ADVERTISEMENT

വാഷിങ്ടൻ∙ തോക്കിന്മുനയിൽ കറുത്ത വർഗക്കാരനായ സൈനിക ഉദ്യോഗസ്ഥനെ രണ്ടു പൊലീസുകാർ കീഴ്പ്പെടുത്തുകയും മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റായ വിർജീനിയയുടെ ഗവർണർ. ലഫ്. കരോൺ നസാറിയോയ്ക്ക് ഏൽക്കേണ്ടിവന്ന ദുരനുഭവം വെളിച്ചത്തുവന്നത് ഇതു സംബന്ധിച്ച വിഡിയോ പുറത്തുവന്നതിനെത്തുടർന്നാണ്.

സൈനിക വേഷം ധരിച്ച് പുതിയതായി വാങ്ങിയ എസ്‌യുവിയുമായി പോകവെയാണു പൊലീസുകാർ ലാറ്റിനോ വംശജൻകൂടിയായ നസാറിയോയെ തടഞ്ഞത്. കാറിനു സ്ഥിരമായ ലൈസൻസ് പ്ലേറ്റ് ഇല്ലാതിരുന്നതാണു കാരണമായി പൊലീസുകാർ പറയുന്നത്. വിർജീനിയ നാഷനൽ ഗാർഡിന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ നസാറിയോ ഡ‍ിസംബർ അഞ്ചിനു വീട്ടിലേക്കു പോകുംവഴിയായിരുന്നു സംഭവം. അതേസമയം, സംഭവത്തിനുശേഷം കുറ്റം ചാർത്താതെ നസാറിയോയെ വിടുകയും ചെയ്തു.

പൊലീസുകാരുടെ ശരീരത്തു ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളിൽനിന്നും നസാറിയോയുടെ ഫോണിൽനിന്നുമുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞയാഴ്ച അവസാനം പ്രചരിച്ചത്. തനിക്കുണ്ടായ നഷ്ടത്തിന് 10 ലക്ഷം യുഎസ് ഡോളർ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നസാറിയോ ഏപ്രിൽ രണ്ടിന് കോടതിയിൽ ഹർജി നൽകിയിരുന്നു. സംഭവത്തെക്കുറിച്ചു പുറത്തുപറഞ്ഞാൽ നസാറിയോയുടെ ജോലി തെറിപ്പിക്കുമെന്ന ഭീഷണിയും അവർ ഉയർത്തി.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വിർജീനിയ ഗവർണർ റാൽഫ് നോർത്തം നിർദേശം നൽകി. സ്വതന്ത്ര അന്വേഷണം വേണമെന്നും ദൃശ്യങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Probe ordered after US police pepper-spray Black soldier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com