ADVERTISEMENT

തിരുവനന്തപുരം∙ ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എൻ.നാരായണൻ നായർ (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച.

1969 മുതൽ 1988 വരെ ലോ അക്കാദമി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. കേരള സർവകലാശാലയിൽ നിന്ന് നിയമത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയത് നാരായണൻ നായരാണ്. സർവകലാശാലയിൽ ഏറ്റവുമധികം കാലം സിൻഡിക്കേറ്റ് അംഗവും സെനറ്റ് അംഗവുമായി പ്രവർത്തിച്ച റെക്കോർഡും അദ്ദേഹത്തിന്റേതാണ്. ബാർ കൗൺസിൽ ഓഫ് കേരള അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചു. കൊച്ചിയിൽ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കാളിത്തം വഹിച്ചു.

പരേതയായ കെ. പൊന്നമ്മയാണ് ഭാര്യ. മക്കൾ: രാജ് നാരായണൻ, ടെലിവിഷൻ അവതാരക ഡോ. ലക്ഷ്മി നായർ (ഡയറക്ടർ, സെന്റർ ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച്), അഡ്വ. നാഗരാജ് നാരായണൻ (സ്പെഷൽ ഗവൺമെന്റ് പ്ലീഡർ, ഫോറസ്റ്റ്). മരുമക്കൾ : സുധാമണി, അഡ്വ. നായർ അജയ് കൃഷ്ണൻ, അഡ്വ. കസ്തൂരി. സഹകരണ ബാങ്ക് സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻനായർ സഹോദരനാണ്.

മുഖ്യമന്ത്രി അനുശോചിച്ചു

കേരള ലോ അക്കാദമി ലോ കോളജ് സ്ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളത്തിന്റെ നിയമപഠന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണൻ നായർ. ജീവിതകാലം മുഴുവൻ നിയമപഠനത്തിന്റെ പുരോഗതിക്കും അത് കൂടുതൽ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു.

സാമൂഹിക പ്രശ്നങ്ങളിൽ നാരായണൻ നായർ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമപഠനമേഖലക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണൻ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: N Narayanan Nair passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com