ADVERTISEMENT

കൊച്ചി∙ സന്ദീപ് നായരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. സന്ദീപ് നായരിൽ നിന്നു ലഭിച്ച മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകളാണുള്ളത്. ഇത് പൂർണമായി വെളിപ്പെടുത്തുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മൊഴിപ്പകർപ്പ് മുദ്രവച്ച കവറിൽ നൽകാമെന്നും കോടതിയെ അറിയിച്ചു. 

അന്വേഷണത്തിനെതിരായ ഇഡിയുടെ ഹർജി തള്ളണമെന്ന ആവശ്യമാണ് ക്രൈംബ്രാ‍ഞ്ച് കോടതിയിൽ ഉയർത്തിയത്. ഹർജിയിൽ പ്രസക്തമല്ലാത്ത രേഖകൾ നൽകിയതിൽ ഗൂഢലക്ഷ്യങ്ങൾ വ്യക്തമാണ്. അതേസമയം ഇഡിക്കെതിരെ കേസ് എടുത്തതിൽ ക്രൈംബ്രാഞ്ചിന് ഗൂഢ ലക്ഷ്യമില്ല. അന്വേഷണത്തിന്റെ മറവിൽ കേസുമായി ബന്ധമില്ലാത്തവർക്ക് എതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇഡിക്ക് അധികാരമില്ലെന്നും ക്രൈംബ്രാ‍ഞ്ച് കോടതിയിൽ വാദിച്ചു. 

ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഇഡി ഡപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു എന്നുകാണിച്ച് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകൻ സുനിൽകുമാർ ഡിജിപിക്കു പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സന്ദീപിനെ ചോദ്യം ചെയ്യുന്നതിന് സംസ്ഥാന പൊലീസിനെ അനുവദിച്ച് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തവിനെതിരെയും ഇഡി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

English Summary: Crime Branch on Sandeep Nair case with ED in high Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com