ADVERTISEMENT

തിരുവനന്തപുരം∙  ഡോളർ കടത്തു കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻറെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തി. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിൽ ഇന്നലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.  സ്പീക്കറുടെ ഓഫിസ് ഇക്കാര്യം സ്ഥീരീകരിച്ചു. പറയാനുള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായി ഓഫിസ് വ്യക്തമാക്കി. ഇന്നലെ സ്പീക്കറെ വിളിച്ച് അനുവാദം ചോദിച്ചശേഷമാണ് ഉദ്യോഗസ്ഥരെത്തിയത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിച്ചശേഷം ഉദ്യോഗസ്ഥർ മടങ്ങി. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥർ വസതിയിലുണ്ടായിരുന്നു.

വ്യാഴാഴ്ച കൊച്ചി ഓഫിസിലെത്താൻ കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാൻ കഴിയില്ലെന്നു സ്പീക്കർ അറിയിച്ചിരുന്നു. വിശ്രമത്തിലായതിനാലാണ് നേരിട്ടു കണ്ട് മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. തുടർച്ചയായി മൂന്നു തവണ ഹാജരാകാത്തതിനാൽ കോടതിയെ സമീപിക്കേണ്ടി വരുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. പൊന്നാനിയിലെ സ്ഥാനാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ന് സ്പീക്കർക്ക് കോവിഡ് ടെസ്റ്റ് നടത്തും. കടുത്ത പനിയുമായാണ് സ്പീക്കർ തിരുവനന്തപുരത്തെത്തിയത്.

സ്വർണക്കടത്തു കേസ് പ്രതി സ്വപ്നയുടെയും സന്ദീപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ മൊഴിയെടുത്തത്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളർ കടത്തിയെന്നും ഗൾഫിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്നുമാണ് ഇരുവരുടേയും മൊഴി. ഡോളര്‍ അടങ്ങിയ ബാഗ് പി. ശ്രീരാമകൃഷ്ണന്‍ കൈമാറിയതായി സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ പണമടങ്ങിയ ബാഗ് നല്‍കിയിട്ടില്ലെന്ന് ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിനെ അറിയിച്ചു.

യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റിൽ മസ്കത്ത് വഴി കയ്റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന കേസിലാണു സ്പീക്കറോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്. വ‍‍ടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പാർപ്പിട പദ്ധതി കരാറിനായി യൂണിടാക് ബിൽഡേഴ്സ് നൽകിയ 3.8 കോടി രൂപയുടെ കോഴപ്പണത്തിലെ ഒരു ഭാഗം യുഎസ് ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കേസ്.

English Summary: Speaker P Sreeramakrishnan questioned by Customs in dollar smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com