ADVERTISEMENT

ന്യൂയോർക്ക് ∙ നിക്ഷേപക സംരംഭകൻ ബിൽ വാങിന് രണ്ട് ദിവസം കൊണ്ടുണ്ടായ നഷ്ടം 20 ബില്യൻ ഡോളർ (ഏകദേശം 1,49,484 കോടി രൂപ). ആധുനിക സാമ്പത്തിക ചരിത്രത്തിൽ ഇത്ര കുറഞ്ഞ സമയത്തിൽ ഒരാൾക്ക് സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമാകാം ഇതെന്നാണ് രാജ്യാന്തര ബിസിനസ് മാധ്യമങ്ങളുടെ വിലയിരുത്തൽ.

2013ൽ ഓഹരി വിപണി ഇടപാടിലൂടെ 200 ദശലക്ഷം ഡോളർ േനടി ഞെട്ടിച്ചാണ്, ഓഹരിവിപണന രംഗത്തു വാങ് ചുവടുറപ്പിച്ചത്. എന്നാൽ 2021 മാർച്ച് അവസാനത്തോടെ അതേ ബിൽ വാങ് വൻതകർച്ചയിലേക്ക് കൂപ്പുകുത്തി. ലോകത്തിലെ ശതകോടീശ്വരരുടെ പട്ടികയിൽ നിന്നും ബിൽ വാങ് രണ്ടു ദിവസത്തിനിടെ പുറത്താകുന്ന കാഴ്ചയാണ് ഇതോടെയുണ്ടായത്.

അതിസമ്പന്നരിൽ പലരും വസ്തു ഇടപാടുകൾ, സ്വർണം ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾ, മികച്ച കമ്പനികളുടെ ഓഹരികൾ, സ്പോർട്സ് ടീമുകൾ, കലാപരമായി വിലയേറിയ ശിൽപങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയിലും വൈവിധ്യവത്കരണത്തിൽ നിക്ഷേപം ഉറപ്പാക്കാറുണ്ട്. എന്നാൽ വാങിന്റെ പണം ഏതാണ്ട് പൂർണമായും ഓഹരി വിപണികളിലായിരുന്നു. അതുകൊണ്ടാണ് രണ്ട് ദിവസത്തിനിടെ ഇത്ര വലിയ നഷ്ടം വാങ്ങിനു സംഭവിച്ചതും.

ബിൽ വാങിന്റെ ആർച്ചിഗോസ് കാപിറ്റൽ മാനേജ്മെന്റിനുണ്ടായ തകർച്ച ആധുനിക സാമ്പത്തിക ചരിത്രത്തിലെ വലിയ തകർച്ചകളിലൊന്നായാണു വിലയിരുത്തുന്നത്. ഇടക്കാലത്ത് 30 ബില്യൻ ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു വാങിന്. തന്റെ ആർച്ചിഗോസ് ഇടപാടുകൾ സംബന്ധിച്ച് ഓഹരിയുടമകളോടു അദ്ദേഹം വെളിപ്പെടുത്തിയുമില്ല. നിക്ഷേപകന് നഷ്ടമുണ്ടാകുന്നതും ലാഭമുണ്ടാകുന്നതും വെളിപ്പെടുത്തുന്നതിൽനിന്നും വാങ് പലപ്പോഴും ഒഴിഞ്ഞു മാറിയിരുന്നു.

തന്റെ പദവിയോ തിരിച്ചറിയാനാവശ്യമായ വിവരങ്ങളോ പോലും വാങ് നിക്ഷേപകർക്കു മുന്നിൽ വെളിപ്പെടുത്തിയില്ല. 100 ബില്യൻ ഡോളറിന്റെ വായ്പ ഇടപാടുമായി ബന്ധപ്പെട്ട് ആർച്ചിഗോസ് പ്രതിസന്ധിയിലായിരിക്കുന്നുവെന്ന് മാർച്ച് 26നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപകർ അറിഞ്ഞത്. അപ്പോൾ മാത്രമാണ് ബിൽ വാങ് ആരാണ് എന്ന ചോദ്യം പോലും ഇവരിൽ പലരും ഉയർത്തിയതും.

