ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ഡൽഹി എയിംസിൽ ചികിൽസ തേടുന്നവരിൽ 90 ശതമാനവും കോവിഡ് പോസിറ്റീവാണെന്ന് എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു. ഡോക്ടർമാർക്കു പിന്നാലെ നിരവധി നഴ്സുമാർക്കും നഴ്സിങ് അസിസ്റ്റന്റുമാർക്കും കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ എയിംസിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

നഗരത്തിലെ മറ്റ് ആശുപത്രികളും കേന്ദ്ര മന്ത്രി സന്ദർശനം നടത്തും. നഗരത്തിൽ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ വാരാന്ത്യ കർഫ്യൂവിനു പിന്നാലെ 10 മുതൽ 12 ദിവസമെങ്കിലും നീളുന്ന ലോക്‌ഡൗൺ നഗരത്തിൽ ഏർപ്പെടുത്തുകയാകും ഉചിതമെന്ന് എയിംസിലെ മുഖാമുഖത്തിൽ ചില ഡോക്ടർമാർ കേന്ദ്ര മന്ത്രിയോട് അഭിപ്രായപ്പെട്ടു. എയിംസിലെ വിവിധ വിഭാഗങ്ങളിൽ കോവിഡ് ചികിൽസയിലായവരെ സന്ദർശിച്ച ശേഷമാണ് കേന്ദ്ര ആരോഗ്യ മന്ത്രി മടങ്ങിയത്.

പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ചെ 6 വരെയാണ് നിയന്ത്രണം. ലോക്ഡൗൺ ഏർപ്പെടുത്താതെ കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ. പൊതുസ്ഥലങ്ങളിലെ തിരക്കു കുറയ്ക്കാൻ ഏർപ്പെടുത്തിയ നടപടി കർശനമായി നടപ്പാക്കാനാണു നിർദേശം. മുഖാവരണം ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകി. വാരാന്ത്യ കർഫ്യുവിലെ മറ്റു നിർദേശങ്ങൾ ചുവടെ പറയുന്നു.

ഇവ പ്രവർത്തിക്കില്ല

∙ ഷോപ്പിങ് മാൾ, ജിംനേഷ്യം, സ്പാ, ഓഡിറ്റോറിയം, അസംബ്ലി ഹാൾ, എന്റർടെയ്ൻമെന്റ് പാർക്ക്
∙ സിനിമ ഹാൾ, മൾട്ടിപ്ലക്സ് എന്നിവയിൽ 30 ശതമാനം സീറ്റ് മാത്രം അനുവദിക്കും
∙ ഒരു മേഖലയിൽ ഒരു ആഴ്ചച്ചന്ത മാത്രം. ഇതിൽ തീരുമാനമെടുക്കാനുള്ള അനുമതി മുനിസിപ്പൽ കമ്മിഷണർക്ക്.

ഇളവു ലഭിക്കുന്നവർ

∙ ആരോഗ്യമേഖലയിലും മറ്റും ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, പൊലീസ്, ജയിൽ ഉദ്യോഗസ്ഥർ, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് ജീവനക്കാർ, അഗ്നിശമന ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടം, പേ– അക്കൗണ്ട് ഓഫിസ്, വൈദ്യുതി, ജലവിതരണം, ശുചീകരണ വിഭാഗങ്ങളിലെ ജീവനക്കാർ, എൻഐസി, എൻസിസി, മുനിസിപ്പൽ സർവീസുകൾ, മറ്റ് അവ‌ശ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കു തിരിച്ചറിയൽ കാർഡ് കാട്ടി ഇളവ് നേടാം. സർക്കാർ സേവനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണം.
∙ കോടതി ജീവനക്കാർ
∙ മാധ്യമപ്രവർത്തകർ
∙ ഡോക്ടർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കും ആശുപത്രി, ആരോഗ്യപരിശോധനാ കേന്ദ്രങ്ങൾ, ക്ലിനിക്, ഫാർമസി, മരുന്നു കമ്പനി, മറ്റു ആരോഗ്യ മെഡിക്കൽ സേവനങ്ങൾ എ‌ന്നിവർക്കും ഇളവ്
∙ ഗർഭിണികൾ, രോഗികൾ എന്നിവർക്കു വൈദ്യ സേവനം ലഭ്യമാക്കാൻ ഇളവ്
∙ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ഐഎസ്ബിടി എന്നിവിടങ്ങളിൽ നിന്നു വരികയും പോകുകയും ചെയ്യുന്നവർ ടിക്കറ്റ് കാട്ടിയാൽ ഇളവ് ലഭിക്കും.
∙ വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ, ഭരണഘടനാ സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കും തിരിച്ചറിയൽ കാർഡ് കാട്ടിയാൽ അനുമതിയുണ്ട്.

മെട്രോയും ബസും?
∙ മെട്രോ, ഡിടിസി ബസുകൾ, ഓട്ടോ, ടാക്സി എന്നിവയെല്ലാം സർവീസ് നടത്താം. യാത്രാ അനുമതിയുള്ളവർക്കു മാത്രമേ പ്രവേശനമുള്ളൂ. ഇ–പാസും മറ്റു തിരിച്ചറിയൽ കാർഡുകളും ഹാജരാക്കണം.

