ADVERTISEMENT

പാലക്കാട്∙ മാരക ലഹരിമരുന്നായ എംഡിഎംഎ (മെത്തഡിൻ ഡയേ‍ാക്സിൻ മെത്താഫെറ്റാമിൻ) യുവതീയുവാക്കൾ മുഖേന വൻതേ‍ാതിൽ കേരളത്തിൽ തുടർച്ചയായി എത്തിച്ചു വിറ്റഴിക്കുന്നതിന് പിന്നിൽ ആഫ്രിക്കൻ വംശജന്റെ നേതൃത്വത്തിൽ ബെംഗളൂരു കേന്ദ്രമാക്കിയുള്ള റാക്കറ്റ്. നർക്കേ‍ാട്ടിക് കൺട്രേ‍ാൾ‍ബ്യൂറോയുടെ (എൻസിബി) സഹായത്തേ‍ാടെ എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ഈ വൻസംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്. കണ്ടാലറിയാവുന്ന ആഫ്രിക്കൻ വംശജനിൽനിന്നാണ് സാധനം വാങ്ങിയതെന്നാണ് അറസ്റ്റിലായവരെല്ലാം നൽകുന്ന മെ‍ാഴി. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും സംഘം ഇടപാട് നടത്തുന്നുണ്ടെങ്കിലും കൂടുതൽ വിൽപന കേരളത്തിലാണെന്നാണ് ആ സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധസെല്ലുകളുടെ നിഗമനം. 

ലോക്ഡൗണിനു ശേഷം ആദ്യമാസങ്ങളിൽ കഞ്ചാവാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വലിയതേ‍ാതിൽ എത്തിയിരുന്നതെങ്കിൽ  6 മാസമായി എംഡിഎംഎയാണ് കൂടുതൽ. കഞ്ചാവ് എത്തിക്കാനും സൂക്ഷിക്കാനുമുളള ബുദ്ധിമുട്ടില്ലെന്നതും വൻലാഭവുമാണ് മാരകമായ ഈ ലഹരിമരുന്നിന്റെ കച്ചവടത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്. എത്ര മികച്ച രീതിയിൽ ഒളിപ്പിച്ചാലും കഞ്ചാവിന്റെ ഗന്ധം തടയാൻ കഴിയില്ല. ട്രെയിനുകളിൽ അധികൃതർ പരിശേ‍ാധന നടത്തുന്നതുപേ‍ാലും കഞ്ചാവിന്റെ ഗന്ധംപിടിച്ചാണ്. 

Party-Drug-Methamphetamine
Representative Image

കെ‍ാല്ലം, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽനിന്നു ബെംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ ഉപയേ‍ാഗിച്ച് പ്രധാനമായും ഡിജെ പാർട്ടികൾക്കും റിസേ‍ാർട്ടുകൾക്കുമാണ് എംഡിഎംഎ വിതരണം. മെത്ത്, എം എന്നീ പേരുകളിലാണ് റാക്കറ്റിനുളളിൽ ഇത്  അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കെ‍ാച്ചിയിൽ അറസ്റ്റിലായവരും ശൃംഖലയുടെ ഭാഗമാണെന്ന് നർക്കേ‍ാട്ടിക് ബ്യൂറേ‍ാ സംശയിക്കുന്നു. കടത്തിക്കൊണ്ടുവരുന്നവരും ഈ ലഹരിമരുന്നിന്റെ അടിമകളാണെന്ന് എക്സൈസ് സിഐയും ലഹരി വിരുദ്ധസെൽ സംസ്ഥാന നേ‍ാഡൽ ‍ഒ‍ാഫിസറുമായ പി.കെ. സതീഷ് പറഞ്ഞു. 

കഴിഞ്ഞദിവസം വാളയാറിൽ പിടിയിലായ ഏറണാകുളം സ്വദേശി വിദ്യാർഥി ബെംഗളൂരുവിൽ പ്രമുഖ മാനേജ്മെന്റ് കേ‍ാളജിൽ ബിബിഎ വിദ്യാർഥിയാണ്. പ്ലസ് ടുവിന് 98% മാർക്ക് നേടിയിട്ടുണ്ട് ഇയാൾ. കടത്തിന് പെൺകുട്ടികളും സജീവമാണ്. ഇവരെ റാക്കറ്റ്  പലവിധത്തിൽ ദുരുപയേ‍ാഗം ചെയ്യുന്നതായും അറസ്റ്റിലായവരുടെ മെ‍ാഴിയിൽനിന്നു അധികൃതർക്ക് ബേ‍ാധ്യമായി. കേ‍ാവിഡിനെ തുടർന്ന് പഠനം താളംതെറ്റുകയും സാമ്പത്തിക ബുദ്ധിമുട്ട് വർധിക്കുകയും ചെയ്തതേ‍ാടെയാണ് യുവതീയുവാക്കൾ പലരും എംഡിഎംഎ കടത്തിന്റെ കണ്ണികളായതെന്ന് എക്സൈസ് ഇന്റലിജൻസ് നിരീക്ഷിക്കുന്നു. ഇതു ശരിവയ്ക്കുന്നതാണ് അറസ്റ്റിലായവരുടെ മെ‍ാഴികളും. യുവാക്കൾക്കിടയിൽ അപകടകരമായ സ്ഥിതിയാണ് ഉള്ളതെന്നും അധികൃതർ പറയുന്നു. 

പിടികൂടുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ നേരിട്ടുവിളിച്ച് കുറ്റത്തിന്റെ ഗൗരവം ബേ‍ാധ്യപ്പെടുത്താനും എക്സൈസ് ശ്രമിക്കുന്നുണ്ട്. കടത്തിന്റെ പ്രധാന വഴിയായ വാളയാർ കേന്ദ്രീകരിച്ച് മൂന്നു മാസം കെ‍ാണ്ട് 6 കേസുകളിലായി 350 ഗ്രാം മെത്താണ് പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ  6 കോടിയിലധികം രൂപ വില വരും. ഒരു ഗ്രാമിന് 1000 രൂപയാണ് ബെംഗളൂരുവിൽ ആഫ്രിക്കൻ സംഘത്തിന് നൽകേണ്ടതെങ്കിൽ കേരളത്തിൽ 6000 മുതൽ 8000 രൂപയ്ക്കുവരെയാണ് അതു വിൽക്കുന്നത്. ദുബായിൽ ഗ്രാമിന് 1000 ഡേ‍ാളറാണ് വില. 10 ഗ്രാം കഞ്ചാവിന് ഇപ്പേ‍ാൾ 2000 രൂപയാണെങ്കിൽ അതേ അളവ് എംഡിഎംഎക്ക് 50,000 രൂപവരെ ഈടാക്കുന്നുണ്ട്. ഡിജെ പാർട്ടിയിൽ ഇത് മദ്യത്തിൽ കലർത്തിയും നൽകുന്നുണ്ട്.

1200-drug-mafia-racket

എംഡിഎംഎയുടെ കടത്തും വിതരണത്തിനുമെതിരെയുള്ള നടപടികൾക്ക് എ‍ക്സൈസ് കമ്മിഷണർ എഡിജിപി എസ്.ആനന്ദകൃഷ്ണൻ തമിഴ്നാട്, കർണാടക ഡ‍ിജിപിമാരുടെ സഹായംതേടി. തുടർ നടപടികൾ അടുത്തദിവസം ആരംഭിക്കും. കഞ്ചാവിനേക്കാൾ നാലിരട്ടി അപകടകാരിയാണ് മെത്ത് എന്ന് ലഹരിവിരുദ്ധസെൽ പറയുന്നു. കുറഞ്ഞസമയം കെ‍ാണ്ട് ഇത് യുവാക്കളുടെ മാനസിക നില തകരാറിലാക്കുന്ന  സ്ഥിതിവിശേഷം ഉണ്ടാക്കും. എത്രചെറിയ അളവിലും കെ‍ാണ്ടുവരാമെന്നതിനാൽ സൂക്ഷിക്കാനും എളുപ്പമാണ്. വാളയാറിൽ ശരാശരി നാലുമണിക്കൂറാണ് എക്സൈസ് പരിശേ‍ാധന. ബാക്കിസമയങ്ങളിൽ ഇതുവഴി വൻതേ‍ാതിൽ ലഹരിമരുന്ന് കടന്നുപേ‍ാകുന്നതായാണ് അധികൃതരുടെ വിലയിരുത്തൽ. 

സുഗന്ധദ്രവ്യനിർമാണത്തിന് ഉപയേ‍ാഗിക്കുന്ന ഫ്യൂഡേ‍ാ എഫ്രഡ്രീൻ എന്ന രാസമരുന്നാണ് എംഡിഎംഎയുടെ പ്രധാന ഘടകമെന്ന് അധികൃതർ പറഞ്ഞു. ഇതിനെ‍ാപ്പം പൗഡറിൽ ചേർക്കുന്ന ടാൽക് പെ‍ാടിയും കലർത്തും. എഫ്രഡ്രീൻ കൈവശംവയ്ക്കാനും കടത്താനും കേന്ദ്രസർക്കാർ ലൈസൻസ് നിർബന്ധമാണ്. ലഹരിമരുന്ന് വൻതേ‍ാതിൽ ബെംഗളൂരുവിൽതന്നെ നിർമിക്കുന്നതായാണ് ഇപ്പേ‍ാഴത്തെ വിവരം. ആഫ്രിക്കൻ വംശജന്റെ നേതൃത്വത്തിലുള്ള റാക്കറ്റിന് ഗോവ, കെ‍ാൽക്കത്ത, ഛത്തിസ്ഗഡ്, അസം എന്നിവിടങ്ങൾ ബന്ധിപ്പിച്ച് ശക്തമായ വിപണന–വിതരണ ശൃംഖലയുമുണ്ട്.

0.5 ഗ്രാമിന് 10 വർഷം കഠിതടവ്!

എംഡിഎംഎ ലഹരിമരുന്നിന്റെ മാരകശേഷിപേ‍ാലെ അതു കടത്തുന്നവരെ കാത്തിരിക്കുന്നതും കഠിനശിക്ഷയും പിഴയും. 0.5 ഗ്രാമിൽകൂടുതൽ കൈവശംവയ്ക്കുന്നവർക്ക് ലഹരികടത്ത് നിരേ‍ാധന നിയമനുസരിച്ച് കുറഞ്ഞത് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 50 ഗ്രാമിന് കുറഞ്ഞത് 20 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും.

English Summary: MDM Ecstasy Drug Racket Active in Kerala, Bengaluru is the Main Source

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com