ആർച്ചിഗോസിന്റെ പേരിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്ത തുക വിപണിയിൽ ഇറക്കിവന്നത് ബിൽ വാങ്ങായിരുന്നു. വാങിന് വായ്പ നൽകിയ ക്രെഡിറ്റ് സ്വിസ് ഗ്രൂപ്പ് എജിയും നോമുറ എന്ന ജപ്പാൻ ബാങ്കുമാണ് വാങ്ങിന്റെ നഷ്ടചരിത്രത്തിനൊപ്പം കനത്ത പ്രതിസന്ധിയിലായത്. നോമുറ ഹോൾഡിങ്സിന് മാത്രം 2 ബില്യൻ ഡോളറാണ് നഷ്ടം. ഏകദേശം 16 ശതമാനമാണ് നോമുറയുടെ ഓഹരിവില ഇടിഞ്ഞത്. ക്രെഡിറ്റ് സ്വിസിന് 14 ശതമാനമെങ്കിലും വിലയിടിഞ്ഞതായാണ് സൂചന. ഇത് ഏകദേശം 4.7 ബില്യൻ ഡോളർ വരും.

പ്രശസ്ത ഹെഡ്ജ് ഫണ്ടായ ടൈഗർ മാനേജ്മെന്റിൽ തുടക്കം കുറിച്ച വാങ് കൂടുതലും ടെക് ഓഹരികളിലാണ് നിക്ഷേപമുറപ്പിച്ച് മുന്നേറിയത്. യുഎസ് മാധ്യമ ഭീമനായ വയാകോം സിബിഎസ് ഓഹരിവിലയിടിഞ്ഞതാണ് വാങ്ങിന്റെ ആർച്ചിഗോസിനെ വമ്പൻ പ്രതിസന്ധിയിലാക്കിയതെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം വാങ് ഓഹരി വാങ്ങിക്കൂട്ടിയ ചില ചൈനീസ് ടെക് ഓഹരികളും ഇടിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി.

ഇതോടെ ആർച്ചിഗോസുമായി ബന്ധപ്പെട്ട ഓഹരികൾ വൻതോതിൽ വിറ്റഴിക്കപ്പെട്ടു. വയാകോം സിബിഎസ്, ഡിസ്കവറി എന്നിവയ്ക്കൊപ്പം ചൈനീസ് ടെക് കമ്പനികളായ ബെയ്ഡു, ജിഎസ്എക്സ് ടെക്എജ്യു തുടങ്ങിയവയിലും വാങ്ങിന് നിക്ഷേപങ്ങൾ ഉണ്ടായിരുന്നു. 2020 ൽ 30 ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തിയ ശേഷമാണ് ആർച്ചിഗോസ് ഓഹരികൾ ഈ വർഷം മാർച്ചിൽ കുത്തനെ ഇടിഞ്ഞതും.

തനതു നിക്ഷേപങ്ങൾക്കുപരിയായി വൻതോതിൽ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പ ലഭ്യമാക്കി നിക്ഷേപിക്കുന്ന രീതിയായിരുന്നു വാങ്ങിന്റേത്. നിക്ഷേപങ്ങൾ ഏറെയും ഓഹരിവിപണിയിൽ തന്നെയായതിനാൽ അത്തരം വായ്പകൾ ഇനി തിരിച്ചുപിടിക്കാനാകില്ലെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ശതകോടീശ്വരനായിരുന്നെങ്കിലും അതിസമ്പന്നർ പൊതുവേ പിന്തുടരുന്നതു പോലെ വമ്പൻ മാളിക പണിയാനോ വാങ്ങാനോ, സ്വകാര്യ വിമാനം വാങ്ങാനോ വാങ് തയാറായിരുന്നില്ല. വിചിത്രമായ ജീവിതരീതിയായിരുന്നു വാങിന്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മതവിശ്വാസങ്ങൾ ഏറെ മുറുകെപ്പിടിച്ചു ജീവിക്കുന്നതിനൊപ്പം മറുവശത്ത് ഓഹരിവിപണിയിൽ ചൂതാട്ടക്കാരന്റേതുപോലുള്ള ജീവിതവും നയിച്ചു. കൊറിയയിൽ ജനിച്ച വാങ് വാൾസ്ട്രീറ്റിലാണ് പ്രധാനമായും നിക്ഷേപക സംരംഭം നടത്തി വന്നത്.

Content Highlights: Bill Hwang's Archegos Capital Management failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com