ഇ–പാസ് അനുവദിക്കുന്നവർ

∙ പഴം, പാൽ, പച്ചക്കറി, പലചരക്കു വിൽപന കേന്ദ്രങ്ങൾ, ഇറച്ചി–മത്സ്യ മാർക്കറ്റുകളിൽ പ്രവർത്തിക്കുന്നവർ, മരുന്നു കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് ഇ–പാസ് ലഭിക്കും
∙ ടെലികോം, ഇന്റർനെറ്റ് സേവനകമ്പനികൾ, ബ്രോഡ്കാസ്റ്റിങ് കമ്പനികൾ, കേബിൾ സർവീസ്, ഐടി ജീവനക്കാർ എന്നിവർക്കും ഇ–പാസ് ലഭിക്കും.
∙ പെട്രോൾ പമ്പ്, എൽപിജി, സിഎൻജി, പ്രകൃതി വാതകം എന്നിവയുടെ വിതരണ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ
∙ പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനങ്ങളിലെ ജീവനക്കാർ
∙ അവശ്യവസ്തുക്കളുടെ നിർമാണ കമ്പനികൾ
∙ കോവിഡ് വാക്സിനേഷനു വേണ്ടി ആശുപത്രികളിലേക്കു പോകുന്നവർ

Covid delhi situation
കോവിഡ് കേസുകൾ വർധിക്കുകയും നിയന്ത്രണങ്ങൾ സർക്കാർ കടുപ്പിക്കുകയും ചെയ്തതോടെ സ്വദേശങ്ങളിലേക്കു മടങ്ങാതെ മറ്റു മാർഗമില്ലാത്ത സാഹചര്യത്തിലാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ. ദിവസേന ഒട്ടേറെപ്പേരാണു സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. ആനന്ദ് വിഹാറിൽ നിന്നുള്ള ദൃശ്യം. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ഇ–പാസ് എങ്ങനെ?

∙ www.delhi.gov.in എന്ന സർക്കാർ വെബ്സൈറ്റിൽ തിരിച്ചറിയൽ കാർഡും മറ്റു വിവരങ്ങളും നൽകി ഇ–പാസിന് അപേക്ഷിക്കാം. ജില്ലാ കലക്ടർമാർക്കാണ് ഇ–പാസ് നൽകാനുള്ള അധികാരം. ഇതിന്റെ ഹാർഡ്, സോഫ്റ്റ് കോപ്പികൾ കയ്യിൽ കരുതണം.

വാരാന്ത്യ കർഫ്യു ഏങ്ങനെ?

പ്രതിദിന കോവിഡ് കേസുകൾ പിടിവിട്ടുയർന്നതോടെ തലസ്ഥാന നഗരത്തിൽ ‘വാരാന്ത്യ കർഫ്യു’ ഏർപ്പെടുത്തി. വെള്ളിയാഴ്ച രാതി 10 മുതൽ തിങ്കളാഴ്ച്ച പുലർച്ചെ 6 വരെയാണു നിയന്ത്രണങ്ങൾ. ആവശ്യസേവനങ്ങൾ മാത്രം അനുവദിക്കും. മറ്റു ദിവസങ്ങളിൽ രാത്രികാല കർഫ്യുവും തുടരും. ബുധനാഴ്ച ഡൽഹിയിൽ 17,282 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെയാണു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം. ഈ മാസം 30 വരെയാണ് നിയന്ത്രണങ്ങൾ. അതേസമയം സംസ്ഥാനത്തെ ആശുപത്രികളിൽ കിടക്കയില്ലാത്ത സാഹചര്യമില്ലെന്നും 5000ത്തിലേറെ കിടക്ക സർക്കാർ ആശുപത്രികളിൽ ഒഴിവുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.

∙ വിമാനത്താവളങ്ങളിൽ നിന്നുൾപ്പെടെ വരുന്നവർക്കും പോകുന്നവർക്കും കർഫ്യൂ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം.
∙ മുൻകൂർ നിശ്ചയിച്ച വിവാഹ പരിപാടികൾക്കും കർഫ്യൂ പാസ്.
∙ മാളുകൾ, ജിംനേഷ്യങ്ങൾ, ഓഡിറ്റോറിയങ്ങൾ, സ്പാകൾ തുടങ്ങിയവ അടച്ചിടണം.
∙ ഓരോ മേഖലയിലും ഒരു ആഴ്ചച്ചന്ത മാത്രം തുറക്കാം.
∙ സിനിമാശാലകളിൽ 30% കാഴ്ചക്കാർ മാത്രം.
∙ ഹോട്ടലിൽ ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറിയും പാഴ്സലും അനുവദിക്കും.
∙ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ അനുവദിക്കും. എന്നാൽ യാത്രാ ഇളവുള്ളവർക്കു മാത്രമേ പ്രവേശനമുള്ളൂ.
∙ ആശുപത്രി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കു യാത്ര അനുവദിക്കും. എന്നാൽ കർഫ്യൂ പാസ് കാട്ടണം.

English Summary:Harsh Vardhan visits AIIMS New Delhi to assess Coronavirus situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com