ADVERTISEMENT

തൃശൂര്‍∙ ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസം. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥിയാണ് അമൽ. പഠിക്കാന്‍ മിടുക്കന്‍. വീട്ടിലും നല്ല പെരുമാറ്റം.  കാണാതായ ദിവസം അമ്മയുടെ കൂടെ ബാങ്കിലേക്ക് പോയതായിരുന്നു അമൽ. 

അമ്മ, ബാങ്കിനകത്ത് പോയി പുറത്തുവന്നപ്പോള്‍ മകനെ കാണാനില്ല. പരിസരത്താകെ തിരഞ്ഞു. കാണാതായപ്പോള്‍ പൊലീസിനെ വിവരമറിയിച്ചു. അവസാനം, സിസിടിവിയില്‍ പതിഞ്ഞത് തൃപ്രയാറിലായിരുന്നു. പിന്നെ, ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. ഒരു മാസത്തെ കോള്‍ വിവരങ്ങൾ എടുത്തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല.

ഓണ്‍ലൈന്‍ ഗെയിം ?

അമലിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നു. സ്കോളര്‍ഷിപ്പ് തുക ഈ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയപ്പോള്‍ പലയിടത്തു നിന്നായി കിട്ടിയ കാഷ് അവാര്‍ഡുകളും ഈ അക്കൗണ്ടിലായിരുന്നു. പതിനായിരം രൂപയോളം പേടിഎം വഴി രണ്ട് അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിം കളിക്കാനായിരുന്നു ഈ തുക ഉപയോഗിച്ചതെന്ന് സൂചനയുണ്ട്. ഈ തുക നഷ്ടപ്പെട്ട വിവരം അറിഞ്ഞാല്‍ രക്ഷിതാക്കള്‍ വഴക്ക് പറയുമോയെന്ന പേടി ഉണ്ടായിരുന്നതായും സംശയിക്കുന്നു.

ഇട്ട ഡ്രസും മൊബൈലും കൈവശം

വീട്ടുമുറ്റത്ത് ഊഞ്ഞാലാടുമ്പോഴായിരുന്നു അമ്മ മകനെ ബാങ്കില്‍ പോകാന്‍ കൂടെവിളിച്ചത്. ഇട്ട വേഷത്താലെ അമ്മയോടൊപ്പം പോയി. വീട്ടിലിടുന്ന ചെരിപ്പായിരുന്നു കാലില്‍. ബാങ്കിന് പുറത്ത് കാത്തുനില്‍ക്കാന്‍ അമ്മ പറഞ്ഞു. പാസ് ബുക്ക് പതിച്ച ശേഷം അമ്മ മടങ്ങി വന്നപ്പോഴാണ് മകനെ കാണാതായത്.

ഇന്‍സ്റ്റഗ്രാമില്‍ ആശയവിനിമയം

ഇന്‍സ്റ്റഗ്രാമിലും ടെലഗ്രാമിലുമായിരുന്നു സുഹൃത്തുക്കളുമായി അമല്‍ കൂടുതല്‍ സംസാരിച്ചിരുന്നത്. അതുക്കൊണ്ടുതന്നെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച് സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമലിന്റെ ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണ്. വാടാനപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബം നല്‍കിയ പരാതിയില്‍ റൂറല്‍ എസ്പി ജി.പൂങ്കുഴലിയും നേരിട്ട് അന്വേഷിക്കുന്നുണ്ട്.

English Summary : No details get after 3 weeks of student missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com