് ബയാങ് ഗ്രാമത്തിൽ അൻപതിലേറെ വീടുകൾ വെള്ളത്തിടയിലായി. കുതിച്ചെത്തിയ പ്രളയജലത്തിനൊപ്പം ഒട്ടേറെ പേരെ കാണാതായി. വായ്‌ബുറാക് ഗ്രാമത്തിലാണ് നദികൾ കരകവിഞ്ഞ് ഏറ്റവും രൂക്ഷമായ പ്രശ്നമുണ്ടായത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ പറയുന്നിടത്തു വരെയെത്തി കാര്യങ്ങൾ. അപ്പോഴും പാലങ്ങളും റോഡുകളും കടൽ–നദീ മാര്‍ഗങ്ങളുമില്ലാതെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എങ്ങനെ എത്തുമെന്ന ആശങ്കയിലായിരുന്നു രക്ഷാപ്രവർത്തകർ! 

മൂന്നാൾപ്പൊക്കത്തിൽ തിരമാല!

അതിനിടെ സരോജയുടെ താണ്ഡവം ഏപ്രിൽ 9 വരെ തുടരുമെന്ന മുന്നറിയിപ്പും ഇന്തൊനീഷ്യ കാലാവസ്ഥാ വിഭാഗം മേധാവി ദ്വിക്കോരിത കർണാവതി പുറത്തുവിട്ടു. സുംബ, ഫ്ലോർസ്, റോട്ട് ദ്വീപുകളിൽ 13 അടി വരെ തിരമാല ഉയരുമെന്നായിരുന്നു അറിയിപ്പ്. ബാൻഡ കടലിലും ഇന്ത്യൻ മഹാസമുദ്രത്തോടു ചേർന്ന ഇന്തൊനീഷ്യൻ തീരമേഖലയിലും 19.6 അടി വരെ ഉയരമുള്ള തിരമാലകളും പ്രവചിക്കപ്പെട്ടു. തീരത്തു നങ്കൂരമിട്ടിരുന്ന ചെറുകപ്പലുകളെയും മത്സ്യബന്ധനബോട്ടുകളെയും തച്ചുതകർക്കുംവിധം ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയും ചെയ്തു.

ലെംബാട്ട ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലും പെട്ടവർ കടലിലേക്ക് ഒഴുകിപ്പോയെന്നാണു കരുതുന്നത്. കടല്‍തിരമാലകൾ ഇപ്പോൾ ശാന്തമായെങ്കിലും ആഴങ്ങളിലേക്കു ചെന്ന് തിരച്ചിലിനുള്ള സംവിധാനങ്ങൾ എത്തിക്കാനായിട്ടില്ല. റബർ ബോട്ടുകളിലാണ് ഇപ്പോഴും മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ. ദ്വീപിലെ മിക്ക ഗ്രാമങ്ങളിലും രാത്രി നാട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു പ്രളയജലം ഇരച്ചെത്തിയത്. 3–4 മീറ്റർ വരെ ഉയരത്തിൽ വെള്ളം കയറിയതോടെ പലരും പുരപ്പുറത്തു കയറിനിന്നാണു രക്ഷപ്പെട്ടത്. തുടർച്ചയായ കൊടുങ്കാറ്റ് കൂടിയായതോടെ രക്ഷാപ്രവർത്തനങ്ങളും നിലച്ചു. മഴ നിലച്ചിട്ടും ഗ്രാമങ്ങളിലൂടെ പ്രളയജലത്തിന്റെ അതിശക്തമായ ഒഴുക്കു തുടർന്നതും തിരിച്ചടിയായി. 

വീടുകള്‍ക്കു മുകളിൽ ‘അഗ്നിപർവതപ്പാറ’

ലെംബാട്ട ദ്വീപിലാണ് ഏറ്റവും കൂടുതൽ പേർ മണ്ണിനടിയിൽപ്പെട്ടതും കടലിലേക്ക് ഒലിച്ചു പോയതും. ചിലർ മണ്ണോടു കൂടി കടലിലേക്ക് ഒലിച്ചു പോവുകയായിരുന്നു. നവംബറിൽ ഈ ദ്വീപിലെ ഐലി ലിവോടൊലോക്ക് എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചിരുന്നു. കാര്യമായ പ്രശ്നങ്ങൾ അന്നുണ്ടായില്ലെങ്കിലും പുറത്തേക്കു തെറിച്ച ലാവയുറച്ച് പാറയ്ക്കു സമാനമായി മാറിയിരുന്നു. ഇടയ്ക്കു പെയ്ത മഴയിൽ ‘ലാവപ്പാറ’യുടെ കാഠിന്യം കൂടുകയും ചെയ്തു. മാത്രവുമല്ല, ലാവയുടെ ചൂടിൽ പർവതത്തിനു മുകളിലെ മരങ്ങളും പുല്ലുമെല്ലാം നശിച്ചു പോയി. 

അങ്ങനെയിരിക്കെയാണ് വൻതോതിൽ മഴ പെയ്തത്. അതോടെ പർവതത്തിനു മുകളിലെ ലാവപ്പാറകളും കല്ലും മണ്ണുമെല്ലാം കുത്തിയൊലിച്ചു താഴേക്കെത്തി. തടയാൻ മരങ്ങളുമുണ്ടായിരുന്നില്ല. താഴ്‌വാരത്തെ മുന്നൂറോളം കുടുംബങ്ങളുടെ മുകളിലേക്കാണ് ഈ മണ്ണും പാറയും വന്നുവീണത്. ഡസൻകണക്കിനു ഗ്രാമങ്ങൾ മണ്ണിടിച്ചിലിൽപ്പെട്ടു. അവയ്ക്കടിയിൽ ഇപ്പോഴും നൂറുകണക്കിനു മൃതദേഹങ്ങളുണ്ടെന്നാണ് ഔദ്യോഗിക വിവരം. ലെംബാട്ടയിൽ ബുധനാഴ്ച വരെ 28 മരണം സ്ഥിരീകരിച്ചു, 44 പേരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. സരോജ ചുഴലിക്കാറ്റ് ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ പ്രദേശമാണ് ഈ ദ്വീപ്. ഏറ്റവുമധികം ബാധിച്ചത് ഫ്ലോർസ് ദ്വീപിനെയും.

വെറും കയ്യാൽ രക്ഷാപ്രവർത്തനം!

ഒരുകാലത്ത് വളരെ അപൂർവമായി മാത്രമേ ട്രോപ്പിക്കൽ സൈക്ലോൺ ഇന്തൊനീഷ്യയിൽ വീശിയടിച്ചിരുന്നുള്ളൂ. എന്നാൽ അടുത്തിടെയായി തുടർച്ചയായി ഇത്തരം ചുഴലിക്കാറ്റുകളുണ്ടാകുന്നുണ്ട്. ‘ആദ്യമായാണ് ഇത്രയേറെ ശക്തമായി ഒരു ട്രോപ്പിക്കൽ സൈക്ലോൺ ഇന്തൊനീഷ്യയിൽ വീശുന്നത്. സാധാരണ കടലിൽ മാത്രം അനുഭവപ്പെടുന്ന ഈ കാറ്റ് ഇത്തവണ കരയിലേക്കു കടന്നതാണു പ്രശ്നമായത്. അതൊരു സാധാരണ സംഭവമായി കാണാനുമാകില്ല. കാലാവസ്ഥാ വ്യതിയാനം ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...’ കർണാവതി പറഞ്ഞു. 

INDONESIA-ETIMOR-FLOODS-DISASTER
PHOTO: Alfred Ike Wurin / AFP

നൂറുകണക്കിനു രക്ഷാപ്രവർത്തകർ ഇപ്പോഴും പല ദുരന്തബാധിത മേഖലകളിലും കയ്യും ചെറിയ പണിയായുധങ്ങളും ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. മൃതദേഹങ്ങൾ ആരുടേതാണെന്നു പോലും തിരിച്ചറിയാൻ പറ്റാത്ത വിധമാണിപ്പോൾ. മണ്ണിനടിയിൽനിന്നെടുക്കുന്ന മൃതദേഹങ്ങൾ മുളകൊണ്ടുള്ള തട്ടുകളിലേക്കു മാറ്റി പ്രത്യേക ഇടങ്ങളിലെത്തിച്ച് മറവു ചെയ്യുന്നത് തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങളും ടൺകണക്കിനു ഭക്ഷണവും മരുന്നുമെല്ലാം മക്കാസ്സർ നഗരത്തിലെത്തിച്ച് ദുരിതബാധിത മേഖലകളിലേക്കു കൊണ്ടുപോകാനുള്ള നീക്കം തുടരുന്നുമുണ്ട്. എന്നാൽ കടൽ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതും പാലങ്ങളും റോഡുകളുമെല്ലാം തകർന്നതും പല മേഖലകളെയും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. 

വിദൂര മേഖലകളിലേക്കു സഹായമെത്തിക്കാൻ ഗതാഗതത്തിനും മറ്റുമായി സ്വകാര്യ കമ്പനികളുടെ സഹായവും തേടിയിട്ടുണ്ട് സർക്കാർ. ഒറ്റപ്പെട്ട ദ്വീപുകളിലേക്ക് ഹെലികോപ്ടറുകളിൽ സഹായമെത്തിക്കുന്നത് ഇപ്പോഴും തുടരുകയാണ്. കൂടുതൽ പൊലീസും സൈനികരും ദ്വീപുകളിലേക്കെത്തുന്നതോടെ രക്ഷാപ്രവർത്തനം സുഗമമാകുമെന്ന പ്രതീക്ഷയിലാണ് ഇന്തൊനീഷ്യ. കപ്പലുകളിലും ഭക്ഷണവും മരുന്നുമെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രസിഡന്റ് ജോക്കോ വിഡോഡോ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഏപ്രിൽ എട്ടോടെ രക്ഷാപ്രവർത്തനം പൂർണമായ തോതിലേക്കെത്തുമെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി തലവൻ ഡോണി മൊണാർഡോയും പ്രത്യാശ പ്രകടിപ്പിച്ചു.

English Summary: Flash Flood, Tropical Cyclone, Strong Winds and Rain-Horror of Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA